23 December 2024, Monday
KSFE Galaxy Chits Banner 2

പ്ലാസ്റ്റിക് ഭൗമശാസ്ത്രത്തിന്റെ ഭാഗമാകുന്നു

സന്ദീപൻ താലൂക്ദാർ
April 20, 2023 4:30 am

ഭൂമിയുടെ പരിസ്ഥിതിയെ പരിവർത്തനം ചെയ്യാനും ഭൗമശാസ്ത്രത്തെ മാറ്റാനും കഴിയുന്ന മനുഷ്യനിര്‍മ്മിത ഘടകമായി പ്ലാസ്റ്റിക്കിനെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. പ്ലാസ്റ്റിക്കിന്റെ നേർത്ത ഫിലിമുകൾക്ക് പാറകളുമായി രാസപരമായി ബന്ധിക്കാൻ കഴിയും. മണ്ണിൽ നിന്നോ പാറകളിൽ നിന്നോ പരിസ്ഥിതിയിൽ നിന്നോ വേറിട്ടുനില്‍ക്കുന്ന വെറുമൊരു കുമിഞ്ഞുകൂടിയ വസ്തുവായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനി നിലനിൽക്കില്ല എന്നാണ് ഇതിനർത്ഥം. ഇവയുമായി സംയോജിച്ച് ഭൂമിശാസ്ത്രത്തിന്റെ ഭാഗമാകാൻ ഇതിന് കഴിയും.
ഏപ്രിൽ മൂന്നിന് എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ, പ്ലാസ്റ്റിക്കും പാറകളും തമ്മിൽ രാസബന്ധം രൂപപ്പെടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. കാതറിൻ ബോർസാക്കിന്റെ ഗവേഷണത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ, ഗവേഷണ ലേഖനത്തിന്റെ അനുബന്ധ രചയിതാവും, ചൈനയിലെ സിംഗ്‍വാ സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെന്റിൽ നിന്നുമുള്ള ഡെയി ഹൂ പറഞ്ഞത് ’21-ാം നൂറ്റാണ്ടിലെ ആളുകൾ പുതിയ ഭൂമിശാസ്ത്രം സൃഷ്ടിക്കുന്നു‘വെന്നാണ്. പ്ലാസ്റ്റിക്കുകളും പാറകളും തമ്മിലുള്ള രാസബന്ധത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് തങ്ങളുടെ ഗവേഷണമാണെന്നും ഹൂ പറഞ്ഞു. “പ്ലാസ്റ്റിക് ബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിപ്രൊഫൈലിൻ ഫിലിമുകളും-കർഷകർ വിളകൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന പോളി എത്തിലീൻ ഫിലിമുകളും ഉൾപ്പെടെ, തോട്ടിലും പരിസരത്തും അടിഞ്ഞ മാലിന്യങ്ങളാണ് കണ്ടെത്തലിന്റെ ഉറവിടം,‌” ലേഖനത്തിൽ പറഞ്ഞു.


ഇതുകൂടി വായിക്കൂ: മുലപ്പാലിലും പ്ലാസ്റ്റിക് സാന്നിധ്യം


ചൈനയിലെ ഹെച്ചി നഗരത്തിലെ ഒരു അരുവിക്കരയിൽനിന്നാണ് ഹൗ സംഘത്തിന്റെ കണ്ടെത്തലുകൾ. വായുവിലെ ഓക്സിജൻ ആറ്റങ്ങളുടെ സഹായത്താൽ പാറയിലെ സിലിക്കൺ ആറ്റങ്ങളുമായി രാസപരമായി ബന്ധിപ്പിച്ചിരിക്കുന്ന പോളി എത്തിലീൻ ഫിലിമുകളുടെ ഉപരിതലത്തിൽ കാർബൺ ആറ്റങ്ങൾ കണ്ടെത്തിയ ഗവേഷകര്‍, പ്ലാസ്റ്റിക്കും പാറകളും പരിശോധിക്കാന്‍ പൻ സ്പെക്ട്രോസ്കോപ്പിക് ഉപകരണങ്ങൾ ഉപയോഗിച്ചു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് പ്രകാശം അല്ലെങ്കിൽ പാറകളിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും സൂക്ഷ്മാണുക്കളുടെ ഉപാപചയ പ്രവർത്തനത്തിലൂടെ രാസദൃഢീകരണം വർധിപ്പിക്കാമെന്ന് ഗവേഷകർ പറയുന്നു. പൊതുവേ, പ്ലാസ്റ്റിക് പാറകളിലോ മണ്ണിലോ ഭൗതികമായി ഒട്ടിയിരിക്കുന്നതായി കാണാറുണ്ട്. എന്നാൽ പാറകളുമായുള്ള പ്ലാസ്റ്റിക്കിന്റെ രാസബന്ധം മനസിലാക്കുന്നത് ഇതാദ്യമാണ്. ഇതനുസരിച്ച് പ്ലാസ്റ്റിക്കുകൾ ഭൂമിശാസ്ത്രത്തിന്റെ ഭാഗമായിത്തീർന്നതായി കണക്കാക്കുന്നു.
ഏതായാലും പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ഗവേഷണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ പഠനത്തിന് മുമ്പ്, 2020 ൽ, ബ്രസീലിലെ പാറപ്പാളികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചേര്‍ന്നതായി ഗവേഷകർ കണ്ടെത്തി. അവർ അതിനെ ‘ആന്ത്രോപോക്വിനാസ്’ എന്ന് വിളിച്ചു. മറൈൻ പൊല്യൂഷൻ ബുള്ളറ്റിൻ എന്ന ജേണലിലെ ഗവേഷണ പ്രബന്ധത്തിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. പുതിയ പഠനത്തിന്റെ അനുബന്ധ രചയിതാവായ ഗെർസൺ ഫെർണാണ്ടിനോയും ആ കണ്ടെത്തലുകളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്- ‘ഗവേഷണം കൗതുകകരമാണ്, എന്നാൽ പ്ലാസ്റ്റിക്-റോക്ക് കോംപ്ലക്സുകൾ യഥാർത്ഥത്തിൽ പ്ലാസ്റ്റിക്കുകളും പാറകളും തമ്മിലുള്ള പുതിയ തരത്തിലുള്ള ഇടപെടലിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല’.
ഗവേഷണഫലങ്ങൾ, അവ പ്രാഥമികമാണെങ്കിലും ഭൂമിശാസ്ത്ര പ്രക്രിയകളുമായി സംവദിക്കുന്ന പ്ലാസ്റ്റിക്കുകളെക്കുറിച്ചുള്ള ചർച്ചയെ സമ്പന്നമാക്കുന്നു. ‘പ്ലാസ്റ്റിഗ്ലോമറേറ്റ്സു‘കളില്‍ പാറ, മണൽ മറ്റ് പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വസ്തുക്കളുമായി ചേർന്ന് കഴിയുന്ന ഉരുകിയ പ്ലാസ്റ്റിക്കുകൾ ഗവേഷകർ കണ്ടെത്തി. 2014ൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ഹവായിലെ കാമിലോ ബീച്ചിലെ അവശിഷ്ടങ്ങൾ, ജൈവ അവശിഷ്ടങ്ങൾ മുതലായവയില്‍ ഉരുകിയ പ്ലാസ്റ്റിക് ചേര്‍ന്ന കല്ലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന: ഭക്ഷണം പ്ലാസ്റ്റിക്


“മനുഷ്യനിര്‍മ്മിതമായ ഈ പദാർത്ഥത്തിന് മലിനീകരണത്തിന്റെ പുതിയ ചക്രവാളം രൂപപ്പെടുത്താൻ വലിയ സാധ്യതയുണ്ടെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇത് നരവംശ കാലഘട്ടത്തിന്റെ മാറ്റത്തെ സൂചിപ്പിക്കുന്നു“വെന്ന് ഗവേഷകർ എഴുതുന്നു. പ്ലാസ്റ്റിക്കുകൾ ഭൗമഘടകങ്ങളുമായി സംയോജിക്കുന്നത് കേവലം മലിനീകരണത്തിന്റെ മാത്രം ആശങ്കയല്ല. പ്ലാസ്റ്റിക് പാറകൾക്ക് മൈക്രോ പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയിലേക്ക് പകരാന്‍ കഴിയും. ഇത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ദോഷം ചെയ്യും. ഈ പ്ലാസ്റ്റിക്കിന് വളരെ ദൂരം സഞ്ചരിക്കാനും സസ്യകലകളുടെ ഭാഗമാകാനും സമുദ്രജീവികളെ ഭക്ഷണമായി തെറ്റിദ്ധരിപ്പിക്കാനും കഴിയും.

(കടപ്പാട്: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.