November 28, 2023 Tuesday

Related news

November 21, 2023
November 19, 2023
November 8, 2023
October 24, 2023
September 18, 2023
September 8, 2023
September 3, 2023
August 28, 2023
August 25, 2023
August 21, 2023

വിലക്കയറ്റം: കേന്ദ്രം പറയുന്ന കാരണം വശ്വസിക്കാമോ

സനില്‍ രാഘവന്‍
July 5, 2023 4:45 am

സാധാരണക്കാരന്റെ മുമ്പോട്ടുള്ള ജീവിതത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയുള്‍പ്പെടെ അനുദിനം വര്‍ധിക്കുകയാണ്. കുടുംബ ബജറ്റുകളെല്ലാം താളംതെറ്റുന്ന തരത്തിലാണ് സ്ഥിതിഗതികള്‍. രാജ്യത്തെ പത്തില്‍ നാല് കുടുംബങ്ങളെയെങ്കിലും വലിക്കയറ്റം ബാധിച്ചതായാണ് പഠനം. വില വര്‍ധനവിന് കാരണമായി മോഡി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥ വ്യതിയാനംമൂലമുള്ള ഉല്പാദന കുറവാണ്. എന്നാല്‍ യാഥാര്‍ത്ഥ കാരണം വന്‍കിട വ്യാപാരികള്‍ക്കും ഊഹകച്ചവടക്കാര്‍ക്കും പൂഴ്തത്തിവയ്പിന് അവസരം നല്‍കി എന്നുള്ളതാണ്. രാജ്യത്ത് കൃത്രികമക്ഷാമം സൃഷ്ടിച്ച് വന്‍കിടവ്യാപാരികള്‍ വലിക്കയറ്റം സൃഷ്ടിക്കുകയാണ്.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ പൂഴ്ത്തിവപ്പുകാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്. 1995ലെ അവശ്യസാധന നിയമപ്രകാരം കച്ചവടക്കാരന് സാധനങ്ങള്‍ സംഭരിക്കുന്നതിനും മറ്റും പരിധി ഉണ്ടായിരുന്നു. അതുവഴി പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാക്കുന്ന വിലവര്‍ധനവും തടയാനാവുമായിരുന്നു. എന്നാല്‍ പിന്നീട് വന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള വാജ്പേയ് സര്‍ക്കാര്‍ അവശ്യസാധനനിയമത്തിലെ വകുപ്പ് ഭേദഗതി ചെയ്തു. കച്ചവടക്കാര്‍ക്ക് സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിനുമുള്ള പരിധി എടുത്തു കളഞ്ഞു. തുടര്‍ന്ന് ഡോ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരികയാണ് ചെയ്തത്. ഇതിന്റെ ഭാഗമായി ഈ നിയമത്തില്‍ വീണ്ടും ഭേദഗതികള്‍ വരുത്തി.

അവശ്യസാധന നിയമ ഭേദഗതി
2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അവശ്യസാധന നിയത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം പയര്‍-പരിപ്പ് ഇനങ്ങളുടെ സംഭരണ പരിധി എടുത്തുകളഞ്ഞു. അതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിയമനിര്‍മ്മാണം നടത്താനുള്ള നിര്‍ദേശവും നല്‍കി. പയര്‍–പരിപ്പ് ഇനങ്ങള്‍ ഏറ്റവും അധികം ഉല്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നിയമം ഭേദഗതിചെയ്ത് ഉത്തരവിറക്കി. അന്ന് ഇവിടങ്ങളിലെല്ലാം ബിജെപി സര്‍ക്കാരുകള്‍ ആയിരുന്നു ഭരണത്തില്‍. എന്നാല്‍, നിയമഭേദഗതിയുടെ ഗുണം രാജ്യത്തെ കര്‍ഷകര്‍ക്കോ ജനങ്ങള്‍ക്കോ ലഭിച്ചില്ല. പകരം അഡാനി അടക്കമുള്ള വന്‍കിട ചില്ലറ വ്യാപാര കമ്പനികള്‍ നേട്ടം കൊയ്യാന്‍ തുടങ്ങി. പയര്‍–പരിപ്പ് ഇനങ്ങളുടെ 60 ശതമാനവും കൈകാര്യം ചെയ്യുന്നത് പത്തില്‍ താഴെ വരുന്ന വന്‍കിട കമ്പനികളാണ്.

അഡാനിക്കു പകുതി ഓഹരിപങ്കാളിത്തമുള്ള സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡാനി–വില്‍മര്‍ ഗ്രൂപ്പ് ഇന്ത്യയില്‍ പയര്‍–പരിപ്പ് ഇനങ്ങള്‍ സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും മൂന്ന് കമ്പനികള്‍ (മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്) തുടങ്ങാന്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തീരുമാനിച്ചിരുന്നു. ദിവസം 300 ടണ്‍ പയര്‍–പരിപ്പ് ഇനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പ്ളാന്റുകളാണ് ഓരോയിടത്തും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അവശ്യവസ്തുനിയമം അനുസരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന പയര്‍–പരിപ്പ് ഉപയോഗിച്ച് ഒരു ദിവസംപോലും പ്ളാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്നതിനാലാണ് മോഡി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്.

വന്‍കിട കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു
കോര്‍പ്പറേറ്റുകളെയും വന്‍കിട മുതലാളിമാരെയും സംരക്ഷിക്കുന്ന സര്‍ക്കാരാണെന്നതിന്റെ മറ്റൊരു ഉദാരഹണമാണ് രാജ്യത്ത് ഉള്ളിക്കും സവാളയ്ക്കും കൃത്രിമമായി ഉണ്ടാക്കിയ വിലക്കയറ്റം. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഉള്ളി ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഉള്ളി ഉല്പാദനത്തിന്റെ 45 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയും കര്‍ണാടകയുമാണ്. വിളവെടുത്തു കഴിഞ്ഞാല്‍ സൂക്ഷിക്കാനാവശ്യമായ സംഭരണകേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ വന്‍കിടകമ്പനികളുടെ ഊഹക്കച്ചവടത്തിനു വിധേയമാകും. ഇതോടെ വിളവെടുപ്പിനു മുമ്പുതന്നെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാന്‍ സാധാരണ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി വിപണി സ്ഥിതിചെയ്യുന്ന നാസിക്കില്‍ ആധുനിക ശീതീകരിച്ച സംഭരണശാലകളാണുള്ളത്. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളുടെ ഉടമസ്ഥതയിലുമാണ്. കര്‍ഷകരില്‍നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി സംഭരിക്കുന്ന സവാളയാണ് പിന്നീട് കൊള്ളലാഭത്തില്‍ വില്‍ക്കുന്നത്. പഞ്ചസാര, ഭക്ഷ്യഎണ്ണ തുടങ്ങിയ നിരവധി നിത്യോപയോഗ സാധനങ്ങളും ഇത്തരത്തില്‍ ഊഹക്കച്ചവടത്തിനു വിധേയമാക്കി വന്‍കിടകമ്പനികള്‍ വാങ്ങി കൊള്ളലാഭം നേടുന്നു.

പ്രാദേശിക നികുതിയില്‍ നിന്നും ഒഴിവാക്കല്‍
വന്‍കിട കമ്പനികളുടെ തീവെട്ടികൊള്ളയ്ക്ക് കുടപിടിക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ ഇക്കാലമെത്രെയും സ്വീകരിച്ചു പോരുന്നത്. പയര്‍-പരിപ്പ് ഇനങ്ങളെ പ്രാദേശിക നികുതിയില്‍ നിന്നും ഒഴിവാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടും. ഇതിന്റെ ഫലമായി ദരിദ്ര ജനവിഭാഗങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പോഷകാഹാരക്കുറവാണ് ഇതോടെ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്തെ ഇത്തരം വിഭാഗത്തിലെ കുട്ടികളുടെ വളര്‍ച്ച തന്നെ മുരടിക്കുന്നതിന് ഇത് കാരണമാകുന്നുമുണ്ട്.

റിപ്പോ നിരക്കുകളുടെ കൂട്ടല്‍
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ല എന്ന വസ്തുത നിലനില്‍ക്കെ, രാജ്യത്ത് പണപ്പെരുപ്പവും രൂക്ഷമാകുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ അപകട രേഖയും കടന്ന് പണപ്പെരുപ്പം ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തിയതായാണ് ജനുവരിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നിരന്തരം വര്‍ധിപ്പിച്ചിട്ടും വിലക്കയറ്റം മാത്രം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (ആർബിഐ) അപകടരേഖയും കടന്ന്‌ വിലക്കയറ്റവും കുതിച്ചുകയറി. പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ്‌ ബാങ്ക്‌ റിപ്പോ നിരക്കുകൾ കൂട്ടിയിട്ടും വിലക്കയറ്റം കുതിക്കുന്നത്‌ സാധാരണക്കാർക്ക്‌ വന്‍ ആഘാതമാവുന്നുണ്ട്. ജനുവരിയിൽ വിലക്കയറ്റ തോത്‌ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. ധാന്യങ്ങളുടെയും പാൽഉല്പന്നങ്ങളുടെയും വില കുതിച്ചുയർന്നതാണ്‌ തിരിച്ചടിയായത്‌. വിലക്കയറ്റം ആറ് ശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്തണമെന്നാണ് ആര്‍ബിഐ നിലപാട്. ആർബിഐ തുടർച്ചയായി റിപ്പോ നിരക്കുകൾ കൂട്ടിയിട്ടും പ്രയോജനമില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പണപ്പെരുപ്പ തോത്‌.

കാലാവസ്ഥയിലുണ്ടായ വ്യതിയാനം
തക്കാളിയുടെ വില കുതിച്ചുയരുന്നതും അതുമൂലം ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർധനവിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാൻ സാമ്പത്തിക വിദഗ്ധർ ശ്രമിക്കുകയാണ്. രാജ്യത്തുടനീളം വീശിയടിക്കുന്ന ഉഷ്ണ തരംഗങ്ങൾ തക്കാളിയെ പ്രത്യേകിച്ച് ബാധിച്ചു. ഇത് വിളകൾ ഉണങ്ങാനും ഇടയാക്കി. ഒടുവില്‍ കേട്ടത് തക്കാളിയില്‍ വൈറസ് ബാധ വ്യാപകമാകുന്നു എന്നാണ്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഈ വെല്ലുവിളികൾക്ക് പുറമേ, രാജ്യത്തിന്റെ ചില ഭാഗങ്ങളും വെള്ളപ്പൊക്കത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇത് കർഷകർക്ക് അവരുടെ പഴങ്ങളും പച്ചക്കറികളും ഫാമുകളിൽ നിന്ന് വിപണികളിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടിലാക്കി. ഉദാഹരണത്തിന് രാജസ്ഥാനിൽ വിപോർജോയ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിൽ വിളകൾ നശിച്ചു. പ്രാദേശിക വിപണികളിൽ എത്തുന്നതിൽ നിന്ന് അവ തടഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും പ്രകൃതിക്ഷോഭം വിളകളെ ബാധിച്ചു. വിലക്കയറ്റംകൊണ്ടും വളനാശംകൊണ്ടും ജനത പൊറുതിമുട്ടുമ്പോഴും മറ്റു ജനകീയ വിഷയങ്ങളിലേതെന്ന പോലെ പുറംതിരിഞ്ഞുനില്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്രാമീണമേഖലയിലാണ്‌ വിലക്കയറ്റം കൂടുതൽ എന്ന വസ്തുത ഭരണകൂടത്തെ ഇനിയും ഉണര്‍ത്തിയില്ലെന്നത് ഗൗരവതരമാണ്. കഴിഞ്ഞ ഡിസംബറിൽ 6.05 ശതമാനമായിരുന്ന ഗ്രാമങ്ങളിൽ വിലക്കയറ്റം. ജനുവരി ആയപ്പോഴേക്കും അത് 6.85 ശതമാനമായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് ശരാശരി പത്ത് പോയിന്റ് വച്ച് പ്രതിമാസം വിലക്കയറ്റം ഉയര്‍ന്നു. അപ്പോഴും മൗനത്താലാണ് മോഡിയും കേന്ദ്ര ഭരണകൂടവും.

Eng­lish Sam­mury: price rise; cen­tral expla­na­tion is incredible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.