17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 28, 2023
July 12, 2023
July 5, 2023
December 14, 2022
December 10, 2022
November 7, 2022
November 5, 2022
October 3, 2022
August 11, 2022
July 20, 2022

വിലക്കയറ്റവും പണപ്പെരുപ്പവും ദരിദ്രര്‍ക്ക് വിനാശകരം

ഡോ. ഗ്യാന്‍ പഥക്
October 3, 2022 5:30 am

രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ധന, പണനയങ്ങൾ പരിശോധിച്ചാൽ, പണനയം ഞാണിന്മേലുള്ള കളിപോലെയാണ്. രാജ്യത്തെ പണപ്പെരുപ്പത്തിന് പ്രധാനകാരണം ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ്. ഇതു രാജ്യത്തെ ദരിദ്രരെയും ദുർബലജനവിഭാഗങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ്. 2020ലെ ലോക്ഡൗൺ മുതൽ 140 കോടി ജനസംഖ്യയിൽ 80 കോടി ജനങ്ങളെ സഹായിക്കുന്നതിനായി സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു. എന്നാൽ ഈ പദ്ധതി 2022 സെപ്റ്റംബർ 30ന് അപ്പുറം നീട്ടിയില്ലെങ്കില്‍ വലിയൊരു ജനവിഭാഗത്തിന് ഏറ്റവും കൂടുതൽ ദുരിതമാണ് ഉണ്ടാകുവാൻ പോകുന്നത്. കാരണം ഭക്ഷ്യവില അവരിലെ ഭൂരിഭാഗത്തിനും താങ്ങാനാകുന്നില്ല. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറയുന്നത്, ആഗോളതലത്തിൽ പരിശോധിച്ചാൽ പണനയത്തിലുള്ള വ്യതിയാനം സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് ദുരിതവും ദരിദ്രർക്ക് ദുരന്തവും ഉണ്ടാക്കുമെന്നാണ്. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ അത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കണമെന്ന മുന്നറിയിപ്പും ഐഎംഎഫ് മേധാവി നൽകുന്നുണ്ട്. രാജ്യത്തെ ധനനയം ദരിദ്രരെ രക്ഷിക്കാൻ ആവശ്യമാണെങ്കിലും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിടുന്നത് ധനനയത്തിന് എതിരായിരിക്കും. ധനനയം തീരുമാനിക്കുന്നത് സർക്കാരാണ്.

അതേസമയം പണനയം ആർബിഐ ആണ് തീരുമാനിക്കുന്നത്. കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ഉദാര ധനനയം ഇഷ്ടംപോലെ ചെയ്യാവുന്നതാണ്. എന്നാൽ പണപ്പെരുപ്പത്തിന്റെ സമ്മർദ്ദത്താൽ പലിശനിരക്ക് വർധിപ്പിക്കുകയല്ലാതെ ആർബിഐക്ക് മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല. ഇതു വിലവർധനവിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരു സാഹചര്യത്തിൽ പണനയങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട്. ഇതു വലിയ ഭവിഷ്യത്ത് ആയിരിക്കും വരുത്തുന്നത്. വളർച്ചക്ക് അനുയോജ്യമായ സാഹചര്യങ്ങൾ പുനഃസ്ഥാപിച്ച് സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും രക്ഷിക്കാൻ ഇത്തരമൊരു സാഹചര്യത്തിൽ മോഡി സർക്കാർ ബാധ്യസ്ഥരാണ്. വിലസ്ഥിരത ഉണ്ടാകണം. ഉപഭോക്തൃ കാര്യവകുപ്പിന്റെ സെറ്റിൽ കാണിക്കുന്നത്, ദേശീയ പ്രതിദിന ശരാശരി റീട്ടെയിൽ അരിയുടെ വില 9.03 ശതമാനവും ഗോതമ്പ് 14.39ഉം, ഗോതമ്പ് പൊടി 17.87 ശതമാനവുമാണെന്നാണ്. മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. അരിയുടെ ദേശീയ ശരാശരി മൊത്തവിലയിൽ 10.16 ശതമാനവും ഗോതമ്പിന് 15.43 ശതമാനവും ഗോതമ്പു പൊടി 20.65 ശതമാനവുമായി ഉയർന്നു. രാജ്യത്തെ പ്രധാനഭക്ഷണമാണ് അരി. കൃഷിമന്ത്രാലയം തിട്ടപ്പെടുത്തിയ കണക്കനുസരിച്ച് ഖാരിഫ് അരിയുടെ ഉല്പാദനം 104.99 ദശലക്ഷം ടണ്ണാണ്, ഇത് കഴിഞ്ഞ ഖാരിഫ് സീസണിലെ ഉല്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ 111.6 മെട്രിക് ടണ്ണിൽ (ആറ് ശതമാനം) കുറവാണ്. അതിനാൽ ആഭ്യന്തരമായി അരിയുടെ വിലവർധനവ് ഉണ്ടാകും.


ഇതുകൂടി വായിക്കൂ: ഒടുവില്‍ വിലക്കയറ്റം സമ്മതിച്ച് കേന്ദ്രം  


അടുത്ത ഖാരിഫ് സീസൺ വരെ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും അത് വർധിച്ചുകൊണ്ടിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലാണ് അരി വിതരണം ചെയ്യുന്നതെന്നതിനാൽ ഖാരിഫ് ഉല്പാദനത്തിലെ ഇടിവ് വളരെ ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പൊതുവിതരണ സമ്പ്രദായത്തിന് ആവശ്യമായ അളവിൽ അരി സംഭരിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ആഭ്യന്തര വില പിടിച്ചുനിർത്തുന്നതിൽ ഇന്ത്യ അടുത്തിടെ അരിയുടെ കയറ്റുമതി നിരോധിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അരിയുടെ ആഭ്യന്തര വില കുതിച്ചുയർന്നു. വിലകൂടിയ എണ്ണ ഇറക്കുമതി ലഭിക്കുന്ന എഥനോൾ മിശ്രിത പദ്ധതിയെ പിന്തുണക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് മാറ്റങ്ങൾ വരുത്തിയതെന്നാണ് മന്ത്രാലയം പറയുന്നത്. പാൽ, മാംസം, മുട്ട എന്നിവയുടെ വിലയെയും ബാധിച്ചു. എന്നിരുന്നാലും അരിയുടെ കയറ്റുമതി കഴിഞ്ഞ നാല് വർഷത്തിനിടെ 43 മടങ്ങ് വർധിച്ചു. 2019ൽ വെറും 0.51 എൽഎംടിയിൽ നിന്ന് 2022 ഏപ്രിൽ‑ഓഗസ്റ്റ് കാലയളവിൽ 21.31 എൽഎംടി ആയി. എന്നാൽ അരിയുടെ ആഭ്യന്തര വില കിലോഗ്രാമിന് 16 രൂപയിൽ നിന്ന് 22 ആയി പൊതു വിപണിയിൽ ഉയർന്നു. അതിനാൽ കോഴി വളർത്തലിനും മൃഗപരിപാലനത്തിനുമുള്ള ഉല്പാദന ചെലവ് 60 മുതൽ 65 ശതമാനം വരെ വർധിച്ചു. ഇതുമൂലം മാംസം, മുട്ട, പാൽ എന്നിവയുടെ വില വർധിപ്പിക്കേണ്ടിവന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി. എന്നാൽ സങ്കീർണമായ ഈ പ്രശ്നങ്ങളെ മോഡി സർക്കാർ ഗൗരവമായി കാണുന്നില്ല. വളരെ സങ്കുചിത നിലപാടാണ് ബിജെപി സർക്കാരിനുള്ളത്.

സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് സർക്കാരിന് ഒരു പിടിയുമില്ല. പണപ്പെരുപ്പം ഉയർന്ന നിരക്കായ ഏഴ് ശതമാനത്തിനടുത്താണെങ്കിലും ആർബിഐ പരിധി നാലു മുതൽ ആറ് ശതമാനം വരെയാണ്. ഇത് നാല് ശതമാനമായി കുറയ്ക്കാൻ ആർബിഐയുടെ പണനയത്തിലൂടെ ഏറെ ബുദ്ധിമുട്ടാണ്. കാരണം നിരക്ക് വർധനവ് സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് അവരും ഭയപ്പെടുന്നു. സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും സന്തുലിതമാകേണ്ടതിനാൽ ധനനയവും പണനയവും വളരെ ശ്രദ്ധയോടെയാണ് പരിഗണിക്കേണ്ടത്. ചില്ലറ പണപ്പെരുപ്പം 7.79 ശതമാനമായി ഉയരുന്നത് തടയാൻ ആർബിഐക്ക് കഴിഞ്ഞില്ല. ഇത് എട്ട് വർഷത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. മേയ് മാസത്തിൽ ഭക്ഷ്യവിലയിലെ കുത്തനെയുള്ള വർധനവാണിത്. അതിനുശേഷം പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടർന്നു. പലിശ നിരക്ക് ഉയർത്താൻ ആർബിഐക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. സെപ്റ്റംബർ 30നുള്ളിൽ മോണിറ്ററി പോളിസി കമ്മിറ്റിയെക്കുറിച്ചുള്ള റിപ്പോർട്ട് വരാനിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:  ദരിദ്രനാരായണന്മാരുടെ അതിസമ്പന്ന രാഷ്ട്രം 


പണപ്പെരുപ്പം ഏഴ് ശതമാനത്തിൽ താഴെ എത്തിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഗ്യാസോലിൻ, ഡീസൽ എന്നിവയുടെ നികുതി കുറയ്ക്കുകയും അരി, പഞ്ചസാര മുതലായവയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന ധനനയം മോഡി സർക്കാർ തൊട്ടടുത്തമാസങ്ങളിൽ തിരുത്തിയിട്ടുണ്ട്. 2022–23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 13.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതോടെ ജനങ്ങളുടെ പ്രതിഷേധങ്ങളെയും എതിർപ്പുകളെയും ഒരു പരിധിവരെ ശമിപ്പിക്കാൻ മോഡി സർക്കാരിന് കഴിഞ്ഞു. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ്. മൊത്തത്തിലുള്ള 7.5 ശതമാനത്തിന്റെ വളർച്ച ആർബിഐയുടെ പ്രവചനത്തെക്കാൾ 16.2 ശതമാനത്തിൽ താഴെയാണ്. ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്ന കണക്കുകൾ പറയുന്നത് പണപ്പെരുപ്പം ഉയർന്നതുകാരണം ഇത് ഏഴ് ശതമാനം മാത്രമായിരിക്കും. ഇന്ത്യയിൽ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുകയാണ്. പാവപ്പെട്ടവന്റെ ജീവിതം ഏറെ ദുരിതപൂർണമാകും. കൂടുതൽ ആഘാതങ്ങൾ സൃഷ്ടിക്കുന്ന കാത്തിരിപ്പ് നയം ഉപേക്ഷിച്ച് പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളും വഴികളും കേന്ദ്ര സർക്കാർ കണ്ടെത്തിയേ മതിയാകൂ. (കടപ്പാട് ഐപിഎ)

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.