17 May 2024, Friday

Related news

May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 8, 2024
May 7, 2024

പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ശ്രീലങ്കയില്‍ ത്രികോണ പോരാട്ടം

Janayugom Webdesk
July 19, 2022 11:09 pm

ജനകീയ പ്രക്ഷേ­ാഭം ശക്തമായി തുടരുന്നതിനിടെ ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസെ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ശ്രീലങ്ക സാക്ഷ്യം വഹിക്കുക. ഇടക്കാല പ്രസിഡന്റായ റെനില്‍ വിക്രമസിംഗെ, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡള്ളസ് അലഹപ്പെരുമെ, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അനുര കുമാര ദിസനായകെ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

കർശന സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിൽ 10 മിനിറ്റിൽ താഴെ നീണ്ടുനിന്ന സമ്മേളനത്തിൽ നിയമസഭാംഗങ്ങൾ മൂവരെയും ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. മുൻ സൈനിക മേധാവി ശരത് ഫൊൻസേകയ്ക്ക് നിയമസഭാംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല. 2024 നവംബർ വരെ ശേഷിക്കുന്ന ഗോതബയ രാജപക്സെയുടെ കാലയളവിലേക്കാണ് പുതിയ പ്രസിഡന്റ് ചുമതലയേൽക്കുക.
വിജയസാധ്യത കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സജിത് പ്രേമദാസെയുടെ പിന്മാറ്റം. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന വിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡള്ളസ് അലഹപ്പെരുമെയ്ക്ക് പ്രേമദാസെ പിന്തുണ പ്രഖ്യാപിച്ചു. മുന്‍ വാര്‍ത്താ വിതരണ മന്ത്രിയായിരുന്ന ഡള്ളസ് 10 എംപിമാരുമായാണ് പാര്‍ട്ടി വിട്ടത്. 50 എംപിമാരുടെ പിന്തുണയാണ് സജിത് പ്രേമദാസെയ്ക്കുള്ളത്. പാർലമെന്റിൽ 10 അംഗങ്ങളുള്ള പ്രതിപക്ഷമായ തമിഴ് നാഷണൽ അലയൻസ് (ടിഎൻഎ) ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ദിസനായകെയുടെ ജനതാ വിമുക്തി പെരമുനയ്ക്ക് (ജെവിപി) മൂന്ന് സീറ്റുകളുണ്ട്.

225 അംഗ സഭയില്‍ ശ്രീലങ്ക പൊതുജന പെരുമുനയ്ക്ക് (സ്­എല്‍പിപി) 147 സീറ്റുകളാണുള്ളത്. എന്നാല്‍ റെ­നില്‍ വിക്രമസിംഗെയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് എസ്­എല്‍പിപി ജനറല്‍ സെക്രട്ടറി സാഗര കാര്യവാസം പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടി വിട്ട അലഹപ്പെരുമെയ്ക്കൊപ്പമാണെന്നാ­ണ് ചെയര്‍മാന്‍ ജി എല്‍ പീരിസ് വ്യക്തമാക്കിയത്. രാജപക്സെ കുടുംബം വിക്രമസിംഗെയെ ശക്തമായി പിന്തുണയ്ക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ ഭിന്നത വോട്ടില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്. ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്ര­ക്ഷോ­­ഭകർ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസെയുടെ വസതിക്ക് മുന്നിലും പ്രക്ഷോഭകർ പ്രതിഷേധിച്ചിരുന്നു.

Eng­lish Summary:Presidential elec­tion; Tri­an­gu­lar strug­gle in Sri Lanka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.