10 January 2026, Saturday

Related news

January 9, 2026
January 7, 2026
January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026

എട്ട് അവശ്യ മരുന്നുകളുടെ വില ഉയരും

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2024 10:11 pm

എട്ട് മരുന്നുകളുടെ വില 50 ശതമാനം കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടി ഓഫ് ഇന്ത്യ (എന്‍പിപിഎ). പൊതുതാല്പര്യവും അസാധാരണമായ സാഹചര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ ഇതിനെ വിശദീകരിക്കുന്നു. ആസ‍്തമയ‍്ക്ക് ഉപയോഗിക്കുന്ന സാല്‍ബുട്ടാമോള്‍, ക്ഷയത്തിനുള്ള സ‍്ട്രിപ‍്റ്റോമൈസിന്‍, വിഷാദ രോഗത്തിനുള്ള ലിഥിയം ടാബ്‌ലെറ്റ്, ഗ്ലോക്കോമയ‍്ക്കുള്ള പൈലോകാര്‍പൈന്‍ തുള്ളി മരുന്ന് എന്നിവ അടക്കമുള്ളവയുടെ പരമാവധി വില 50 ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത്. മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ സാമ്പത്തിക വര്‍ഷവും മരുന്നുവില ഉയര്‍ത്താന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ട്. ഇതുപ്രകാരം 2024 ഏപ്രില്‍ ഒന്ന് മുതല്‍ മരുന്നുകള്‍ക്ക് 0.00551 ശതമാനം വരെ വില വർധന അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് എന്‍പിപിഎ അനുമതിയോടെ വില വര്‍ധന നടപ്പാക്കുക. ബെന്‍സില്‍ പെന്‍സിലിന്‍, അട്രോപിന്‍ ഇന്‍ജക്ഷന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍, സെഫാഡ്രോക്സില്‍, ഡെസ്ഫെറിയോക്സാമൈന്‍ എന്നിവയ്ക്കും വില വര്‍ധിക്കും. 2023 ല്‍ 12 ശതമാനവും 2022ൽ 10 ശതമാനവും മരുന്നുവില വർധിപ്പിച്ചിരുന്നു. 

മരുന്ന് നിര്‍മ്മിക്കാന്‍ ആവശ്യമായ ചേരുവകള്‍, ഉല്പാദനച്ചെലവ്, വിനിമയ നിരക്കിലെ മാറ്റം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വില പരിഷ‍്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ സമീപിച്ചതായി എന്‍പിപിഎ പറയുന്നു. ചില നിര്‍മ്മാതാക്കള്‍ മരുന്ന് നിര്‍മ്മിക്കാന്‍ ആവശ്യമായ ചേരുവകള്‍ ലഭ്യമല്ലാത്തതിനാല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയതായും പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അവര്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഓരോ മരുന്നിനും പ്രത്യേകമായി ഉല്പാദനച്ചെലവ് ഉയരുന്നതിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന വിശദാംശങ്ങള്‍ വ്യക്തമാക്കാതെ സര്‍ക്കാര്‍ പറയുന്ന കാര്യം വിശ്വസിക്കാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പാവപ്പെട്ട രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇത്. സാധാരണ അസുഖങ്ങള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് പലപ്പോഴും ദീര്‍ഘകാലത്തേക്കും ഇവ ഉപയോഗിച്ചുവരുന്നു. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകളുടെ പ്രധാന ഘടനം മരുന്നുകള്‍ക്കുള്ള ചെലവാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നെ പറയുന്നു. ദേശീയ ആരോഗ്യ അക്കൗണ്ട്സ് റിപ്പോര്‍ട്ടില്‍ ചികിത്സാ ചെലവിന്റെ 30.84 ശതമാനം മരുന്നുകള്‍ വാങ്ങുന്നതിനാണെന്ന് വ്യക്തമാക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.