23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
January 10, 2024
August 6, 2022
August 3, 2022
July 29, 2022
July 19, 2022
June 18, 2022
June 8, 2022
June 4, 2022
June 2, 2022

ജനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചു; ഗോതമ്പ് കയറ്റുമതിയുമായി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2022 8:08 pm

കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്ന ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ച് ഗോതമ്പ് കയറ്റുമതിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് മാസം അഞ്ചുകിലോഗ്രാം വീതം സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിന് മെയ്-സെപ്റ്റംബർ കാലത്തേക്ക് അനുവദിച്ച ഗോതമ്പിന്റെ അളവ് കേന്ദ്രം മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയത് കയറ്റുമതി ലക്ഷ്യമിട്ടാണെന്ന് വ്യക്തമായി.

‘രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ ഗോതമ്പ് കയറ്റുമതി തടയാൻ നീക്കവുമില്ലെന്ന്’ ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉല്പാദക രാജ്യമാണെങ്കിലും ഉഷ്ണതരംഗം വിളകൾക്ക് നാശമുണ്ടാക്കിയതിനെത്തുടർന്ന് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് കുറഞ്ഞത് എട്ട് ദശലക്ഷം ടൺ ഗോതമ്പെങ്കിലും കയറ്റുമതി ചെയ്യാൻ കഴിയുമെന്നും ഇതിനുശേഷമേ കയറ്റുമതി നിയന്ത്രണങ്ങൾ സർക്കാർ പരിഗണിക്കൂവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പല രാജ്യങ്ങളും ഗോതമ്പ് വിതരണം ചെയ്യാൻ പാടുപെടുന്നതിനാൽ ഇന്ത്യൻ കർഷകർ ലോക വിപണിയിൽ ഗോതമ്പ് എത്തിക്കുമെന്ന് ചൊവ്വാഴ്ച, ജർമ്മനിയില്‍ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോഡി തന്നെ പറഞ്ഞിരുന്നു.

അതേ സമയം തന്നെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലൂടെ വിതരണം ചെയ്യാനുദ്ദേശിച്ച 1.82 കോടി ടൺ ഗോതമ്പ് 71 ലക്ഷം ടൺ ആക്കി കുറച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. അനുപാതികമായി 2.16 കോടി ടൺ നെല്ല് 3.27 കോടി ടൺ ആയി ഉയർത്തി. മേയ്-സെപ്റ്റംബർ കാലഘട്ടത്തിൽ കേരളത്തിന് നൽകാനിരുന്ന 15,729 ടൺ ഗോതമ്പ് പൂർണമായും ഒഴിവാക്കി. ഇതിന് പകരമായി അരി നൽകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിന് ഭക്ഷണം നൽകാൻ ഇന്ത്യയ്ക്കു സാധിക്കുമെന്നാണ് പ്രധാനമന്ത്രി മോഡി അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പറഞ്ഞത്. ഇതിനുപിന്നാലെ ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന് ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന വാണിജ്യമന്ത്രി പിയൂഷ് ഗോയലും പറഞ്ഞിരുന്നു.

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ 40 ലക്ഷം മെട്രിക് ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള കരാർ ഇന്ത്യ ഒപ്പിട്ടു. 21–22 ൽ 78 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. നടപ്പ് സാമ്പത്തികവർഷം ഒന്നരക്കോടി ടണ്ണിന്റെ കയറ്റുമതിയാണ് ലക്ഷ്യം. ദീർഘകാല കയറ്റുമതി സാധ്യത കണക്കിലെടുത്താണ് വൻകിട കോർപറേറ്റുകൾ ഈ രംഗത്തേക്ക് ആവേശത്തോടെ കടന്നുവരുന്നത്. വിളവെടുപ്പ് കാലത്ത് കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് സംഭരിച്ച ധാന്യങ്ങളാണ് വൻകിടക്കാർ ആഗോള വിപണിയിലേക്ക് കൂടിയ വിലയ്ക്ക് കയറ്റുമതിചെയ്ത് വൻ ലാഭമുണ്ടാക്കുന്നത്.

ഉഷ്ണതരംഗം ഉല്പാദനം കുറച്ചു

ലോകത്തെ ഗോതമ്പ് ഉല്പാദനത്തിന്റെ 25 ശതമാനവും റഷ്യ, ഉക്രെയ്ൻ രാജ്യങ്ങളിലാണ്. യുക്രെയ്‍നിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി സർവകാല റെക്കോഡ് നേടുകയും ചെയ്തു. വേനലിന്റെ നേരത്തേയുള്ള വരവ് ഗോതമ്പ് ഉല്പാദനത്തെ ബാധിക്കുമെന്ന് വിദഗ്ധർ ആശങ്കപ്പെട്ടിരുന്നു. മാർച്ച് പകുതിയോടെ താപനിലയിൽ പെട്ടെന്നുള്ള വർധനവ് ഫെബ്രുവരിയിലെ 111.3 ടണ്ണിൽ നിന്ന് ഗോതമ്പ് ഉല്പാദന പ്രവചനം 105 ദശലക്ഷം ടണ്ണായി കുറച്ചു.

ഇത്രയും ഗുരുതരമായ സാഹചര്യം നേരിടുമ്പോഴാണ് പട്ടിണി കിടക്കുന്ന ജനങ്ങളെ ഊട്ടുന്നതിനുപകരം അഡാനി ഉൾപ്പെടെയുള്ള കോർപറേറ്റുകൾക്കും വൻകിടകാർക്കും നേട്ടമുണ്ടാക്കാനായി മോഡി സര്‍ക്കാര്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത്.

Eng­lish summary;People’s quo­ta cut; Cen­ter for wheat exports

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.