17 March 2025, Monday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 13, 2025
February 12, 2025
January 30, 2025
January 9, 2025
January 1, 2025
December 31, 2024
December 18, 2024
December 10, 2024
December 9, 2024

സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചുപൂട്ടലിലേക്ക് ; 30,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

കെ രംഗനാഥ്
തിരുവനന്തപുരം
July 7, 2023 9:29 pm

പഠിക്കാന്‍ കുട്ടികളില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ നിരവധി സ്വാശ്രയ കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ 30,000ത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പാണെന്ന് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യാ കൗണ്‍സില്‍ കണക്കുകൂട്ടുന്നു. കൃത്യം 29,647 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നല്കാമെന്ന് ഉത്തരവിറക്കിയത്. എന്‍ട്രന്‍സ് എഴുതാത്ത, പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും. 130 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്മെന്റിന് ശേഷമാണ് സീറ്റുകള്‍ ഒഴിവുണ്ടെന്ന് കണ്ടെത്തിയത്. പ്രവേശന പരീക്ഷ വേണ്ടെന്ന ഉത്തരവിറക്കിയതനുസരിച്ച് പ്രവേശന പ്രോസ്പെക്ടസിലും ഭേദഗതി വരുത്തും. എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശന പരീക്ഷയെഴുതാതെ പ്രവേശനം നല്കാന്‍ ഇതുവരെ ഇളവുണ്ടായിരുന്നത്.

പ്ലസ്‌ടുവിന് ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്കുണ്ടെങ്കിലേ പ്രവേശന പരീക്ഷ എഴുതാന്‍പോലും അനുവദിക്കൂ എന്നാണ് കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ മാനദണ്ഡം. ഇതില്‍ ഇളവനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. എന്‍ജിനീയറിങ് പഠനത്തിന് വിദ്യാര്‍ത്ഥികളെ കിട്ടാത്ത അവസ്ഥ ഇന്ത്യയിലെയാകെയുള്ള പ്രതിഭാസമാണെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ സമ്മതിക്കുന്നു. ദേശീയതലത്തില്‍ ഈ വര്‍ഷം 37 ശതമാനമാണ് ഒഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം അത് 33 ശതമാനമായിരുന്നു. അതിന്റെ മുന്‍വര്‍ഷം ദേശീയ ശരാശരി 44 ശതമാനമായിരുന്നു. കേരളത്തില്‍ 26 ശതമാനം.

എന്‍ജിനീയറിങ് ബിരുദം കഴിഞ്ഞിട്ടും ദീര്‍ഘകാലമായി തൊഴില്‍രഹിതരായി നില്ക്കുന്ന പതിനായിരക്കണക്കിന് എന്‍ജിനീയര്‍മാരുണ്ടെന്ന കണക്കും കൗണ്‍സിലിന്റേതുതന്നെ. ചുളുവിലയ്ക്കുള്ള ഭൂമിയുടെ ലഭ്യതമൂലം ഓണംകേറാ മൂലകളില്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ ആരംഭിച്ചിടങ്ങളിലാണ് പഠിക്കാന്‍ ഏറ്റവും കുറവ് വിദ്യാര്‍ത്ഥികളെത്തുന്നത്. 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം എന്‍ജിനീയര്‍ ബിരുദധാരികളായി പഠിച്ചിറങ്ങുമ്പോള്‍ വെറും 2.5 ലക്ഷത്തിനാണ് പണി ലഭിക്കുന്നതെന്ന കണക്കുമുണ്ട്.

സാങ്കേതികവിദ്യ അനുദിനം ആധുനികവല്‍ക്കരിക്കപ്പെടുമ്പോള്‍ തദനുസരണമായി എന്‍ജിനീയറിങ് പാഠ്യ പദ്ധതിയുടെ അലകും പിട്ടിയും മാറാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ പക്ഷം. സിവില്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമ്പോള്‍ വിവര സാങ്കേതികവിദ്യ, കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ അത്യാധുനിക മേഖലകളിലാണ് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളത്. പരമ്പരാഗത എന്‍ജിനീയറിങ് പാഠ്യപദ്ധതികള്‍ക്ക് പകരം കാലോചിതമായി പാഠ്യപദ്ധതി പരിഷ്കരിച്ചില്ലെങ്കില്‍ ഈ വിദ്യാഭ്യാസ മേഖല കൂടുതല്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് വഴുതിവീഴാന്‍ പോകുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

Eng­lish Sum­ma­ry: pri­vate engi­neer­ing colleges
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.