
ഒരു പ്രതിസന്ധി ഘട്ടത്തിൽ സഹായം തേടിയാണ് ‘ദാവീദ്’ സിനിമയിലെ നായകൻ ആന്റണി വർഗീസ് അവതരിപ്പിക്കുന്ന മട്ടാഞ്ചേരിക്കാരൻ ആഷിക് അബു കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത്. നഗരത്തിൽ നിന്നും പാവങ്ങാട് വഴി അയാൾ പൂളാടിക്കുന്നിലെത്തുന്നത് വിജയരാഘവൻ അവതരിപ്പിക്കുന്ന പുത്തലത്ത് രാഘവനെ തേടിയാണ്. സിനിമയിലേതുപോലെ മട്ടാഞ്ചേരിയിൽ നിന്നൊരു ആഷിക് അബു രാഘവേട്ടനെ തേടി ഇവിടെയെത്തിയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ, കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേർ രാഘവേട്ടനെ തേടി പൂളാടിക്കുന്നിലെത്തിയിട്ടുണ്ട്. ഒരു ബോക്സിങ് ഗ്രാമം തന്നെ സൃഷ്ടിച്ച ഈ കായിക പരിശീലകന്റെ ശിക്ഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ചും കർശന ചിട്ടവട്ടങ്ങൾ അനുസരിച്ചും കേരളത്തിന് തന്നെ അഭിമാനമായി വളർന്നിട്ടുണ്ട്. കേരളത്തിന്റെ ബോക്സിങ് ചരിത്രത്തിൽ സുവർണലിപികളിൽ എഴുതിച്ചേർത്ത പേരാണ് പുത്തലത്ത് രാഘവന്റേത്. എന്നാൽ പുതിയ കാലവും കളികളും അദ്ദേഹത്തെ മറന്നു. തിയേറ്ററിൽ നിറഞ്ഞോടുന്ന ദാവീദ് എന്ന ചിത്രത്തിലൂടെ പുത്തലത്ത് രാഘവൻ എന്ന പ്രതിഭയും ബോക്സിങ് റിങ്ങിൽ അദ്ദേഹം തീർത്ത ആരവവും കേരളത്തിൽ വീണ്ടും ഉയരുകയാണ്.
ബോക്സിങ് ഗ്രാമത്തെ ഒരുക്കിയ കായിക പരിശീലകൻ
*****************************************************
കോഴിക്കോട് നഗരത്തിൽ നിന്നും അധികം ദൂരെയല്ല പൂളാടിക്കുന്നെന്ന ഗ്രാമം. അത്തോളി റൂട്ടിൽ 10 കിലോ മീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. നഗരവും പാതകളും വളർന്നപ്പോൾ ഈ ഗ്രാമവും നഗരത്തിന്റെ ഭാഗമായി. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെ ഏവർക്കും സുപരിചിതമാക്കിയ കൈക്കരുത്തിന്റെ കലാകാരനായിരുന്നു പുത്തലത്ത് രാഘവൻ. തനിക്കേറെ പ്രിയപ്പെട്ട ബോക്സിങ് എന്ന കായിക ഇനത്തെ തന്റെ നാടിന്റെ പ്രധാന വിനോദവും പ്രതിരോധവുമാക്കി വളർത്താൻ അദ്ദേഹം ജീവിതം സമർപ്പിച്ചു. ഇന്നും പൂളാടിക്കുന്നുകാർക്ക് ബോക്സിങ് കഴിഞ്ഞു മാത്രമേയുള്ളു മറ്റേത് കായിക വിനോദവും.
1968 ലാണ് പൂളാടിക്കുന്നിലെ തന്റെ വീടിനോട് ചേർന്ന സ്ഥലത്ത് പുത്തലത്ത് രാഘവൻ ബോക്സിങ് പരിശീലനം ആരംഭിച്ചത്. തുടർന്നങ്ങോട്ട് മരിക്കുന്നതുവരെ പൂളാടിക്കുന്നിൽ പരിശീലകനായി അദ്ദേഹം ഉണ്ടായിരുന്നു. ബോക്സിങ്ങിനെക്കുറിച്ച് നാട്ടിൻപുറങ്ങളിൽ കാര്യമായ അറിവില്ലാതിരുന്ന കാലം. അദ്ദേഹം ഓരോ വീടുകളിൽ നിന്നും നാടറിയുന്ന ബോക്സിങ് താരങ്ങളെ സൃഷ്ടിച്ചു. ഫീസോ പാരിതോഷികമോ സർക്കാർ ആനുകൂല്യങ്ങളോ ഒന്നും സ്വീകരിക്കാതെ സൗജന്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പരിശീലനമെന്ന് സഹോദരപുത്രനും ബോക്സിങ് പരിശീലകനുമായ രാഗേഷ് ശങ്കർ പുത്തലത്ത് പറഞ്ഞു. ബോക്സിങിനായുള്ള ജീവിതത്തിനിടെ അദ്ദേഹം കുടുംബ ജീവിതം പോലും മറന്നു. എന്നാൽ ഒരുപാടുപേരെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച് അവരെ വലിയ താരങ്ങളാക്കി. മിക്കവരും സംസ്ഥാന- ദേശീയ ചാമ്പ്യൻമാരായി- രാഗേഷ് ശങ്കർ വ്യക്തമാക്കുന്നു.
72 മുതൽ 75 വരെ സംസ്ഥാന ബോക്സിങ് ചാമ്പ്യനായിരുന്നു പുത്തലത്ത് രാഘവൻ. 75 ലാണ് പൂളാടിക്കുന്നിൽ ഫ്രണ്ട്സ് കൾച്ചറൽ സൊസൈറ്റി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ജിംനേഷ്യത്തിനും രൂപം നൽകി. പൂളാടിക്കുന്നിൽ റിങ്ങൊരുക്കിയതോടെ രാവിലെ അദ്ദേഹത്തിന്റെ വിസിൽ ശബ്ദം ആ ഗ്രാമത്തെ വിളിച്ചുണർത്തി. ആ ശിക്ഷണത്തിൽ നിരവധി സംസ്ഥാന ദേശീയ താരങ്ങൾ ഉണ്ടായി. 89 ൽ ദേശീയ ബോക്സിങ്ങിൽ കേരളത്തിന് സ്വർണം നേടിയെടുത്തതും അദ്ദേഹത്തിന്റെ ശിക്ഷ്യനായിരുന്നു. പെൺകുട്ടികൾക്ക് വേണ്ടി കേരളത്തിൽ ആദ്യമായി ബോക്സിങ് പരിശീലനം ആരംഭിച്ചതും പുത്തലത്ത് രാഘവൻ തന്നെയായിരുന്നു. രാജ്യത്ത് തന്നെ പ്രമുഖരായ പല കോച്ചുമാരും പുത്തലത്ത് രാഘവന്റെ ശിക്ഷ്യൻമാരാണ്.
നിലപാടുകളിലെ കാർക്കശ്യം
**************************
‘വെരി സ്ട്രിക്ട്, നോ കോംപ്രമൈസ്’ ഇതാണ് ബോക്സിങ് പരിശീലനത്തിൽ പുത്തലത്ത് രാഘവന്റെ നിലപാട്. കൃത്യമായ അച്ചടക്കത്തിൽ ഊന്നി നിന്നുകൊണ്ടായിരുന്നു പരിശീലനം. ചിട്ടയായ പരിശീലനവും നിലപാടുകളിലെ കാർക്കശ്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പരിശീലനത്തിന്റെ കാര്യത്തിൽ ഒഴിവുകഴിവുകളൊന്നുമില്ല. അതുകൊണ്ട് തന്നെ പരിശീലനത്തിനെത്തുന്ന പലരും പാതിവഴിയിൽ തന്നെ നിർത്തിപ്പോകും. എന്നാൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോയവരെല്ലാം ബോക്സിങ് രംഗത്ത് വിജയം കൈവരിച്ചിട്ടുണ്ടെന്ന് രാഗേഷ് ശങ്കർ പറയുന്നു.
ബോക്സിങ് പരിശീലനത്തിനൊപ്പം നിരവധി ബോക്സിങ് ചാമ്പ്യൻഷിപ്പുകളും അദ്ദേഹം പൂളാടിക്കുന്നിലെത്തിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകൾ, പുരുഷ ‑വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പുകൾ എന്നിവയൊക്കെ പൂളാടിക്കുന്നിൽ സംഘടിപ്പിച്ച് അദ്ദേഹം തന്റെ സംഘാടക മികവ് തെളിയിച്ചു. 1997 ലെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ് പ്രധാന സ്പോൺസർ പിന്മാറിയത്. ആരുടെയൊക്കെയോ നീക്കങ്ങളായിരുന്നു ആ പിന്മാറ്റത്തിന് കാരണം. എന്നാൽ രാഘവേട്ടൻ പതറിയില്ല. ദേശീയ പാതയോരത്തെ സ്വന്തം സ്ഥലത്തിൽ നിന്നും ആറ് സെന്റ് വിറ്റിട്ടാണ് അദ്ദേഹം ചാമ്പ്യൻഷിപ്പ് നടത്തിയത്. സെന്റിന് ലക്ഷങ്ങൾ വിലയുള്ള സ്ഥലമാണ് അന്ന് അദ്ദേഹം മത്സരത്തിനായി കൈവിട്ടത്. സ്വത്തിനേക്കാൾ അദ്ദേഹത്തിന് പ്രധാനം മത്സരവും തന്റെ നിലപാടും തന്നെയായിരുന്നു.
ബഹുമുഖ പ്രതിഭ
****************
ബോക്സിങ് പരിശീലകൻ മാത്രമല്ല പുത്തലത്ത് രാഘവൻ. മികച്ചൊരു കർഷകനായിരുന്ന അദ്ദേഹം യോഗയിലും പാരമ്പര്യ വൈദ്യത്തിലുമെല്ലാം കഴിവ് തെളിയിച്ചിരുന്നു. പൂളാടിക്കുന്നിൽ ബോക്സിങിന് അനുബന്ധമായി യോഗ പരിശീലനവും തുടങ്ങി. യോഗ പരിശീലനത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് സംസ്ഥാന യോഗ അസോസിയേഷൻ യോഗ സാമ്രാട്ട് പട്ടം നൽകി അദ്ദേഹം ആദരിക്കുകയും ചെയ്തു. സംസ്ഥാന ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തക സമിതിയംഗം, യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ചിത്രകാരനും ശില്പിയും കൂടിയായിരുന്നു പുത്തലത്ത് രാഘവൻ. അദ്ദേഹത്തിന്റെ ശില്പങ്ങളിൽ പോലും പോരാട്ട വീര്യം നിറഞ്ഞു നിന്നിരുന്നു.
മൊടക്കല്ലൂർ സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്ന ഇദ്ദേഹം ജോലി രാജിവെച്ചാണ് തന്റെ സ്വപ്നങ്ങളിലേക്ക് ഒരു ഗ്രാമത്തെ കൂട്ടിക്കൊണ്ടുപോയത്. ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ആദ്യമായി സ്വർണ മെഡൽ നേടിയ സി ജിജീഷ്, സീനിയർ വനിതാ വിഭാഗത്തിൽ ദേശീയ തലത്തിൽ സ്വർണം കരസ്ഥമാക്കിയ പി പി സുദ്യ, 16 വർഷം തുടർച്ചയായി സംസ്ഥാന ചാമ്പ്യനായ സി രമേഷ് കുമാർ, ആർമി ദേശീയ ചാമ്പ്യൻ രൺസിത്ത്, ദേശീയ താരങ്ങൾ എന്ന നിലയിൽ മെഡലുകൾ വാരിക്കൂട്ടിയ എം സുമൻലാൽ, കെ മൃദുലാൽ, പി രാഗേഷ് ശങ്കർ, ഇ പ്രവിത, പി രതീഷ് എന്നിവരെല്ലാം രാഘവേട്ടൻ സമ്മാനിച്ച ഇടിക്കൂട്ടിലെ താരങ്ങളാണ്. അമ്പലപ്പടിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തന്റെ സ്ഥലമാണ് അങ്കണവാടി നിർമ്മിക്കാനായി അദ്ദേഹം സൗജന്യമായി വിട്ടു നൽകിയത്. അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം വിടവാങ്ങിയതോടെ അടഞ്ഞത് കായിക പരിശീലന ചരിത്രത്തിലെ അത്യപൂര്‍വമായ ഒരധ്യായമായിരുന്നു.
രാഘവേട്ടനെ തേടിയെത്തിയ സിനിമ
************************************
ലോക ബോക്സിങ് ചാമ്പ്യനിൽ നിന്നും കടുത്തൊരു വെല്ലുവിളി നേരിടുകയാണ് ആഷിക് അബു എന്ന സാധാരണക്കാരൻ. ലോക ചാമ്പ്യനെ എതിരിടാൻ റിങ്ങിൽ ഇറങ്ങാൻ നിർബന്ധിതനാവുമ്പോഴാണ് അദ്ദേഹം പുത്തലത്ത് രാഘവനെ തേടി കോഴിക്കോട്ടേക്ക് വരുന്നത്. ബോക്സിങ് പശ്ചാത്തലത്തിൽ സിനിമയൊരുക്കുമ്പോൾ ദാവീദ് എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പൂളാടിക്കുന്നിലെത്തിയിരുന്നു. ആഷിക് അബു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ബോക്സിങ് റിങ്ങിനെ വിറപ്പിച്ച പുത്തലത്ത് രാഘവനെ കൊണ്ടുവരികയായിരുന്നു സംവിധായകൻ. രാഘവേട്ടന്റെ കാർക്കശ്യവും നിറഞ്ഞ സ്നേഹവുമെല്ലാം ഗംഭീരമായി തന്നെ വിജയരാഘവൻ അവതരിപ്പിച്ചുവെന്ന് ശിക്ഷ്യർ പറയുന്നു. തോറ്റുപോയവനെ തന്നോട് ചേർത്തു നിർത്തുന്ന കഥാപാത്രങ്ങളിലൂടെ പുത്തലത്ത് രാഘവേട്ടന് യഥാർത്ഥ സ്മരണാഞ്ജലി തന്നെയാണ് സിനിമയിലൂടെ ഗോവിന്ദ് വിഷ്ണു എന്ന സംവിധായകൻ ഒരുക്കിയത്. ഒറ്റപ്പെടുത്തിയവരെ പോലും തന്നോട് ചേർത്തു നിർത്തിയ മനുഷ്യനായിരുന്നു പുത്തലത്ത് രാഘവൻ.
രാഘവേട്ടൻ ഓർമയായെങ്കിലും ബോക്സിങ് പരിശീലനവും യോഗ പരിശീലനവുമെല്ലാം വീട്ടിൽ ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. ഇപ്പോൾ ഓരോ ദിവസവും കൂടുതൽ പേർ രാഘവേട്ടന്റെ സ്വപ്നങ്ങൾ നിറയുന്ന പൂളാടിക്കുന്നിൽ എത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.