6 May 2024, Monday

ബത്തേരിയെ വിറപ്പിച്ച പിഎം 2 കൂട്ടില്‍

ജോമോന്‍ ജോസഫ്
സുൽത്താൻബത്തേരി
January 9, 2023 11:07 pm

നഗരത്തിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി. പിഎം2 (പന്തല്ലൂർ മക്കാന) എന്ന കാട്ടുമോഴയെ ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കുപ്പാടിക്കടുത്ത മണലിമൂല വനത്തിൽ വച്ച് ദൗത്യസംഘം മയക്കുവെടിവച്ച് പിടികൂടി.
പത്തുവയസുള്ള വന്‍ പരാക്രമിയായ കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടുകൂടിയാണ് ആനയെ മടക്കുവെടിവച്ച് പിടികൂടുന്നതിനായി 150 പേർവരുന്ന ദൗത്യസംഘം വനത്തിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസം നിലയുറപ്പിച്ചിരുന്ന മണലിവയൽ, മുണ്ടംകൊല്ലി ഭാഗത്തുവച്ച് ആനയെ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന കൊമ്പനെ കുങ്കിയാനകളുടെ സഹായത്താൽ മോഴയിൽ നിന്ന് അകറ്റിയശേഷം മുണ്ടൻകാല്ലി ഭാഗത്തെത്തിച്ച് സീനിയർ വെറ്ററിനറി സർജനായ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വെടിവയ്ക്കുകയായിരുന്നു. ദൗത്യസംഘത്തിന് വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ് നേതൃത്വം നൽകി.

മയക്കുവെടിയേറ്റ ഉടനെ ആന അൽപ്പം മുന്നോട്ട് കുതിച്ച് അവിടെ നിലയുറപ്പിച്ചു. മയക്കം വിട്ടതോടെ കുങ്കിയാനകളായ സൂര്യനും, സുരേന്ദ്രനും ഇരുവശങ്ങളിലുമായി ആനയെ താങ്ങിനിർത്തി. ആ ഭാഗത്തേക്ക് ജെസിബിയുടെ സഹായത്താൽ വഴിയുണ്ടാക്കിയാണ് ആനലോറി എത്തിച്ചത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെയും വടംകെട്ടിവലിച്ചും ലോറിയിൽ കയറ്റി. ഉച്ചക്ക് ആനയെ വനത്തിന് പുറത്തെത്തിച്ചു. തുടര്‍ന്ന് 20 മിനിറ്റ് കൊണ്ട് മുത്തങ്ങയിലെ ആനപ്പന്തിയിലെത്തി. വൈകാതെ ആനയെ പന്തിയ്ക്കുള്ളിലാക്കുകയും ചെയ്തു.
മയക്കം വിട്ടുണരുന്നതിനായി ഡോക്ടർ അരുൺ സക്കറിയ ആനയ്ക്ക് ലോറിയിൽ നിന്നുതന്നെ ഇഞ്ചക്ഷൻ നൽകി പുറത്തേക്ക് ഇറങ്ങുന്നതിനിടെ കൂടിന്റെ ഇടയിലൂടെ ഡോക്ടറുടെ വലതു കാലില്‍പിടിച്ച് അകത്തക്ക് വലിച്ചിടാൻ നോക്കിയിരുന്നു. കൂടെയുണ്ടായിരുന്നവരുടെ അവസരോചിതമായ ഇടപെടൽ മൂലം ആനയുടെ പിടിയിൽ നിന്ന് ഡോക്ടറെ രക്ഷിക്കാനായി. കാലിന് പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
തമിഴ്‌നാട്ടിലെ പന്തല്ലൂരിൽ രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറോളം വീടുകൾ നശിപ്പിക്കുകയും ചെയ്ത ഈ മോഴയാനയെ കോളർ ഐഡി ബെല്‍ട്ട് ഘടിപ്പിക്കുന്നതിന് വേണ്ടി ഇതിന് മുമ്പ് പന്തല്ലൂരിൽ വെച്ച് പിടികൂടയപ്പോഴും നിരവധിപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അക്രമകാരിയായ മോഴയെ പന്തിയിലാക്കിയിട്ടും പരാക്രമം തുടരുകയാണ്. കൂടിന്റെ വൻ തൂണുകളില്‍ മസ്തകം കൊണ്ട് ഇടിച്ച് കൂടുപൊളിക്കാനാണ് ശ്രമം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രമണകാരിയായ കാട്ടാന സുൽത്താൻ ബത്തേരി ടൗണിലിറങ്ങി ഭീതിപരത്തിയത്. കാൽനടയാത്രക്കാരനായ തമ്പി എന്ന സുബൈർകുട്ടിയെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ട് പരിക്കേൽപ്പിച്ചു. തലനാരിഴയ്ക്കാണ് തമ്പിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ശല്യക്കാരനായ ഈ ആനയെ പരിശീലനം നൽകി കുങ്കിയാനയാക്കാനാണ് നീക്കം. 2016ൽ കല്ലൂർ മേഖലയെ വിറപ്പിച്ച കല്ലൂർ കൊമ്പനെയും 2018ൽ വടക്കനാട് മേഖലയെ വിറപ്പിച്ച വടക്കനാട് കൊമ്പനെയും മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിച്ച് പരിശീലനം നൽകി കുങ്കികളാക്കിയിരുന്നു. മുത്തങ്ങ ആനപ്പന്തിയിലെ പ്രമുഖ കുങ്കിയാനകളാണ് ഇപ്പോൾ ഇവന്മാര്‍ രണ്ടും.

Eng­lish Sum­ma­ry: PM2 cage that shook the battery

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.