കഴിഞ്ഞ രണ്ടു വർഷം രാജ്യത്താകെ പൊലീസ് തേർവാഴ്ച. കസ്റ്റഡി മരണം 30 ശതമാനവും പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 50 ശതമാനവുമാണ് വർധിച്ചത്. 2020–21‑ൽ പൊലീസ് വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 82 ആയിരുന്നത് 21–22ൽ 151 ആയി. കസ്റ്റഡി മരണങ്ങളുടെ എണ്ണം 1,940 ൽ നിന്ന് 2,544 ആയും ഉയർന്നതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ലോൿസഭയെ അറിയിച്ചത്.
പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏറ്റവും കൂടിയത് ജമ്മു കശ്മീരിലാണ്. 20–21 ൽ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 45 ആയി. ഒമ്പത് മടങ്ങാണ് വർധന. അസമിൽ 20–21ൽ നാല് പേർ മരിച്ചത് കഴിഞ്ഞ വർഷം 18 ആയി ഉയർന്നു. അസമിൽ മരണസംഖ്യയിൽ പക്ഷേ അവ്യക്തതയുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ വന്ന 2021 മേയ് മുതൽ പൊലീസ് 51 പേരെ കൊലപ്പെടുത്തിയതായി ജൂണിൽ സംസ്ഥാന സർക്കാർ ഗുവാഹട്ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെ കൊല്ലപ്പെട്ടവരിൽ 20 പേർ മത ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്നും കണ്ടെത്തിയിരുന്നു.
ജമ്മു കശ്മീരിനും അസമിനും പുറമെ ഝാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും പൊലീസ് വെടിവയ്പ് വർധിച്ചു. രണ്ട് വർഷത്തിനിടെ ഛത്തീസ്ഗഡിൽ 54 പേരാണ് മരിച്ചത്. ഇതിൽ 30 സംഭവങ്ങളും നടന്നത് 21–22 കാലയളവിലാണ്. ഝാർഖണ്ഡിൽ, 20–21 ൽ അഞ്ച് പൊലീസ് വെടിവയ്പുകൾ ഉണ്ടായപ്പോൾ 21–22 ൽ ഒമ്പതായി വർധിച്ചു.
രാജ്യത്ത് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഏറ്റവുമധികം കസ്റ്റഡി മരണങ്ങൾ നടന്നത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാണ്. 2020–21ൽ യുപിയിൽ 451 കസ്റ്റഡി മരണങ്ങളുണ്ടായപ്പോൾ 21–22ൽ അത് 501 ആയി വർധിച്ചുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കസ്റ്റഡി മരണങ്ങളുടെ കാര്യത്തിൽ രണ്ടാം സ്ഥാനം ബംഗാളിനാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ യഥാക്രമം 185, 257 മരണങ്ങളാണ് ബംഗാളിലുണ്ടായത്. മധ്യപ്രദേശിൽ 163, 201, ബിഹാറിൽ 159, 237, മഹാരാഷ്ട്രയിൽ 143, 197, ഗുജറാത്തിൽ 99, 126, പഞ്ചാബിൽ 72, 153, ഛത്തീസ്ഗഡിൽ 67, 93, ഹരിയാനയിൽ 49, 109, തമിഴ്‌നാട്ടിൽ 63, 109, ഒഡിഷയിൽ 93, 67 വീതം കസ്റ്റഡി മരണങ്ങളാണ് 2020–21, 2021–22 വർഷങ്ങളിൽ നടന്നത്. കേരളത്തിൽ യഥാക്രമം 35, 48 കസ്റ്റഡി മരണങ്ങൾ നടന്നതായി മറുപടിയിലുണ്ട്.
English Summary: Police Raj in UP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.