22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024

സംസ്ഥാന കോൺഗ്രസിൽ രാഷട്രീയകാര്യസമിതി നോക്കുകുത്തിയാകുന്നതായി നേതാക്കളും ഗ്രൂപ്പുകളും

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
December 28, 2021 9:46 pm

സംസ്ഥാന കോണ്‍ഗ്രസില്‍ രാഷ്ട്രീയകാര്യ സമിതി വെറും നോക്കുകുത്തിയാകുന്നതായി ഗ്രൂപ്പ് നേതാക്കളുടേയും, മുതിര്‍ന്ന നേതാക്കളുടേയും പരാതി.നയപരമായ കാര്യങ്ങൾ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യണമെന്ന ഹൈകമ്മൻഡ് നിർദ്ദേശം കെ സുധാകരൻ മറികടന്നെന്നും വിമർശനമുണ്ട്.

പാർട്ടി പുനസംഘടന പൂർത്തിയാകാത്ത സാഹചര്യത്തിൽ, പ്രധാന തീരുമാനങ്ങൾ രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയോടെ ആവണമെന്ന ഹൈക്കമാൻഡ് നിർദേശം മറികടന്നെന്നും ചില നേതാക്കൾക്ക് പരാതിയുണ്ട്.നിർണായക വിഷയങ്ങൾ ചർച്ച ചെയ്യേണ്ട രാഷ്ട്രീയകാര്യ സമിതിയെ മറികടന്നാണ് കെപിസിസി അധ്യക്ഷൻ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതെന്നാണ് ആരോപണം. പൊതുവായ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് എടുക്കുകയും നിർണായക വിഷയങ്ങളിൽ കോൺഗ്രസിൻറെ അഭിപ്രായരൂപീകരണം നടത്തുന്നതും ഈ സമിതിയാണ്.

മുൻ കെപിസിസി അധ്യക്ഷന്മാരും മറ്റ് മുതിർന്ന നേതാക്കളുമാണ് ഹൈക്കമാൻഡ് നിയോഗിച്ച ഈ സമിതി അംഗങ്ങൾ. രാഷ്ട്രീയകാര്യ സമിതിയെ അവഗണിച്ചുകൊണ്ടുള്ള പുതിയ നീക്കം കോൺഗ്രസിൻറെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുമെന്ന് ചില മുതിർന്ന നേതാക്കൾ വിമർശനമുന്നയിക്കുന്നു.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം പാർട്ടിയിൽ തർക്കം രൂക്ഷമായപ്പോൾ എഐസിസി മുൻകൈ എടുത്താണ് ഉന്നതരായ 21 കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചത്.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകൾ എല്ലാം തീരുമാനിക്കുന്നു എന്ന പരാതി കൂടി പരിഹരിക്കാനാണ് പ്രമുഖ നേതാക്കളുടെ സമിതി വന്നത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ–സംഘടനാ വിഷയങ്ങളെല്ലാം ഇവിടെ ചർച്ച ചെയ്യണമെന്ന് എഐസിസി നിർദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ നേതൃതത്വം മുമ്പോട്ട് പോകുന്നത്.

കോൺഗ്രസിൽ ഐക്യം ഉറപ്പിക്കാൻ എഐസിസി നിയോഗിച്ച രാഷ്ട്രീയകാര്യ സമിതിയുടെ പേരിൽ അനൈക്യം. സമിതിയെ പുതിയ നേതൃത്വം അവഗണിക്കുന്നു എന്ന പരാതി കോൺഗ്രസ് അധ്യക്ഷയെ ഉമ്മൻചാണ്ടി തന്നെ അറിയിച്ചതോടെ സമിതിയുടെ യോഗം വിളിച്ചു ചേർക്കാനുള്ള സമ്മർദം ശക്തമായി. മുതിർന്ന നേതാക്കളുള്ള രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കാനോ യോഗം വിളിക്കാനോ പുതിയ നേതൃത്വം തയാറാകുന്നില്ലെന്ന പരാതി ശക്തമായ സാഹചര്യത്തിലാണ് സമിതി യോഗം ജനുവരി ഒന്നിനു ചേരുന്നത്.

നെയ്യാർ ഡാമിൽ ചേര്‍ന്ന ക്യാമ്പില്‍ രാഷ്ട്രീയകാര്യ സമിതിയുടെ യോഗം ചേരണമെന്ന ആവശ്യം ഉയർന്നു. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷം രാഷ്ട്രീയകാര്യ സമിതിയുടെ ഒരു യോഗമാണ് ആകെ ചേർന്നത്. സമിതി വിളിച്ചു ചേർക്കുന്നില്ല എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി വി.എം.സുധീരൻ അതിൽ നിന്നു രാജിവെച്ചിരുന്നു.സമിതി ചേരണമെന്ന് ആവശ്യപ്പെട്ട് കെ.സി.ജോസഫ് സുധാകരനു കത്തു നൽകി.

സമിതിയെ തഴയരുതെന്നു കെപിസിസി സമ്പൂർണ നിർവാഹകസമിതിയിൽ ആവശ്യമുയർന്നു. ഗ്രൂപ്പിന് അതീതമായി ചില എംപിമാരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.രാഷ്ട്രീയകാര്യ സമിതിക്ക് ഉപദേശകസമിതിയുടെ സ്വഭാവമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെടുക കൂടിചെയ്തിരിക്കുന്നു.കെപിസിസി നിർവാഹകസമിതിയിൽ അഞ്ഞൂറോളം പേർ ഉണ്ടായിരുന്നപ്പോഴാണ് കാര്യക്ഷമമായ ചെറിയ ഫോറത്തിന്റെ ആവശ്യം ഉണ്ടായിരുന്നത്. ഇപ്പോൾ നിർവാഹകസമിതിയിൽ 56 പേർ മാത്രമേയുള്ളൂ.

31 അംഗ കെപിസിസി ഭാരവാഹി യോഗവും വിളിക്കാൻ സാധിക്കും. രാഷ്ട്രീയകാര്യസമിതി കോൺഗ്രസ് ഭരണഘടനയിൽ ഇല്ലാത്ത ഫോറമാണ്. അതുകൊണ്ടാണ് ഉപദേശക സ്വഭാവമാണെന്നു ചൂണ്ടിക്കാട്ടിയത്. സമിതി ആവശ്യമുള്ള ഘട്ടത്തിൽ വിളിക്കും. ചിലരെക്കൂടി ചേർത്ത് വിപുലമാക്കണമെന്ന നിർദേശം പരിഗണനയിലുണ്ട് എന്നാണ് പുതിയ നേതൃത്വംപറയുന്നത്.

എന്നാല്‍ രാഷ്ട്രീയകാര്യസമിതി ഉപദേശക സമിതിയല്ല, തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള ഫോറമാണ് രാഷ്ട്രീയകാര്യ സമിതി. കെപിസിസി പ്രസിഡന്റിന് ഒപ്പമോ അനുഭവ സമ്പത്തു കൊണ്ടു മുകളിലോ നിൽക്കുന്ന നേതാക്കളാണ് അതിലുള്ളത്. അങ്ങനെയുള്ള ഘടകത്തിലാണ് കേരളത്തിലെ കോൺഗ്രസിനെ മുന്നോട്ടു നയിക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ച നടക്കേണ്ടത്. ആ സമിതിയിൽ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുക എന്ന ഉത്തരവാദിത്തമാണ് നിർവാഹക സമിതിക്കും ഭാരവാഹികൾക്കും ഉള്ളതെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ നിലപാട് .

കോൺഗ്രസ് ഹൈക്കമാൻഡുമായി നിരന്തരം ബന്ധപ്പെടുന്നഎംപിമാർ അടക്കം ഉൾപ്പെട്ട ഘടകം എന്ന നിലയിൽ സമിതിയെ അവഗണിക്കുന്നതിനോടു ഹൈക്കമാന്‍ഡിന് യോജിച്ചേക്കില്ല. അതേസമയം, ഇത്തരം കാര്യങ്ങളിൽ‍ കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തെ ദു‍ർബലപ്പെടുത്തുന്ന സമീപനവും ഇല്ല. കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരുമെന്നും അതിന് ഉപദേശക സ്വഭാവമാണെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.

അന്തിമ തീരുമാനം എടുക്കേണ്ടതു കെപിസിസി നിർവാഹക സമിതിയാണ്. കോൺഗ്രസ് ഭരണഘടന പ്രകാരം അതാണു സംസ്ഥാനത്തെ പരമാധികാര സമിതി.യെന്നുമാണ് താറിഖ് അന്‍വറിന്‍റെ നിലപാടും. ഇനിയും ഗ്രൂപ്പുകളെ അവഗണിച്ച് മുന്നോട്ട്പോകുവാനാണ് കെപിസിസിനേതൃത്വത്തിന്‍രെ തീരുമാനം. അതിന്‍റെ പടിയായിട്ടാണ് എ ഗ്രൂപ്പില്‍ നിന്നും തെറ്റിപിരിഞ്ഞ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണനെ അച്ചടക്ക സമിതിയുടെ ചെയര്‍മാനാക്കിയത്. കെപിസിസി, ഡിസിസി, ബ്ലോക്ക് കോണ്‍ഗ്രസ് പുനസംഘടനയുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് കെപിസിസി നേതൃത്വത്തിന്‍റെ തീരുമാനവും.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഏകപക്ഷീയമായി അച്ചടക്കനടപടികൾ എടുക്കുകയാണെന്ന ആക്ഷേപം ഉമ്മൻ ചാണ്ടി തന്നെ കോൺഗ്രസ് അധ്യക്ഷയെ കണ്ട് അറിയിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ സമിതിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതും എഐസിസിയുടെ അഭിപ്രായം കണക്കിലെടുത്താണ്.നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ അന്വേഷിച്ച സമിതികളുടെ റിപ്പോർട്ടിന്മേൽ ഇനി അച്ചടക്കനടപടികൾക്കു ശുപാർശ സമർപ്പിക്കേണ്ടതും ഈ സമിതിയാകും. ഡിസിസി പുന:സംഘടനയ്ക്കു ശേഷം ജില്ലകളിലും അച്ചടക്ക സമിതികൾ വന്നേക്കും.

ഡിസിസി പുന:സംഘടന വേഗം പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും മാർഗരേഖ അന്തിമമായില്ല. കരട് മാർഗരേഖ കെപിസിസി നേതൃത്വത്തിനു കൈമാറിയിരുന്നു. നേരത്തേ 10 വർഷം ഭാരവാഹികളായവരെ പുതിയ ടീമിൽ ഒഴിവാക്കണമെന്ന നി‌ർദേശം, 5 വർഷമായി കുറയ്ക്കണമെന്ന അഭിപ്രായം പരിഗണനയിലുണ്ട്. സുധാകരന്‍ ഏകപക്ഷീയമായിട്ടാണ് പാര്‍ട്ടിയെ കൊണ്ടു പോകുന്നതെന്ന പാരതിക്കിടയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Eng­lish Sum­ma­ry: Polit­i­cal com­mit­tee becomes use­less in State Con­gress, says leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.