
‘ഒരു ചരിത്രകാരൻ കൃത്യതയുള്ളവനും ആത്മാർത്ഥനും നിഷ്പക്ഷനും അഭിനിവേശമില്ലാത്തവനും താല്പര്യം, ഭയം, നീരസം അല്ലെങ്കിൽ വാത്സല്യം എന്നിവയാൽ പക്ഷപാതമില്ലാത്തവനുമായിരിക്കണം. സത്യത്തോട് വിശ്വസ്തനായിരിക്കണം. അത് ചരിത്രത്തിന്റെ മാതാവും മഹത്തായ പ്രവൃത്തികളുടെ സംരക്ഷകനും വിസ്മൃതിയുടെ ശത്രുവും ഭൂതകാലത്തിന്റെ സാക്ഷിയും ഭാവിയുടെ സംവിധായകനുമാണ്.’
- ബി ആർ അംബേദ്കർ
സങ്കുചിത രാഷ്ട്രീയത്തിന്റെ കണ്ണടവെച്ച് ചരിത്രത്തെ സമീപിക്കരുതെന്ന് ശഠിച്ച ചരിത്ര പണ്ഡിതനായിരുന്നു ഡോ. എംജിഎസ് നാരായണൻ. കേരള ചരിത്രപഠനങ്ങൾക്ക് അദ്ദേഹം രീതിശാസ്ത്രപരമായ ഒരടിത്തറ പണിതു. ചരിത്രത്തെ കെട്ടുകഥകളിൽ നിന്ന് മോചിപ്പിക്കാൻ പരിശ്രമിച്ച എംജിഎസ് ചരിത്ര രചനയുടെ കൃത്യതയ്ക്ക് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി. നിലപാടുകളിലെ കൃത്യതയും നിർഭയത്വവുമാണ് അദ്ദേഹത്തെ മറ്റ് ചരിത്രകാരൻമാരിൽ നിന്നും വ്യത്യസ്തനാക്കിയത്. കേരളത്തിന്റെ ചരിത്ര ഗവേഷണങ്ങൾക്ക് അതുല്യമായ സംഭവനകൾ നൽകിയ എംജിഎസ് രാഷ്ട്രീയ സാഹചര്യങ്ങളോടും നിരന്തരം കലഹിച്ചു. ചരിത്രകാരന്മാർ ഏതെങ്കിലും പക്ഷം പിടിക്കുന്നതിനെ നഖശിഖാന്തം എതിർത്തു. അങ്ങനെ അദ്ദേഹം ഒരു കള്ളിയിലും ഒതുങ്ങാത്ത ചരിത്രപണ്ഡിതനായി.
കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. തന്റെ ഓരോ പ്രസ്താവനയ്ക്കും നിഗമനങ്ങൾക്കും ഒരുകൂട്ടം തെളിവുകൾ നൽകിക്കൊണ്ട് സാധൂകരണം നൽകുന്ന അദ്ദേഹത്തിന്റെ രചനാശൈലി പിൽക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. ദന്തഗോപുരവാസിയായ ഒരു ചരിത്രാന്വേഷിയായിരുന്നില്ല എംജിഎസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും യുവഗവേഷകരെ വാർത്തെടുക്കുന്നതിനും അദ്ദേഹം എപ്പോഴും പരിശ്രമിച്ചു.
ചരിത്ര ഗവേഷണം ഭൂതകാലത്തെക്കുറിച്ചുള്ള കാല്പനിക പരികല്പനകൾക്ക് ഉപദാനങ്ങൾ കണ്ടെത്തുക എന്നതല്ലെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ തെളിയിച്ചു. കാലം കൊത്തിവെച്ച അടയാളങ്ങളെ താന്താങ്ങളുടെ നിലപാടുകളിലേക്ക് എത്തിക്കുന്നതിനുള്ള മുതലുകൾ എന്ന സമീപനങ്ങളിൽ നിന്നും മാറി നടന്നു. പലപ്പോഴും വസ്തുനിഷ്ഠത അദ്ദേഹത്തെ സ്വയം തന്നെ ആശയകുഴപ്പങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ചു. അപ്പോഴും ചരിത്രത്തോടുള്ള പ്രതിബദ്ധത കൈവിടാതെ സഞ്ചരിച്ചു. തിരുത്തി പറയേണ്ടത് തിരുത്തിപ്പറയാൻ മടികാട്ടിയില്ല. ചരിത്രത്തിൽ അവസാന വാക്കില്ലെന്നും പുതിയ തലമുറ സത്യസന്ധമായി പഠിക്കുകയാണ് വേണ്ടതെന്നും എംജിഎസ് വിശ്വസിച്ചു. തന്റെ ബോധ്യങ്ങൾക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് പ്രതികരിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മടികാണിച്ചില്ല.
ചരിത്ര പഠനങ്ങൾക്ക് ആശ്രയിച്ച ദത്തങ്ങളുടെ ശാസ്ത്രീയമായ തെരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമാണ വൈപുല്യം കൊണ്ടും യുക്തിഭദ്രമായ നിലപാടുകൾകൊണ്ടും അദ്ദേഹത്തെ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ ശിഷ്യ പരമ്പരയിലാണ് ഗണിക്കപ്പെടുന്നത്. ആ തലമുറയിൽ നിന്നും കളത്തില്‍ ഇറങ്ങിയുള്ള പഠനഗവേഷണങ്ങളിലൂടെ ചരിത്ര രചനയെ മുന്നോട്ട് നടത്തിച്ചു. നിരവധി ഗവേഷകർക്ക് വഴികാട്ടിയും ഏത് സംശയങ്ങൾക്കും വസ്തുനിഷ്ഠമായ മാർഗനിർദ്ദേശങ്ങൾക്കായുള്ള അഭയകേന്ദ്രവുമായി.
എഴുത്തും വായനയും പഠിച്ച മലയാളി എന്നാൽ അർധസാക്ഷരൻ മാത്രമാണെന്ന് എംജിഎസ് ഒരിക്കൽ തുറന്നടിച്ചു. ‘എഴുതാനും വായിക്കാനും അറിയാം. അത് കൊണ്ട് പത്രങ്ങളിൽ വരുന്നത് അത് പോലെ വിഴുങ്ങും. പത്രങ്ങളാണെങ്കിൽ വളരെ മത്സരബുദ്ധിയോടു കൂടിയും, ഉദ്വേഗവും അതിശയോക്തിയും കലർത്തിയുമാണ് വാർത്തകൾ എത്തിക്കുക. അത് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല. അത് കൊണ്ട് സാക്ഷരതയുടെ പൂണ്ണ ഗുണഭോക്താക്കളാണ് മലയാളികൾ എന്ന് തീർത്ത് പറയാൻ സാധിക്കില്ല’ എന്നായിരുന്നു വിമർശനം. കേരളത്തിൽ സർവകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഉണ്ടെങ്കിലും തുറന്ന ചർച്ചകളും സംവാദങ്ങളും ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
പ്രാചീന കേരളചരിത്ര പഠനത്തിന്റെ ഗതിമാറ്റിയ ചരിത്രകാരന്‍
**********************************************************
പ്രാചീന കേരളചരിത്ര പഠനത്തിന്റെ ഗതിമാറ്റിയ ചരിത്രപണ്ഡിതനായിരുന്നു എംജിഎസ്. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയ അദ്ദേഹം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. ഒട്ടേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് ‘പെരുമാൾ ഓഫ് കേരള’ എന്ന പുസ്തകം എഴുതിയത്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം.
മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത് ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എംജിഎസ് ശിലാരേഖ പഠനത്തിൽ പരിശീലനം നേടിയിരുന്നു. അവയോടൊപ്പം അക്കാലത്തെ
തമിഴ്, സംസ്കൃത ഗ്രന്ഥങ്ങളും. ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലുള്ള കൈത്തഴക്കവും പാലി, തമിഴ്, സംസ്കൃതം, പ്രാചീന മലയാളം തുടങ്ങിയ ഭാഷകളിലുള്ള അഗാധമായ അറിവുംഉപയോഗപ്പെടുത്തിയാണ്
ഈ ഗവേഷണപുസ്തകം രചിച്ചിട്ടുള്ളത്. പ്രൊഫ. ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദർശനങ്ങളുടെ പിൻബലത്തിൽ ഗവേഷണമാരംഭിച്ച
എംജിഎസ് തന്റെ ലക്ഷ്യത്തിൽ എത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ക്രിസ്തുവർഷം 912 നൂറ്റാണ്ടുകൾക്കിടയിൽ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചും അക്കാല രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക വികാസത്തെക്കുറിച്ചുമെല്ലാം ആഴത്തിൽ അന്വേഷിക്കുന്നതായിരുന്നു ‘പെരുമാൾസ് ഓഫ് കേരള’ എന്ന ഗവേഷണപഠനം. കേരളത്തിലെമ്പാടും ചിതറിക്കിടന്നിരുന്ന ശിലാതാമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്.
ചേരകാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് അർധവിരാമമിട്ടുകൊണ്ട് പ്രാചീനമായ പഴന്തമിഴ് കാലഘട്ടത്തെക്കുറിച്ചും മധ്യകാലത്തിന്റെ അവസാന ദശകങ്ങളെക്കുറിച്ചുമെല്ലാം ആധികാരികരേഖകളുടെ സഹായത്താൽ എംജിഎസ് പഠിക്കുകയുണ്ടായി. കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള പഠനമൊക്കെ അതിന്റെ ഉപോല്പന്നമായിരുന്നു. മുസിരിസിനെക്കുറിച്ചുളള നിഗമനങ്ങൾ കണ്ണകി കോവാലൻ ഐതിഹ്യങ്ങളെ മുൻനിർത്തി കൊടുങ്ങല്ലൂർ എന്ന് അദ്ദേഹം വാദിച്ചിരുന്നു. ചിലപ്പതികാരത്തിന്റെ കാലനിർണയത്തിൽ ശ്രീലങ്കൻ രാജാവ് ഭദ്രബാഹുവിന്റെ സാന്നിധ്യം പരാമർശിക്കുന്നത് മുൻനിർത്തി മൂന്നാം നൂറ്റാണ്ട് എന്നും വാദിച്ചു. പിൽക്കാലത്ത് പട്ടണം പര്യവേഷണം ഈ തെളിവുകൾ മാറ്റി മറിച്ചതോടെ തന്റെ നിലപാടുകൾ തിരുത്തി. മൗലിക പ്രമാണങ്ങളിലെ ശ്രദ്ധപോലെ തന്നെ പുതിയ കാഴ്ചയും കാഴ്ചപ്പാടുകളും വരുമ്പോഴും അവയെ സ്വീകരിച്ചു. നല്ലതായാലും ചീത്തയായാലും ചരിത്രത്തെ അതുപോലെ രേഖപ്പെടുത്തണമെന്ന് ആവർത്തിച്ചു വ്യക്തമാക്കി ശിവകാശി കലണ്ടർ മോഡൽ ചരിത്ര കഥകളെയും മിത്തുകളെയും എംജിഎസ് പൊളിച്ചടുക്കി. ‘പെരുമാൾസ് ഓഫ് കേരള’ എന്ന പുസ്തകത്തിൽ ചേരന്മാരെയും ചോളന്മാരെയും കുറിച്ചുള്ള കെട്ടുകഥകൾ അദ്ദേഹം തിരുത്തി.
ലോകം അംഗീകരിച്ച ചരിത്ര ഗവേഷകൻ
*****************************************
എംജിഎസ് ലണ്ടൻ സർവകലാശാല കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോയും മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകളിൽ വിസിറ്റിങ് ഫെലോയും ആയിരുന്നു. ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് പ്രൊഫസറായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ പരിചയവും ചരിത്രാന്വേഷണ ത്വരയിലെ വിട്ടുവീഴ്ചയില്ലായ്മയുമായിരുന്നു ലോകം സ്വീകരിച്ചത്.
ഇന്ത്യൻ ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി, ചെയർമാൻ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചുകൊണ്ട് യുവഗവേഷകർക്ക് മതിയായ സൗകര്യങ്ങളും അവസരങ്ങളും പ്രദാനം ചെയ്യുന്നതിൽ അദ്ദേഹം മാതൃകകാട്ടി. കോട്ടയം എംജി, മംഗലാപുരം എന്നീ സർവകലാശാലകളിൽ യുജിസി വിസിറ്റിങ് പ്രൊഫസറായിരുന്നു.
1973ൽ കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സർവകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തിൽ ചരിത്രവിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോൾ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഡീൻ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. 1976 മുതൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ ചേർന്ന് വിവിധ ചുമതലകൾ വഹിച്ചു. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകൾക്ക് നേതൃത്വം നല്‍കി. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, എപ്പിഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ, റോക്ക് ആർട്ട് സൊസൈറ്റി ഓഫ് ഇന്ത്യ, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യ എന്നീ സംഘടനകളിലും പ്രവർത്തിച്ചു.
സങ്കുചിത രാഷ്ട്രീയത്തിന് വഴങ്ങാത്ത ചരിത്രകാരൻ
************************************************
സങ്കുചിത രാഷ്ട്രീയത്തിന് വഴങ്ങാത്ത ചരിത്രകാരനായിരുന്നു ഡോ. എംജിഎസ് നാരായണൻ. ബിജെപി നതൃത്വത്തിലുള്ള വാജ്പേയി സർക്കാറിന്റെ കാലത്താണ് അദ്ദേഹത്തെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർമാനാക്കിയത്. എന്നാൽ ഒരിക്കലും ബിജെപിയുടെ രാഷ്ട്രീയത്തിന് വഴങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. നേരത്തെ തന്നെ ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറിയായിരുന്നു അദ്ദേഹത്തിന് ഐസിഎച്ച്ആറിന്റെ നടത്തിപ്പിനെക്കുറിച്ച് വ്യക്തമായറിയാമായിരുന്നു. ചെയർമാനാണ് പരമാധികാരിയെങ്കിലും മെമ്പർ സെക്രട്ടറിയാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. മെമ്പർ സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസമുണ്ടായാൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക വിഷമകരമായിരിക്കും. ഇതറിയാവുന്നതുകൊണ്ട് മെമ്പർ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പിൽ തന്റെ അഭിപ്രായം നിർണായകമായിരിക്കണമെന്ന് അദ്ദേഹം വ്യവസ്ഥവച്ചു. ഇത് എൻഡിഎ സർക്കാർ അംഗീകരിച്ചു. പക്ഷേ, കേന്ദ്ര സർക്കാർ ബുദ്ധിപരമായാണ് കരുക്കൾ നീക്കിയത്. മെമ്പർ സെക്രട്ടറി സ്ഥാനത്തേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്ത മൂന്നുപേരിൽ ആദ്യ രണ്ടുപേർ ആർഎസ്എസ് അനുഭാവികളായ ഡോ. ഖുരാന, ഡോ. ഹരി ഓം എന്നിവരായിരുന്നു. ഡോ. ആർ സി അഗർവാൾ എന്ന പുരാവസ്തു ഗവേഷകനായിരുന്നു മൂന്നാമത്തെയാൾ. ആർ സി അഗർവാളിന് പാർട്ടി ബന്ധങ്ങളുണ്ടായിരുന്നില്ല. തന്റെ പിന്തുണ അഗർവാളിനാണെന്ന് എംജിഎസ് മാനവവിഭവശേഷി മന്ത്രാലയത്തെ അറിയിച്ചു. ഡോ. മുരളീമനോഹർ ജോഷിയായിരുന്നു അന്ന് എച്ച്ആർഡി മന്ത്രി. മനസില്ലാ മനസോടെ അവർക്ക് അതിന് സമ്മതം മൂളേണ്ടി വന്നു. ഐസിഎച്ച്ആർ ചെയർമാൻ ബിജെപി സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുന്നില്ലെന്ന് മുരളീ മനോഹർ ജോഷി പരാതി പറയുമായിരുന്നു. ഐസിഎച്ച്ആർ പുറത്തിറക്കിയിരുന്ന ഇന്ത്യൻ ഹിസ്റ്റോറിക് റിവ്യു എ ജേണലിന് ഒരു ഹിന്ദി എഡിറ്ററെ നിയമിച്ച കാര്യം എംജിഎസ് അറിയുന്നത് ഇതിനിടയിലാണ്. മന്ത്രി ജോഷിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നിയമനം. വാസ്തവത്തിൽ റിവ്യുവിന് ഒരു ഹിന്ദി എഡിറ്ററുടെ ആവശ്യമുണ്ടായിരുന്നില്ല. എംജിഎസ് ആ നിയമനം റദ്ദാക്കി. ഇതോടെ ഹിന്ദി എഡിറ്ററായ സ്ത്രീ മെമ്പർ സെക്രട്ടറി അഗർവാൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി. അന്വേഷണത്തിൽ ആ സ്ത്രീയുടെ ആരോപണം കളവാണെന്ന് തെളിഞ്ഞു.
അഗർവാൾ മെമ്പർ സെക്രട്ടറി സ്ഥാനം വിട്ടതോടെ ബിജെപി സർക്കാർ വളരെ പെട്ടെന്ന് അവരുടെ ഒരാളായ ഡോ. കപിൽകുമാറിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇതംഗീകരിക്കാനാവില്ലെന്ന് എംജിഎസ് തറപ്പിച്ചു പറഞ്ഞു. മെമ്പർ സെക്രട്ടറിയുടെ മുറി അദ്ദേഹം പൂട്ടിയിടുകയും അതിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ സർക്കാർ വെട്ടിലായി. പിന്നെ അവരുടെ മുന്നിലുള്ള ഒരു വഴി എംജിഎസിനെ പിരിച്ചുവിടുക മാത്രമായിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ ഒരു വിധി ഇതിന് തടസമായി. എന്നാൽ പിന്നീട് എംജിഎസ് സ്ഥാനം ഒഴിയുകയായിരുന്നു.
എംജിഎസ് എന്ന ഒറ്റയാന്‍
****************************
മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി കെ ഗോവിന്ദ മേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം ജി എസ് ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ വി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പൻ) കോളജിലും ഫാറൂഖ് കോളജിലും തൃശൂർ കേരളവർമ്മ കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലും ബിരുദ‑ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെയാണ് ബിരുദാനന്തരബിരുദം നേടിയത്. ഇരുപത്തിരണ്ടാമത്തെ വയസിൽ ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസിൽ യുജിസി ഫെലോഷിപ്പിൽ യൂണിവേഴ്സിറ്റിയിൽ ചരിത്രഗവേഷണം ആരംഭിച്ചു.
പുരാലേഖ്യങ്ങളും തമിഴ്-സംസ്കൃത ഗ്രന്ഥങ്ങളും പുരാവസ്തു പഠനങ്ങളും ആധാരമാക്കി എഡി ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിൽ കേരളത്തിലെ സാമൂഹിക‑രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ ‘പെരുമാൾസ് ഓഫ് കേരള’ എന്ന ഗവേഷണപ്രബന്ധത്തിന് 1973ൽ കേരള സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി ലഭിച്ചു. നീണ്ട പന്ത്രണ്ടുവർഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിൽ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ്. ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സർവകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തിൽ ചരിത്രവിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോൾ ചരിത്രവിഭാഗം അധ്യക്ഷനായി.
പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തിൽ വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. വിമർശന ചിന്ത വളർത്താനും തർക്കിക്കാനും അദ്ദേഹം ചുറ്റുമുള്ളവരെ പഠിപ്പിച്ചു. താൻ എഴുതിയതിനെ വിമർശിക്കുന്നത് കേൾക്കാനും അദ്ദേഹത്തിന് താല്പര്യമായിരുന്നു. ഈശ്വര വിശ്വാസം പോലെയുള്ള പലതിനെയും നിരാകരിച്ചു. മരണശേഷം പൊതുദർശനവും മതപരമായ ചടങ്ങുകളും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കോഴിക്കോട് ചരിത്രത്തിൽ ചില ഏടുകൾ, കോഴിക്കോടിന്റെ കഥ, കൾച്ചറൽ സിംബോസിസ് ഇൻ കേരള, ആസ്പെക്ട്സ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള, മലബാർ, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, സെക്കുലർ ജാതിയും സെക്കുലർമതവും, സാഹിത്യാപരാധങ്ങൾ, ജാലകങ്ങൾ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ (ആത്മകഥ), ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, സാഹിത്യാപരാധങ്ങൾ, ജനാധിപത്യവും കമ്മ്യൂണിസവും കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും തുടങ്ങിയവയാണ് പ്രധാന കൃതികൾ. മലബാറിനെപ്പറ്റി വില്യം ലോഗന്റെ കാലശേഷമുള്ള പഠനങ്ങൾ ഉൾപ്പെടുത്തി ‘മലബാർ’ എന്ന പേരിൽ ഗ്രന്ഥം പ്രസാധനം ചെയ്തു. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ ‘ജാലകങ്ങൾ’ക്ക് 2019‑ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. യാത്രയെ സ്നേഹിച്ച എംജിഎസ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കു പുറമേ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിസർലണ്ട്, റഷ്യ, ജപ്പാൻ, അമേരിക്ക തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.
ഇവനെ സൂക്ഷിക്കണം, കവിതയെഴുതിക്കളയും
*******************************************
സ്കൂൾ പഠനകാലത്ത് എംജിഎസ് നന്നായി ചിത്രംവരയ്ക്കുമായിരുന്നു. ഒപ്പം കവിതയെഴുത്തും. കവിതയ്ക്ക് സ്കൂളിൽ ഒട്ടേറെ സമ്മാനം നേടി. ഒരിക്കൽ മത്സരത്തിനു മാർക്കിട്ട ഇടശ്ശേരി വൈകിട്ട് എംജിഎസിന്റെ വീട്ടിലെത്തി വീട്ടുകാരോടു പറഞ്ഞു: ‘ഇവനെ സൂക്ഷിക്കണം, കവിതയെഴുതിക്കളയും’. എം ഗോവിന്ദൻ പത്രാധിപരായ മദ്രാസ് പത്രിക എന്ന സർക്കാർ മാസികയിലാണ് ആദ്യമായി ‘പ്രകൃതിബന്ധനം’ എന്ന കവിത അച്ചടിച്ചുവന്നത്. പൊന്നാനി എവി സ്കൂളിൽ പഠിക്കുമ്പോൾ ‘പൊന്നാനിക്കളരി‘യിൽ പ്രവേശനം കിട്ടി. സ്കൂളിനടുത്ത പലചരക്കുകടയുടെ മുകളിലെ കൃഷ്ണപ്പണിക്കർ സ്മാരക വായനശാലയിൽ ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണൻ, അക്കിത്തം തുടങ്ങിയവരുടെ സാന്നിധ്യത്തിലും ഇടശേരിയുടെ നേതൃത്വത്തിലും സാഹിത്യചർച്ചകൾ. കോഴിക്കോട്ടെ ‘കോലായ’ എന്ന സാംസ്കാരിക കൂട്ടായ്മയിലും നിത്യസാന്നിധ്യമായിരുന്നു. നൂറുകണക്കിനു കവിതകൾ എഴുതിയിട്ടുണ്ട്. ഭാഷയും ഭാവനയുമുണ്ടെങ്കിലും കവിതയിൽ യുക്തി കൂടിപ്പോകുന്നുവെന്നും കവിത കുറഞ്ഞു പോകുന്നുവെന്നും സ്വയം വിലയിരുത്തിയാണ് കവിതയെഴുത്തു നിർത്തിയത്. കവിതയെക്കാൾ ശ്രദ്ധിക്കപ്പെട്ടത് എംജിഎസിന്റെ കാവ്യാസ്വാദനങ്ങളാണ്. ഇടശേരിയുടെ കവിതാ സമാഹാരത്തിന് കവിയുടെ ആവശ്യപ്രകാരം അദ്ദേഹം അവതാരിക എഴുതുകവരെ ചെയ്തു. കുമാരനാശാനെക്കുറിച്ചും ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തു.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രംവര കണ്ടാണ് താൻ വരയ്ക്കുന്നതു നിർത്തിയതെന്ന് എംജിഎസ് പറഞ്ഞിട്ടുണ്ട്. എം ഗോവിന്ദൻ പത്രാധിപരായ മദ്രാസ് പത്രിക എന്ന മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്. എസ്എം മുറ്റായിൽ, എസ്എം നെടുവ എന്നീ പേരുകളിൽ കവിതകൾ അച്ചടിച്ചുവന്നിട്ടുണ്ട്. 92ാംമത്തെ വയസിൽ ആദ്യത്തെ കവിതാ സമാഹാരം ‘മരിച്ചു മമ ബാല്യം’ പുറത്തിറങ്ങി. 2024 അദ്ദഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 20 നാണ് കവിതാ സമാഹാരം പ്രകാശനം ചെയ്തത്. ബാല്യകാലത്ത് എഴുതിയവ ശേഖരിച്ചു വെച്ച കുറിപ്പുകളിൽ നിന്നും കണ്ടെടുത്തത് ഭാര്യ പ്രമലതയാണ്. കൂട്ടുകാരും ശിഷ്യരും ചേർന്ന് പുറത്തിറക്കി. കുട്ടികാലത്തെ പ്രണയവും കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യവും എല്ലാം ഇതിൽ കടന്നു വരുന്നു.
പ്രേമം, വഞ്ചന, സന്ദേശം, കാമിനി എന്നീ കവിതകളും ഗ്രാമഭംഗി, മരിച്ചു മമ ബാല്യം, സമരപ്രഖ്യാപനം, നിത്യതയുടെ പൂന്തോട്ടം, ചൈനയിലെ ചെന്താരം, കൊയ്ത്തുകാരി തുടങ്ങിയ കവിതകളും ഈ സമാഹാരത്തിലുണ്ട്. രാഷ്ട്രീയം, പ്രകൃതിസ്നേഹം, യൗവനം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള സൃഷ്ടികളുമുണ്ട്. ജാലകങ്ങൾ എന്ന പേരിലുള്ള ആത്മകഥ 2018 ലാണ് പുറത്തിറക്കിയത്. അതേ വർഷം തന്നെ തന്റെ സ്വകാര്യ ലൈബ്രറി അദ്ദേഹം കാലിക്കറ്റ് സർവകലാശാലയ്ക്ക് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.