19 May 2024, Sunday

പൊതു വിദ്യാലയങ്ങളെ തട്ടുകളാക്കാൻ പി എം ശ്രീ പദ്ധതി

എൻ ശ്രീകുമാർ
September 11, 2022 5:30 am

രാജ്യത്തെ സർക്കാർ സ്കൂളുകൾക്കായി കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന പി എം ശ്രീ പദ്ധതി കൂടുതൽ ചർച്ചകൾക്ക് വിധേയമാകേണ്ടതുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം അറിയിച്ചതനുസരിച്ച് പ്രധാനമന്ത്രി ശ്രീ എന്ന പദ്ധതി പ്രകാരം കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ സ്കൂളുകളും ഉൾപ്പെടെ രാജ്യത്തെ 14,500 സർക്കാർ വിദ്യാലയങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികളാണ് ഈ പദ്ധതി പ്രകാരം ആവിഷ്ക്കരിക്കുന്നത്. ഓരോ ബ്ലോക്ക് തലത്തിൽ നിന്നും രണ്ടു സ്കൂളുകളാകും ഇതിനായി തെരഞ്ഞെടുക്കുക. ഈ പദ്ധതി പ്രകാരം 2023 — 27 കാലയളവിൽ 27,360 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്.

വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയരേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിയിലൂടെ നടത്തുന്നതെന്നും പറയുന്നു. സംസ്ഥാന സർക്കാരുകളാണ് സ്കൂളുകൾ തിരഞ്ഞെടുത്തു നൽകേണ്ടത്. തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങൾക്കായി സവിശേഷ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സ്കൂളുകളുടെ മികവിന്റെ സൂചികകൾ നിർണയിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതി രൂപീകരിക്കുമെന്നും പറയുന്നു. രണ്ടു കോടിയോളം രൂപ ഇതിൽപ്പെടുന്ന ഓരോ വിദ്യാലയത്തിനും ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. മികച്ചതെന്ന് ആരും സമ്മതിച്ച് കയ്യടിച്ചുപോകുന്ന പി എം ശ്രീ പദ്ധതി പക്ഷേ, രാജ്യത്തെ പൊതു വിദ്യാലയങ്ങളെ തട്ടുകളാക്കാനേ ഇടയാക്കു എന്ന കാര്യത്തിൽ സംശയമില്ല. മാതൃകാ വിദ്യാലയങ്ങളായി ചെറിയൊരു വിഭാഗം വിദ്യാലയങ്ങളെ മുദ്ര ചാർത്തി, ഇതര വിദ്യാലയങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന കുറെ വരേണ്യ വിദ്യാലയങ്ങളെയാകും ഇത് സൃഷ്ടിക്കുക. സമൂഹത്തിൽ സ്വാധീനമുള്ളവരുടെ കുട്ടികൾക്ക് ഈ സ്കൂളുകളിൽ പ്രവേശനവും പഠനവും ലഭിക്കും എന്നതാകും സ്ഥിതി.


ഇതുകൂടി വായിക്കൂ: നീതിന്യായ വ്യവസ്ഥയിലെ പുതിയ സൂചനകള്‍ 


സാധാരണ സ്കൂളുകൾ കൂടുതൽ ദരിദ്രമായ ചുറ്റുപാടും നിരാശ്രയത്വവും അനുഭവിക്കുന്ന അവസ്ഥ സംജാതമാകും. അതുകൊണ്ടു തന്നെയാകണം ഈ പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുകളും ഉണ്ടായിട്ടുള്ളത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ഈ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആദ്യം കത്തെഴുതിയത്. രാജ്യത്തെ എല്ലാ പൊതു വിദ്യാലയങ്ങളെയും മികച്ചതാക്കാനുള്ള പദ്ധതിയാണ് ആവശ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലയോ പ്രധാനമന്ത്രി, നിങ്ങൾ 14,500 വിദ്യാലയങ്ങളെ മാത്രമേ കാണുന്നുള്ളു. എന്നാൽ രാജ്യത്ത് സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടുന്ന പത്തു ലക്ഷത്തോളം പൊതു വിദ്യാലയങ്ങൾ ഉണ്ടെന്ന കാര്യം നിങ്ങൾ മറക്കരുത് — കേജ്‌രിവാൾ കത്തിൽ എഴുതി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആവിഷ്ക്കരിച്ച നവോദയ വിദ്യാലയങ്ങൾക്കെതിരെ വലിയ സമരം എഐഎസ്എഫ് പോലെയുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നയിച്ചത് നാം മറന്നു പോകരുത്. വരേണ്യ വിദ്യാലയങ്ങൾ വേണ്ട എന്നതായിരുന്നു, അന്ന് ഉയർത്തിയ ആവശ്യം. സമാന സാഹചര്യമാണ് പി എം ശ്രീ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നത്.

നവോദയ പോലെയുള്ള വിദ്യാലയങ്ങൾക്ക് ഇന്ന് പഴയ ആകർഷകത്വം കേരളത്തിലെങ്കിലും ഇല്ല. അതിന് കാരണം കേരള മോഡൽ വിദ്യാഭ്യാസ വികസനമാണ്. നാട്ടിലെ എല്ലാ വിദ്യാലയങ്ങളും മികച്ചതാകാൻ തുടങ്ങിയപ്പോൾ, ഇനി എന്തിന് കുട്ടികളെ നവോദയയിലേക്ക് അയക്കണം എന്ന ചിന്ത രക്ഷിതാക്കളിൽ വളർന്നു. കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം ഉയർത്താൻ വേണ്ടി 2006-11 കാലഘട്ടത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കാലം മുതൽ നടത്തുന്ന ദീർഘവീക്ഷണമുള്ളതും സമഗ്രവുമായ പദ്ധതികൾ എല്ലാ പൊതു വിദ്യാലയങ്ങളെയും മികവിലേക്കുയർത്താൻ സഹായിച്ചു. പാഠ്യപദ്ധതി പരിഷ്ക്കരിക്കാനും പഠന ബോധന രീതി നവീകരിക്കാനും ശ്രമിച്ചു. മികച്ച പരിശീലനങ്ങളിലൂടെ അധ്യാപകരുടെ മനോഭാവവും പ്രവർത്തന രീതിയും മാറ്റിയെടുത്തു. വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് വഴി തെളിച്ചു. ഈ മാറ്റങ്ങളൊക്കെ എല്ലാ വിദ്യാലയങ്ങൾക്കുമായി നടത്തിയവയായിരുന്നു എന്ന് നമുക്ക് അറിയാം. 2016 ൽ വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആവിഷ്ക്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളെയും സ്മാർട്ട് വിദ്യാലയങ്ങളാക്കി പരിവർത്തനം ചെയ്തു.


ഇതുകൂടി വായിക്കൂ: ലഹരിക്കടിമപ്പെടുന്ന പുതുതലമുറ


ഓരോ വിദ്യാലയങ്ങളുടെയും പുരോഗതിയിൽ പ്രാദേശിക ഭരണകൂടവും നാട്ടിലെ ജനങ്ങളും ഇടപെടാനും സഹായിക്കാനും പരിപാടികളുണ്ടായി. സാർവദേശീയ നിലവാരമുള്ള വിദ്യാഭ്യാസത്തിനായി കൂട്ടായ പരിശ്രമം നടത്തി; ഇപ്പോഴും തുടരുന്നു. ഓരോ കുട്ടിയുടെയും പഠന പുരോഗതി എന്നതായി വിദ്യാലയങ്ങളുടെ പൊതുമുദ്രാവാക്യം. പഠന പിന്നോക്കാവസ്ഥയും പഠന വൈകല്യങ്ങളും ഉള്ളവരെ തിരിച്ചറിഞ്ഞ് പിന്തുണയ്ക്കാൻ പ്രത്യേക പരിപാടികളുണ്ടായി. വ്യത്യസ്ത ശേഷികളുള്ള വിദ്യാർത്ഥികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൈവന്നു. 2005 ലെ ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട്, 2010 ലെ വിദ്യാഭ്യാസ അവകാശ നിയമം, സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സ്രോതസുകൾ, ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങിയ ചിന്താപരവും ഭൗതികവുമായ സാഹചര്യങ്ങളെയെല്ലാം ഉപയോഗപ്പെടുത്തിയാണ് ഈ മാറ്റങ്ങൾ സൃഷ്ടിക്കാൻ കേരളത്തിനായത്. കേരള മോഡൽ വിദ്യാഭ്യാസ വികസന പദ്ധതിയാകണം കേന്ദ്ര സർക്കാരിന് മുന്നിലുണ്ടാകേണ്ട മാതൃക. അല്ലാതെ, ഏതെങ്കിലും ചില വിദ്യാലയങ്ങളെ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങളാകരുത്. ദേശീയ വിദ്യാഭ്യാസ നയം ഒരു തരത്തിൽ വരേണ്യ വിദ്യാഭ്യാസത്തിനാണ് ലക്ഷ്യമിടുന്നതെന്ന് അതിനെതിരെ ഉയർത്തിയ ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതാണ് പി എം ശ്രീ പദ്ധതി. തമിഴ്‌നാട് ഉൾപ്പെടെ ദേശീയ വിദ്യാഭ്യാസ നയ നിർദ്ദേശങ്ങളെ പൂർണമായി നിരാകരിക്കുന്ന ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാൻ കൂടി ലക്ഷ്യമിടുന്ന കൗശലം പ്രധാനമന്ത്രി — സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ പദ്ധതിക്കു പിന്നിൽ കണ്ടേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.