18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
October 29, 2024
August 6, 2024
July 17, 2024
May 24, 2024
May 13, 2024
May 12, 2024
May 11, 2024
May 7, 2024
May 3, 2024

വൈദ്യുതി മേഖല: കേരള മാതൃക സംരക്ഷിക്കപ്പെടണം

എം പി ഗോപകുമാർ
ജനറൽ സെക്രട്ടറി കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
June 23, 2023 4:15 am

വ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യകുത്തക കമ്പനികൾക്ക് വിറ്റഴിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഭരണഘടന പ്രകാരം വൈദ്യുതി കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഇടപെടൽ അവകാശങ്ങളുള്ള വൈദ്യുതി മേഖലയ്ക്കുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരാവകാശങ്ങൾ ഹനിക്കുവാനും കവർന്നെടുക്കുവാനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി വൈദ്യുതി നിയമം ഭേദഗതി ചെയ്യുവാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനങ്ങളും തൊഴിലാളികളും കർഷകരും നിരന്തര സമരത്തിലാണ്.

രാജ്യത്തിന് മാതൃകയായ കേരളവൈദ്യുതി രംഗം

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി ബോർഡുകളെ വിഭജിച്ച് കമ്പനികളാക്കി സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോഴും ഉല്പാദന‑പ്രസരണ‑വിതരണ വിഭാഗങ്ങളെ പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി നിലനിർത്തി മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. രാജ്യമാകെ അംഗീകരിച്ചിട്ടുള്ള വൈദ്യുതി രംഗത്തെ കേരള മാതൃകയെ പാടേ അട്ടിമറിക്കുവാനും തകർക്കുവാനും ഉദ്ദേശിച്ച് ഇവിടെയും സ്വകാര്യവൈദ്യുതി കമ്പനികളെ കടത്തിക്കൊണ്ടുവരുവാനുള്ള കുറുക്കുവഴിയായി മാത്രമേ ഇപ്പോൾ കേന്ദ്രസർക്കാർ നിർബന്ധിതമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന ടോട്ടക്സ് മാതൃക സ്മാർട്ട് മീറ്റർ വ്യാപന പദ്ധതിയെയും കാണുവാൻ സാധിക്കുകയുള്ളൂ. സ്വകാര്യകമ്പനികൾവഴി പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്രഫണ്ട് നൽകില്ലെന്ന ഭീഷണി ഉയർത്തി കേരളത്തിലും സ്വകാര്യ മേഖലയെ കടത്തിക്കൊണ്ടു വരുവാനുള്ള പാതയൊരുക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തെയും കെഎസ്ഇബിയെന്ന പൊതുമേഖലാ സ്ഥാപനത്തെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യാൻ സ്വകാര്യകുത്തക കമ്പനികൾക്ക് അവസരമുണ്ടാക്കുന്ന ജനദ്രോഹ പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘ടോട്ടക്സ് മാതൃക’ സ്മാർട്ട് മീറ്റർ പദ്ധതി. ഉപഭോക്താക്കൾക്കുണ്ടാവുന്ന അധിക ബാധ്യതയും പദ്ധതിയുടെ കാണാചരടുകളും അപകടങ്ങളും ചതിക്കുഴികളും കേരള സർക്കാരിൽ നിന്നും മറച്ചുവച്ചുകൊണ്ട് 2022 മാര്‍ച്ച് 11ന് പദ്ധതി രൂപ രേഖയ്ക്കും പദ്ധതി റിപ്പോർട്ടിനും കേരള ക്യാബിനറ്റ് അംഗീകാരം നേടിയെടുത്തതു തന്നെ ആശ്ചര്യകരമാണ്. മുഴുവൻ ജനങ്ങൾക്കുംമേൽ അധികഭാരം കയറ്റിവയ്ക്കുന്ന കെഎസ്ഇബി എന്ന സുപ്രധാന പൊതുമേഖലാ വ്യവസായത്തിലെ വിതരണ രംഗം ആത്യന്തികമായി സ്വകാര്യ കുത്തക കമ്പനികളുടെ വിളനിലമാക്കുന്ന നവഉദാരവല്‍ക്കരണ പദ്ധതി സംബന്ധിച്ച് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായോ രാഷ്ട്രീയ നേതൃത്വങ്ങളുമായോ ചർച്ച നടത്താതെ പൂർണമായും ഇരുട്ടിൽ നിർത്തി കരുനീക്കങ്ങൾ നടത്തിയ വൈദ്യുതി ബോർഡ് മാനേജ്മെന്റ് കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നയങ്ങളല്ല നടപ്പിലാക്കുന്നതെന്ന് നിസംശയം പറയുവാൻ കഴിയും.


ഇതുകൂടി വായിക്കൂ: വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം


കേന്ദ്രസർക്കാർ സമ്മർദങ്ങൾക്ക് വിധേയമായി ടോട്ടക്സ് മാതൃകയിൽ മീറ്ററൊന്നിന് ശരാശരി 6000 രൂപ വില കണക്കാക്കി 8200 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാനാണ് കെഎസ്ഇബിഎൽ മാനേജ്മെന്റിന്റെ ശ്രമം. 37 ലക്ഷം മീറ്ററുകൾ ഒന്നാം ഘട്ടമായി സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഓർഡർ നടപടികൾ പൂർത്തിയായപ്പോൾ സ്വകാര്യ കമ്പനികളിൽ നിന്നും ലഭിച്ച ഏറ്റവും കുറഞ്ഞ വാഗ്ദാനം മീറ്ററൊന്നിന് 9400 രൂപ ചെലവാകുമെന്നാണ്. അങ്ങനെയെങ്കിൽ പദ്ധതിയുടെ ആകെ ചെലവ് 12,800 കോടി രൂപയ്ക്ക് മുകളിൽ വരും. ഈ ബാധ്യതയൊന്നാകെ വൈദ്യുതി ഉപഭോക്താക്കളുടെ ചുമലിലാക്കുമെന്ന കാര്യം നിസ്തർക്കമാണ്. ഓരോ ഉപഭോക്താവും പ്രതിമാസം 100 രൂപയ്ക്ക് മുകളിൽ അധിക ഫീസ് നൽകേണ്ടി വരുമെന്നകാര്യം ഉറപ്പാണ്.
കെഎസ്ഇബിയുടെ ആകെ ഉപഭോക്താക്കൾ ഒരു കോടി 30 ലക്ഷം ആണ്. അതിൽ 96 ലക്ഷവും ഗാർഹിക ഉപഭോക്താക്കളാണ്. 58 ലക്ഷം ഗാർഹിക ഉപഭോക്താക്കളും പ്രതിമാസം 100 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന സാധാരണക്കാരാണ്. അവരുടെ പ്രതിമാസ വൈദ്യുതി നിരക്ക് നിലവിൽ 150 രൂപയിൽ താഴെയാണ്. അതോടൊപ്പം 100 രൂപയ്ക്ക് മേൽ അധികഭാരം ഓരോ ബില്ലിനോടൊപ്പവും നൽകേണ്ടി വരുന്ന സാഹചര്യം വലിയ പ്രതിഷേധങ്ങൾക്ക് ഇടയൊരുക്കുമെന്ന കാര്യം ബന്ധപ്പെട്ടവരെല്ലാം തിരിച്ചറിയണം.

വൈദ്യുതി ലൈനും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബിയും മീറ്ററും അനുബന്ധകാര്യങ്ങളും കരാർ കമ്പനിയും പരിപാലിക്കുന്ന ടോട്ടക്സ് രീതി വലിയ ആശയക്കുഴപ്പങ്ങൾക്കും ഉപഭോക്താക്കളുടെ പരാതികൾ യഥാസമയം പരിഹരിക്കുന്നതിന് തടസവും സൃഷ്ടിക്കും. ഇതിനോടകം സ്മാർട്ട് മീറ്റർ പരീക്ഷണാർത്ഥം സ്ഥാപിച്ചയിടങ്ങളിലെല്ലാം കാര്യങ്ങളൊന്നാകെ കുഴപ്പത്തിലായെന്നതും അധികൃതർ കണ്ണുതുറന്ന് കാണണം.


ഇതുകൂടി വായിക്കൂ: വേനലില്‍ ഉപഭോഗം കുതിച്ചുയരുന്നു ; വൈദ്യുതി പ്രതിസന്ധിയിലേക്ക്


താഴെ പറയുന്ന കാരണങ്ങളാൽ ഇപ്പോൾ വിഭാവനം ചെയ്ത നിലയിലുള്ള സ്മാർട്ട് മീറ്റർ വ്യാപനവുമായി മുന്നോട്ട് പോകുന്നത് സ്ഥാപനത്തിന് ഗുണകരമാകില്ല.

1. ടോട്ടക്സ് മാതൃകാബോർഡിന്റെ റവന്യു പ്രവർത്തനങ്ങൾ പൂർണമായും പുറംകരാർ നൽകുന്ന രീതിയാണ് നടപ്പിലാക്കുന്നത്. വൈദ്യുതി മേഖലയിൽ കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന കണ്ടന്റും കാര്യേജും വേർതിരിക്കുക എന്ന സമീപനം പരോക്ഷമായി നടപ്പാക്കുന്നതാണ് ഈ നടപടി.
2. വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രതിമാസം നൂറ് രൂപയിലേറെ അധിക ബാധ്യതയുണ്ടാകുന്നു.
3. കേരളത്തിൽ വൈദ്യുതി മോഷണമടക്കം വാണിജ്യനഷ്ടം വളരെ കുറവാണ്. ബില്ലിങ് കാര്യക്ഷമത 100 ശതമാനത്തോളമാണ്. അതുകൊണ്ട് തന്നെ വലിയ ചെലവിൽ വ്യാപകമായി സ്മാർട്ട് മീറ്റർ വയ്ക്കുന്നതുകൊണ്ട് പ്രത്യേക നേട്ടമൊന്നും കേരളത്തിനുണ്ടാകാനില്ല.
4. ടെണ്ടർ നടപടികൾ ഏകോപിപ്പിക്കുന്നതിന് മാത്രമായി റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനെ പ്രോജക്ട് ഇംപ്ലിമെന്റ് ഏജൻസിയായി നിശ്ചയിക്കുകയും ആകെ ലഭിക്കുന്ന കേന്ദ്ര സഹായത്തിന്റെ പകുതി ഈ സ്ഥാപനത്തിന് ഫീസായി നൽകുകയും ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. കെഎസ്ഇബിക്ക് സ്വന്തം നിലയിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നത് യാതൊരു പരിമിതികളുമില്ല.
5. കേരളത്തിന്റെ സ്വന്തം കമ്മ്യൂണിക്കേഷൻ ശൃംഖലയായ കെ-ഫോൺ സ്മാർട്ട് മീറ്റർ സംവിധാനത്തിന്റെ കമ്മ്യൂണിക്കേഷൻ മാധ്യമമായി ഉപയോഗിക്കാൻ കഴിയും. സ്മാർട്ട് മീറ്റർ ഇന്റർഗ്രേഷന് ആവശ്യമായ സോഫ്റ്റ്‌വേര്‍ കെഎസ്ഇബി തന്നെ വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ തിരുവനന്തപുരത്തെ സി-ഡാക് കെഎസ്ഇബിക്ക് വേണ്ടി ഏറ്റെടുത്ത ഗവേഷണപ്രവർത്തനത്തിന്റെ ഭാഗമായി സ്മാർട്ട് മീറ്റർ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാധ്യതയുപയോഗിച്ച് കേന്ദ്ര സമീപനത്തിന് ബദലായതും ചെലവ് കുറഞ്ഞതുമായ സ്മാർട്ട് മീറ്റർ വ്യാപന പദ്ധതി രൂപീകരിക്കാൻ കേരളത്തിന് കഴിയും.
വൈദ്യുതി വിതരണ രംഗത്ത് സമ്പൂർണ സ്വകാര്യവൽക്കരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. വൈദ്യുതി ലൈനുകൾ നിർമ്മിക്കലും പരിപാലിക്കലുമെല്ലാം പൊതുമേഖല ചെയ്തുകൊള്ളണം. അതിലൂടെ വൈദ്യുതി കടത്തിക്കൊണ്ടുപോയി വിറ്റ് ലാഭമുണ്ടാക്കാൻ സ്വകാര്യ കമ്പനികൾക്ക് അവസരം നൽകണം. സാധാരണ ഉപഭോക്താക്കൾക്കും കൃഷി വ്യവസായം തുടങ്ങിയ മേഖലകൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ കെഎസ്ഇബിക്ക് കഴിയുന്നത് ധനശേഷി കൂടിയ വൻകിട ഉപഭോക്താക്കളിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കുന്നതിലൂടെയാണ്. അതിലൂടെ ലഭിക്കുന്ന അധിക തുകയുടെ ആനുകൂല്യം സാധാരണ ഉപഭോക്താക്കൾക്ക് നൽകുന്നതാണ് ക്രോസ് സബ്സിഡി സംവിധാനം. പുതുതായി കടന്നുവരുന്ന സ്വകാര്യ കമ്പനികൾ ഇത്തരം വൻകിട ഉപഭോക്താക്കളെയാണ് ലക്ഷ്യംവയ്ക്കുക. ഇവരുടെ നിരക്കിൽ ചെറിയ ഇളവ് നൽകിയാലും നല്ല ലാഭം കിട്ടും. ഇത്തരം ഉപഭോക്താക്കൾ നഷ്ടപ്പെടുന്നതിലൂടെ പൊതുമേഖല വലിയ പ്രതിസന്ധിയിലാകും. സാധാരണക്കാരന്റെ വൈദ്യുതി നിരക്ക് വൻ തോതിൽ വർധിപ്പിക്കേണ്ട സ്ഥിതിയാണ് തുടർന്ന് ഉണ്ടാകുക. ടോട്ടക്സ് രീതിയിലുള്ള സ്മാർട്ട് മീറ്റർ വ്യാപനം സാധാരണ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായിത്തീരുക തന്നെ ചെയ്യും.

കേരളം ബദൽ പദ്ധതി നടപ്പിലാക്കണം

കേന്ദ്രനയം അങ്ങനെതന്നെ പിന്തുടരേണ്ട സാഹചര്യമൊന്നും തന്നെയില്ല. വളരെ പെട്ടെന്ന് സ്മാർട്ട് മീറ്ററിലേക്ക് പോകേണ്ട സാഹചര്യവും നിലവിലില്ല. കെഎസ്ഇബി നേരിട്ടോ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യം ഉണ്ടാക്കിയോ ഘട്ടം ഘട്ടമായി സ്മാർട്ട് മീറ്റർ വ്യാപനം സാധ്യമാണ്. തിരുവനന്തപുരത്തുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡിഡാക് കെഎസ്ഇബിയുമായി ചേർന്ന് സ്മാർട്ട് മീറ്റർ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്റർ നിർമ്മിക്കാൻ കഴിയും. കെ-ഫോൺ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തി കെഎസ്ഇബിയുടെ നിയന്ത്രണത്തിൽ പദ്ധതി നടപ്പാക്കുന്നത് ആകെ ചെലവ് കുറച്ചു നിർത്തുന്നതിനും ഉപഭോക്താക്കൾക്ക് അധികഭാരം ഏല്പിക്കാതെ ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും സഹായിക്കും. സംസ്ഥാനം പിന്തുടരുന്ന ബദൽ നയം സ്മാർട്ട് മീറ്റർ വ്യാപനത്തിലും സാധ്യമാകണം.


ഇതുകൂടി വായിക്കൂ: കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 150.90 ലക്ഷം കോടി


വൈദ്യുതി ജീവനക്കാർക്കെതിരെ വ്യാജപ്രചരണം

കേന്ദ്രസർക്കാർ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങൾ സംസ്ഥാനത്തും അടിച്ചേല്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെയും ലക്ഷ്യം ഇതുതന്നെയാണ്. ടോട്ടക്സ് രീതിയിലുള്ള സ്മാർട്ട് മീറ്റർ പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇത് മനസിലാക്കി ബദൽ നയം സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്ന സമീപനം ബോർഡ് അധികാരികളിൽ നിന്നുണ്ടാകുന്നു. വൈദ്യുതി മേഖലയിലെ തൊഴിലാളി ഓഫിസർ സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എൻജിനീയേഴ്സ് (എൻസിസിഒഇഇഇ) നേതൃത്വത്തിൽ പദ്ധതിയുടെ ജനവിരുദ്ധ സ്വഭാവവും സ്വകാര്യവൽക്കരണ താല്പര്യവും തുറന്നുകാണിച്ചു രംഗത്തുവന്നത് തല്പരകക്ഷികൾക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ബഹുജനങ്ങൾക്കുമുന്നിൽ വൈദ്യുതിജീവനക്കാരെ താറടിച്ചു കാണിക്കുന്ന നിലയിലുള്ള വ്യാജപ്രചരണങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ജനവിരുദ്ധ നയങ്ങൾക്കെതിരായ കൂട്ടായ ചെറുത്തുനിൽപ്പ് ദുർബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്.

ദേശീയാടിസ്ഥാനത്തിൽ വൈദ്യുതി മേഖലയിൽ നിലനിൽക്കുന്ന സേവനവേതന നിലവാരം അപേക്ഷിച്ച് കുറഞ്ഞ ശമ്പളനിരക്കുകൾ മാത്രമാണ് കെഎസ്ഇബിയിൽ നിലനിൽക്കുന്നത്. വൈദ്യുതി മേഖലയിലെ ജോലി സ്വഭാവമോ അപകടകരമായ തൊഴിൽ സാഹചര്യമോ ഒന്നും കണക്കിലെടുക്കാതെ തെറ്റിദ്ധാരണ പരത്തി വൈദ്യുതി ജീവനക്കാർ കുഴപ്പക്കാരാണെന്ന നിലയിൽ പ്രചരിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾ ഉയർന്നുവരുന്ന ജനകീയ കൂട്ടായ്മ തകർക്കുന്നതിന് ലക്ഷ്യമാക്കിയിട്ടുള്ള ഗൂഢതന്ത്രമാണെന്ന് ഏവരും തിരിച്ചറിയണം. ആയതിനാൽ വ്യാജ പ്രചരണങ്ങൾ തള്ളിക്കളയാനും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാനും എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണം. ഉപഭോക്താക്കൾക്ക് അധികഭാരം അടിച്ചേല്പിക്കുന്നതും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്നതുമായ ടോട്ടക്സ് പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തണം. കേരളത്തിന്റെ ബദൽ വികസന നയം തകർക്കുന്ന വൈദ്യുതി ബോർഡ് മാനേജ്മെന്റ് സമീപനങ്ങളെ തിരുത്തിക്കാൻ ശക്തമായ ജനകീയ മുന്നേറ്റം ഉയർന്നു വരണം. ടോട്ടക്സ് മാതൃക സ്മാർട്ട് മീറ്റർ വ്യാപന പദ്ധതിയുടെ അപകടം ഉയർത്തിക്കാട്ടി എന്‍സിസിഒഇഇഇ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുവാൻ കേരളത്തിലെ വൈദ്യുതി ജീവനക്കാരോടൊപ്പം കേരള നാട് ഒന്നാകെ കൈകോർക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.