29 March 2024, Friday

വൈദ്യുതി വിതരണ മേഖല പരിഷ്കരണം; സംസ്ഥാന പദ്ധതി രേഖയ്ക്ക് അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
March 25, 2022 11:23 pm

വൈദ്യുതി വിതരണ മേഖലയില്‍‍ എല്ലാ ഉപഭോക്താക്കള്‍‌ക്കും സ്മാര്‍‍ട്ട് മീറ്റര്‍‌‍ ഉള്‍പ്പെടെ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍‍ക്കാരിന്റെ നവീകരിച്ച വിതരണ മേഖല പദ്ധതിയില്‍ ഉള്‍‍‍പ്പെടുത്തി സംസ്ഥാനം സമര്‍‍പ്പിച്ച വിശദ പദ്ധതി രേഖയ്ക്ക് കേന്ദ്ര ഊര്‍‍ജ്ജ മന്ത്രാലയത്തിന്റെ അംഗീകാരം.
വൈദ്യുതി ബോര്‍ഡ് തയാറാക്കിയ വിശദ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി അംഗീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്മേൽ സംസ്ഥാന സർക്കാർ അംഗീകരിച്ച കര്‍മ്മ പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ കെഎസ്ഇബിഎല്‍ 2022–23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കാന്‍ തുടങ്ങും.

വിതരണ മേഖലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ടൗണുകളുടെ വിദൂര നിയന്ത്രിത വിതരണ ശൃംഖലകള്‍ക്കും 60 ശതമാനം കേന്ദ്ര ധന സഹായത്തോടു കൂടി 2236 കോടിരൂപയുടെ പദ്ധതിക്കും, എല്ലാ ഉപഭോക്താക്കള്‍ക്കും മുന്‍‌കൂര്‍ പണമടയ്‌ക്കേണ്ട സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനായി 15 ശതമാനം കേന്ദ്ര ധന സഹായത്തോടു കൂടി 8175 കോടിരൂപയുടെ പദ്ധതിക്കുമാണ് ഒന്നാം ഘട്ടത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തിലെ വിതരണ ലൈസന്‍സി ആയ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനുളള 10 കോടിരൂപയും ഉള്‍പ്പെട്ടിരിക്കുന്നു.

വൈദ്യുതി വിതരണ മേഖലയിലെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള “നവീകരിച്ച വിതരണ മേഖല പദ്ധതി” രാജ്യത്തുടനീളം നഗര‑ഗ്രാമ പ്രദേശ ഭേദമന്യേ ഒരുപോലെ നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. വിതരണ മേഖലയിലെ പരിഷ്‌കാരങ്ങള്‍ വഴി സാമ്പത്തിക നഷ്ടം കുറയ്ക്കുവാന്‍ ഡിസ്കോമുകളെ പ്രാപ്തമാക്കുകയും കാര്യക്ഷമത ഉറപ്പാക്കുകയും സമയബന്ധിതമായി പ്രകടനം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. പദ്ധതി കാലാവധി 2025 സാമ്പത്തിക വര്‍ഷം വരെയാണ്.

Eng­lish Sum­ma­ry: Pow­er Sup­ply Sec­tor Reforms Approval of State Plan Document
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.