4 May 2024, Saturday

എല്‍ഡിഎഫിനൊപ്പമാകും കേരള ജനത

സത്യൻ മൊകേരി
April 25, 2024 4:30 am

ന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളവും, കേരള ജനതയെ സംബന്ധിച്ചിടത്തോളവും നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തികച്ചും നിർണായകമാണ്. രാജ്യത്തിന്റെ, രാജ്യത്തെ ജനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഏതു ദിശയിലാവണം എന്ന് തീരുമാനിക്കപ്പെടുന്നത് ഈ തെരഞ്ഞെടുപ്പിലാണ്. രാജ്യം ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളാണ് തൊഴിലില്ലായ്മ, സാധാരണ മനുഷ്യരുടെ ജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം, കാർഷികോല്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയവ. ഈ പ്രശ്നങ്ങൾ ജനശ്രദ്ധയിൽ നിന്ന് അകറ്റിക്കൊണ്ട് തീവ്രമായ വർഗീയവൽക്കരണവും, വളർച്ചയെക്കുറിച്ചുള്ള വ്യാജമായ പ്രചരണങ്ങളും നടക്കുന്നു. വിഭാഗീയതയും, വർഗീയതയും വളർന്നുവരികയും രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണയാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഓരോ വോട്ടർമാരും അവരുടെ സമ്മതിദാനാവകാശം അങ്ങേയറ്റം അവധാനതയോടെ വിനിയോഗിക്കേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പിൽ ദാരിദ്ര്യം ഒരു മുഖ്യവിഷയം തന്നെയാണ്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന സർക്കാരുകൾ ദാരിദ്ര്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാതെ സമ്പന്നരെ അതിസമ്പന്നരാക്കുന്ന നയങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇതുകാരണം ദരിദ്രർ അതിദരിദ്രരായി മാറ്റപ്പെടുന്നു. പട്ടിണിയും മറ്റ് ദുരിതങ്ങളും സ്വാതന്ത്ര്യം നേടി 76 വർഷങ്ങൾ പിന്നിടുമ്പോഴും നമ്മുടെ രാജ്യത്ത് പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഇതിനെതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പ്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഇടതുപക്ഷ മുന്നണിയുടെ ആവശ്യകത അവിടെയാണ്. 

രാജ്യത്തിനാവശ്യമായ ബദൽ നയങ്ങളാണ് കേരളത്തിൽ അധികാരത്തിൽ തുടരുന്ന ഇടതു സർക്കാർ നടപ്പിലാക്കിവരുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷാ മേഖലകളിൽ ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളിലൂടെ കേരളം നേടിയ പുരോഗതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. എന്നാൽ ആ നയങ്ങളെ എങ്ങനയെങ്കിലും പിന്നോട്ടടിപ്പിക്കാനുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. ആസൂത്രിതമായ വർഗീയ കലാപങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിൽ സൃഷ്ടിച്ച് ആപൽക്കരമായ വർഗീയതയും മതവിദ്വേഷവും വളർത്തി ഭരണത്തുടർച്ചയ്ക്ക് ശ്രമിക്കുകയാണ്. കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേല്പിക്കപ്പെടുന്നു. ഇതിനെതിരെ സാധാരണക്കാരെയും തൊഴിലാളികളെയും ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെയും അശരണരെയും സംരക്ഷിക്കുന്ന നയങ്ങളുമായാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. 

ആരോഗ്യ മേഖല, സാർവത്രികവും സൗജന്യവുമായ റേഷൻ സംവിധാനം, തൊഴിലുറപ്പ് വേതന വര്‍ധന, കാർഷിക പരിരക്ഷ, ഔഷധവില നിയന്ത്രണം എന്നിവയെല്ലാം ഉറപ്പുനൽകുന്നു. പൗരത്വ നിയമ ഭേദഗതി നിയമം, യുഎപിഎ തുടങ്ങിയ കരിനിമയങ്ങൾ റദ്ദാക്കല്‍, സുതാര്യമായ തെരഞ്ഞെടുപ്പ് എന്നിവയും ഉറപ്പു വരുത്തും. എല്ലാ മേഖലകളിലും കടന്നു കയറിയിരിക്കുന്ന കോർപറേറ്റുകൾ തൊഴിലവസരങ്ങൾ പൂർണമായി ഇല്ലാതാക്കുന്ന സ്ഥിതിയാണുള്ളത്. വനിതാസംവരണം പൂര്‍ണതോതില്‍ നടപ്പിലാക്കും. കേന്ദ്ര ആസൂത്രണ കമ്മിഷൻ പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കും. സിപിഐയുടെ പ്രകടന പത്രിക ഇതിനെല്ലാം ഊന്നൽ നൽകുന്നു.
ജനാധിപത്യത്തിന്റെ അടിത്തറ ജനങ്ങൾ തന്നെയാണ്. 1957 മുതൽ ഇന്ത്യക്ക് വഴി കാണിച്ചിട്ടുള്ള കേരളത്തിന്റെ വിധിയെഴുത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഭാവിയിലും നിർണായകമാകും. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണ് മത്സരം. ഇന്ത്യ സഖ്യത്തെ അധികാരത്തിൽ കൊണ്ടുവരികയാണ് എൽഡിഎഫ് നടത്തുന്ന പോരാട്ടത്തിന്റെ ലക്ഷ്യം. കേന്ദ്രമടിച്ചേല്പിച്ച ഉപരോധത്തിന്റെ ഫലമായി സാമ്പത്തിക ഞെരുക്കത്തിൽ അമർന്നപ്പോഴും ഇടതുപക്ഷം ജനങ്ങളെ കൈവിട്ടില്ല. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിനാെപ്പം നില്‍ക്കാതെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് കെെക്കൊണ്ടത്. അതുകൊണ്ട് ജനങ്ങൾക്കൊപ്പം എന്നും നിലകൊള്ളും എന്നതാണ്, ഇളകാത്ത ഗ്യാരന്റി നല്‍കുന്ന എല്‍ഡിഎഫിനൊപ്പമാകും കേരളജനത. ജാതി- മത വ്യത്യാസങ്ങൾക്കെല്ലാം അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാനാണ് എന്നും ഇടതുപക്ഷം നിലകൊള്ളുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.