26 April 2024, Friday

Related news

April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

ജനസംഖ്യാ വർധന; ഇന്ത്യ അടുത്തവര്‍ഷം ചൈനയെ മറികടക്കും

ജനസംഖ്യാ വർധന മൂന്നിലൊന്നും ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2022 9:37 pm

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കാൻ തയാറെടുക്കുന്ന ഇന്ത്യ നേരിടേണ്ടിവരിക ഗുരുതരമായ സാമൂഹിക‑രാഷ്ട്രീയ പ്രത്യാഘാതങ്ങൾ. നിലവില്‍ 1.39 ബില്യണിലധികം ജനങ്ങളാണ് രാജ്യത്തുള്ളത്. പ്രതിദിനം 86,000 കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ ജനിക്കുന്നുവെന്നാണ് കണക്ക്. ജനസംഖ്യാ നിരക്കിലെ വളര്‍ച്ച ഇന്ത്യയുടെ വിഭവശേഷി, സാമ്പത്തിക സ്ഥിരത, സാമൂഹിക ഘടന എന്നിവയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ജനസംഖ്യാ വളർച്ചയുടെ നിയന്ത്രണങ്ങൾ ഇന്ത്യയിലുടനീളം ഏകീകൃതമായിരുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വളര്‍ച്ച നേടുമ്പോഴും രാജ്യത്ത് ജനസംഖ്യാപരമായ ഭിന്നത രൂക്ഷമാണ്. അടുത്ത ദശകത്തിൽ, ഇന്ത്യയുടെ ജനസംഖ്യാ വർധനയുടെ മൂന്നിലൊന്നും സംഭവിക്കുക ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഇപ്പോഴും മൂന്നിൽ കൂടുതൽ കുട്ടികളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായ ബീഹാർ 2039 വരെ ജനസംഖ്യാ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കുടുംബാസൂത്രണത്തിന്റെ നേട്ടങ്ങള്‍ ബീഹാര്‍ ഗ്രാമങ്ങളില്‍ എത്തിതുടങ്ങുന്നതേയുള്ളു.

ഗർഭനിരോധന മാർഗങ്ങളും കുടുംബാസൂത്രണ സേവനങ്ങളും മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇന്ത്യയിലെ യുവാക്കൾ ജനസംഖ്യാ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പൂനം മത്രേജ പറയുന്നു. സ്ത്രീ വന്ധ്യംകരണമാണ് ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗം. ഇന്ത്യയിൽ പ്രതിവർഷം 10 ദശലക്ഷം അനാവശ്യ ഗർഭധാരണങ്ങൾ നടക്കുന്നുവെന്നാണ് യുഎൻ കണക്കുകൾ.
ഇതിനിടയില്‍ ജനസംഖ്യാ വളര്‍ച്ചയെ രാഷ്ട്രീയവല്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളും വര്‍ധിക്കുകയാണ്. ഉത്തർപ്രദേശിൽ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ ന്യായീകരിക്കാന്‍ ബിജെപി നേതാക്കള്‍ ഉപയോഗിക്കുന്നതും ജനസംഖ്യാ വര്‍ധനവാണ്.

ഇന്ത്യയിൽ ഭൂരിപക്ഷമാകാനുള്ള ശ്രമത്തില്‍ മുസ്‌ലിംകളുടെ എണ്ണം അതിവേഗം ഹിന്ദുക്കളെ മറികടക്കുന്നു എന്ന ഹിന്ദു ദേശീയവാദികൾ പ്രചരിപ്പിക്കുന്ന വ്യാപകവും കൃത്യമല്ലാത്തതുമായ മിഥ്യാധാരണയ്ക്ക് ആക്കം കൂട്ടാനും ബില്ലിലൂടെ ബിജെപി ശ്രമിക്കുന്നു. ഉത്തർപ്രദേശിലെ ജനസംഖ്യാ നിയന്ത്രണ നടപടികളെ കുറിച്ചുള്ള ഈ ചർച്ചകളെല്ലാം മുസ്‍ലീങ്ങള്‍ക്കെതിരായ വിദ്വേഷത്തിനും ഹിന്ദു ഭൂരിപക്ഷ വോട്ട് നേടാനും വേണ്ടി മാത്രമാണെന്നും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എസ് വൈ ഖുറൈഷി പറയുന്നു. ഇന്ത്യ വികസിക്കുകയും കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ, പ്രത്യുല്പാദന മാനദണ്ഡങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നാണ് ജനസംഖ്യാ നിയന്ത്രണത്തിലുള്ള വിദഗ്‍ധരുടെ പ്രതീക്ഷ.

തൊഴില്‍, സാമൂഹിക സുരക്ഷ അനിശ്ചിതത്വം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യപരമായ വെല്ലുവിളി യുവജനങ്ങളാണ്. അവരിൽ ഭൂരിഭാഗവും അവിദഗ്ധരും മതിയായ വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരുമാണ്. രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 23 ശതമാനമാണ്. അതായത് നാലില്‍ ഒരാള്‍ മാത്രമാണ് തൊഴിലെടുക്കുന്നത്. സ്ത്രീ സാക്ഷരത നേട്ടം കെെവരിക്കുമ്പോള്‍ തന്നെ, 25 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴില്‍ രംഗത്ത് സജീവമായുള്ളത്. ഉത്തര്‍പ്രദേശില്‍ 3.4 ദശലക്ഷത്തിലധികം യുവാക്കൾ തൊഴിൽരഹിതരാണ്.

ഉത്തരേന്ത്യയില്‍ യുവാക്കളാണ് വെല്ലുവിളിയെങ്കില്‍ തെക്കേ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പ്രായമായ ജനസംഖ്യയുടെതാണ്. തെക്കൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുള്ള ശരാശരി പുരുഷന് ബീഹാറിൽ നിന്നുള്ള ഒരാളേക്കാൾ 12 വയസ് കൂടുതലായിരിക്കും. ജനസംഖ്യയുടെ 10 ശതമാനത്തിലധികം പ്രായമായവരുണ്ടാകുന്ന സാഹചര്യത്തില്‍ തൊഴില്‍,സാമൂഹിക സുരക്ഷ എന്നിവയില്‍ പ്രതിസന്ധിയുണ്ടാകും.

Eng­lish Summary:population growth; India will over­take Chi­na next year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.