9 September 2024, Monday
KSFE Galaxy Chits Banner 2

ഇന്ന് മാതൃഭാഷാ ദിനം; മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിന് മാതൃകയായി പ്രവീൺ വർമ്മ

ഐശ്വര്യ ശ്രീജിത്ത്
കോഴിക്കോട്
February 21, 2022 8:22 am

മനുഷ്യവംശത്തിന്റെ കുടിയേറ്റ ചരിത്രത്തോടൊപ്പം തന്നെ പഴക്കമുളളതാണ് ഭാഷകളുടെ കുടിയേറ്റവും. ലോകമെമ്പാടും ജീവിതോപാധിക്കായും അല്ലാതെയും മനുഷ്യർ സഞ്ചരിക്കുന്നതിനോടൊപ്പം തന്നെ സഞ്ചരിക്കപ്പെടുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഭാഷയും. ഏത് നാട്ടിൽപ്പോയി അവിടത്തെ ഭാഷ സംസാരിക്കുമ്പോഴും ഒന്ന് വേദനിച്ചാലോ സ്വന്തം നാട്ടുകാരനെക്കണ്ട് അമ്പരക്കുമ്പോഴോ എന്തിന് മനസു തുറന്നൊന്ന് സംസാരിക്കണമെങ്കിൽപ്പോലും നാവിൻതുമ്പത്ത് ആദ്യം വരിക സ്വന്തം മാതൃഭാഷയാണ്.

1999 നവംബർ 17നാണ് യുനെസ്കോ ഫെബ്രുവരി 21ന് ലോക മാത‍ൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. ഓരോ ഭാഷകളുടെയും സ്വത്വം സംരക്ഷിക്കണമെന്നും അത് സമൂഹത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാക്കണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ സന്ദേശം. ഇത്തവണ ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകുന്ന പ്രവാസി ഭാഷാ പുരസ്കാരത്തിന് കോഴിക്കോട് സ്വദേശിയായ പ്രവീൺ വർമ്മ എം കെയാണ് അർഹനായത്. മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിന് നൂതന ആശയം ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന ഭാഷാപ്രതിഭാ പുരസ്കാരമാണിത്. സെഡ് എം പൂളമംഗലം ഹെെസ്കൂളിലെ ഭാഷാധ്യാപകനായ പ്രവീൺ ബാലുശ്ശേരി മല്ലിശ്ശേരി കോവിലകം കുടുംബാംഗമാണ്. തന്റെ വെബ്സൈറ്റായ താളിളക്കം, മലപ്പുറം ജില്ലയിലെ യുപി തല മലയാളാധ്യാപക കൂട്ടായ്മ തയ്യാറാക്കിയ മമ ആപ്പ്, കീരവാണി ദ്വൈവാരിക ഡിജിറ്റൽ പത്രം, മലയാളം വെർച്വൽ ലാബ് തുടങ്ങിയ ഭാഷാസാങ്കേതിക സംവിധാനങ്ങളാണ് പ്രവീൺ വർമ്മയെ ഒരു ലക്ഷം രൂപയുടെ അവാർഡിന് അർഹനാക്കിയത്. ഇവ കൂടാതെ മലയാളം മിഷന്റെ ഭാഷാ പ്രതിഭ പുരസ്കാരവും പ്രവീൺ വർമ്മ നേടിയിട്ടുണ്ട്.

സാങ്കേതിക ഭാഷാപരമായ മൊബെെൽ ആപ്ലിക്കേഷനായ എഴുത്താശാൻ, എഴുത്തുപുര എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. കൂടാതെ 1841ലെ മലയാളത്തിലെ ആദ്യ നിഘണ്ടുവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും ഹെർമൻ ഗുണ്ടർട്ടിന്റേയും നിഘണ്ടുക്കളും തുറന്ന ശൈലിയിൽ വിഭാവനം ചെയ്തിരിക്കുന്നു. താളിളക്കം എന്ന വെബ് സൈറ്റിലൂടെ 562 പൂർവകാല സാഹിത്യകൃതികൾ, താളിയോല ഗ്രന്ഥങ്ങൾ, പുരാതന മാസികകൾ എന്നിവയുടെ ശേഖരണമാണ് ഇദ്ദേഹം ഒരുക്കിയിട്ടുള്ളത്. നൂറുവർഷം മുമ്പുള്ള രസികരഞ്ജിനി, മംഗളോദയം തുടങ്ങിയവയിലെ ഭാഷാപരമായ ലേഖനങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രധാനമായും മലയാള ഭാഷാധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേണ്ട വിഭവങ്ങളുടെ ശേഖരമാണ് ഇതിൽ ഒരുക്കിയിട്ടുള്ളതെന്ന് പ്രവീൺ വർമ്മ പറഞ്ഞു. ഭാഷയിൽനിന്നു ബഹുദൂരം അകലെ നിൽക്കേണ്ടിവന്ന ഒരു വലിയ മലയാളി സമൂഹത്തെ അതിനോട് അടുപ്പിക്കാൻ ഈ സാങ്കേതിക മുന്നേറ്റം കാരണമായിട്ടുണ്ട്. മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിന് കിട്ടിയ അംഗീകാരം കൂടിയാണിത്.

eng­lish summary;Praveen Ver­ma as a role mod­el for mak­ing Malay­alam lan­guage tech­nol­o­gy friendly

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.