22 December 2024, Sunday
KSFE Galaxy Chits Banner 2

വീഴ്ച മറച്ചുവച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ്

Janayugom Webdesk
January 7, 2022 5:00 am

കര്‍ഷക രോഷത്തെ തുടര്‍ന്ന് ഫിറോസ്‌പൂരിലെ ബിജെപി റാലിയടക്കം പഞ്ചാബിലെ പരിപാടികള്‍ ഉപേക്ഷിച്ച് മടങ്ങേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി നേതൃത്വവും ആ ദേശീയ നാണക്കേടിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനുള്ള തീവ്രയത്നത്തിലാണ്. അഭൂതപൂര്‍വമായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം പഞ്ചാബ് സര്‍ക്കാരിന്റെയും പൊലീസ് സേനയുടെയും പ്രതിപക്ഷത്തിന്റെയും മേല്‍ കെട്ടിയേല്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഗുരുതരമായ പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിറോസ്‌പൂരില്‍ സംഘടിപ്പിച്ച റാലി ജനപങ്കാളിത്തത്തിന്റെ അഭാവത്തില്‍ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നാടകമാണ് അരങ്ങേറിയതെന്ന ആരോപണവും അവഗണിക്കാനാവില്ല. രാഷ്ട്രീയ പ്രതിയോഗികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരപരാധികളായ പൗരന്മാരെ പോലും യുഎപിഎ അടക്കം മാരണ നിയമങ്ങളും രാജ്യദ്രോഹ കുറ്റം ചുമത്തിയും നഗര നക്സലുകളെന്നും ഭീകരവാദികളെന്നും ആരോപിച്ചു തുറുങ്കിലടച്ചും കൊലയും കൊല്ലാക്കൊലയും നടത്തുന്നതില്‍ കുപ്രസിദ്ധി ആര്‍ജിച്ച ദേശീയ അന്വേഷണ ഏജന്‍സിയടക്കം രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ജീവന്‍തന്നെ അപകടത്തിലായേക്കാവുന്ന സുരക്ഷാവീഴ്ച ഉണ്ടായെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ സുരക്ഷാ ഏജന്‍സികള്‍ക്കും അല്ലെങ്കി­ല്‍ മറ്റാര്‍ക്കാണ്? പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഏ­താ­നും കിലോമീറ്ററുകള്‍ മാത്രം അ­കലെയുള്ള സ്ഥ­ലം ലോ­കത്തിലെ ത­ന്നെ ഏറ്റവും കനത്ത സുരക്ഷാവലയത്തില്‍ കഴിയുന്ന ഇന്ത്യന്‍ പ്ര­ധാനമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ സൈനിക രഹസ്യാന്വേഷണ ഏജന്‍സികള്‍ അടക്കം മുന്നറിയിപ്പ് നല്കുന്നതിലും സുരക്ഷാക്രമീകരണം ഒരുക്കുന്നതിലും പരാജയപ്പെട്ടെങ്കില്‍ അതിനെ ‘വ്യവസ്ഥാപരമായ പ­രാജയ’മായെ കണക്കാക്കാനാവു.


ഇതുകൂടി വായിക്കാം;  മതേതര രാജ്യത്തിന്റെ ആത്മാഭിമാനത്തെയും ദേശബോധത്തെയും ചോദ്യംചെയ്യുന്നു


പഞ്ചാബ് അ­ടക്കം അ­തിര്‍ത്തി സംസ്ഥാനങ്ങളില്‍ അതിര്‍ത്തി സുരക്ഷാസേനയുടെ അധികാരപരിധി 50 കിലോമീറ്റര്‍ ആക്കി കേന്ദ്രം പുനര്‍നിര്‍ണയിച്ചത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ദേശീയ സുരക്ഷയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഏത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തിരച്ചില്‍ നടത്തി കണ്ടെത്തി സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് മുമ്പുണ്ടായിരുന്ന 15 കിലോമീറ്റര്‍ പരിധിയില്‍ നിന്നും 50 കിലോമീറ്ററായി ഉയര്‍ത്തിയത്. എന്നിട്ടും പ്രധാനമന്ത്രിയുടെ ജീവന്‍തന്നെ അപകടത്തിലാവുന്ന സംഭവത്തെപ്പറ്റി അതിര്‍ത്തി സുരക്ഷാ സേനയടക്കം ഒരു ഏജന്‍സിക്കും മുന്നറിയിപ്പോ സൂചനപോലുമോ നല്കാനായില്ലെന്നാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ബിജെപി ഉന്നത നേതൃത്വത്തിന്റെയും ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പഞ്ചാബിലെ കര്‍ഷക പ്രതിഷേധവും ഫിറോസ്‌പുരിലെ ഏതാണ്ട് ശൂന്യമായ ബിജെപി റാലിയും ലഖ്നൗവിലെ നിര്‍ദിഷ്ട റാലി മാറ്റിവച്ചതുമെല്ലാം മോഡിയും ബിജെപിയും ജനങ്ങളില്‍ നിന്നും എത്രമാത്രം അകന്നും ഒറ്റപ്പെട്ടും പോയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്. ആ ഒറ്റപ്പെടലിന് രക്തസാക്ഷിത്വപരിവേഷം നല്കി സഹതാപം പിടിച്ചുപറ്റാനും പഞ്ചാബിനും കര്‍ഷകര്‍ക്കും ഹിംസാത്മക പ്രതിയോഗിത്വം കല്പിച്ചു നല്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെ ഖലിസ്ഥാന്‍, തീവ്രവാദ, ദേശദ്രോഹ ആരോപണങ്ങളുയര്‍ത്തി പ്രതിരോധിക്കാനും അപകീര്‍ത്തിപ്പെടുത്താനും മോഡി സര്‍ക്കാരും ബിജെപി-സംഘ്പരിവാര്‍ വൃത്തങ്ങളും കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. അതില്‍ അവര്‍ വിജയിച്ചില്ലെന്നു മാത്രമല്ല കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മുട്ടുമടക്കി മാപ്പുപറയാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായി. കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും അവരുടെ സമരവീര്യത്തെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു സമാഗതമായ പഞ്ചാബിലും ഇതരസംസ്ഥാനങ്ങളിലും പരാജയ ഭീതിപൂണ്ട് ജനങ്ങളെ കപട ദേശീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് മോഡിയും ബിജെപിയും ശ്രമിക്കുന്നത്. വിനാശകരമായ ഈ തീക്കളിക്കെതിരെ രാഷ്ട്രവും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.