30 April 2024, Tuesday

സ്വകാര്യവൽക്കരണം, ജനാധിപത്യത്തിന് ഭീഷണി

Janayugom Webdesk
August 6, 2023 5:00 am

സ്വകാര്യവൽക്കരണനയവുമായി ശക്തമായി നീങ്ങുകയാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍. ‘നമ്മുടെ രാജ്യത്ത് പൊതുമേഖല, നശിക്കാൻ വേണ്ടി ജനിക്കുന്നു’ എന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പരാമർശിച്ചത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പിന്തുടരുന്ന നയമനുസരിച്ചാണ്. രാജ്യത്ത് നിലനിന്നിരുന്ന ആദർശങ്ങളിൽ നിന്ന് വ്യത്യസ്തമാണത്. സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായതാണ് നമ്മുടെ ഭരണഘടന. പൊതുഉടമസ്ഥതയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും തന്ത്രപ്രധാന മേഖലകളുടെയും സര്‍ക്കാര്‍ നിയന്ത്രണവും അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടു. നീണ്ട വർഷത്തെ കോളനിവാഴ്ച സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങളെ നശിപ്പിച്ചിരുന്നു. അതിന്റെ വീണ്ടെടുക്കൽ വേഗത്തിലാക്കുക എന്നതായിരുന്നു പ്രഥമ മുന്‍ഗണന. ഓരോരുത്തർക്കും വ്യക്തിഗത ആധിപത്യത്തിൽ നിന്ന് മുക്തമായി, എല്ലായിടത്തും അവസരം ലഭ്യമാക്കാനാണ് അത് ലക്ഷ്യമിട്ടത്. സാമൂഹികനീതി പാലിക്കുന്ന ജനാധിപത്യത്തിൽ മാത്രമേ അത് സാധ്യമാകൂ. ആദ്യം ദേശീയവൽക്കരിക്കപ്പെട്ടത് ലൈഫ് ഇൻഷുറൻസും പിന്നീട് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുമാണ്. താമസിയാതെ പൊതുമേഖലയിൽ ചില സ്ഥാപനങ്ങൾ നിർമ്മിക്കപ്പെടുകയും മറ്റ് പ്രധാന ബാങ്കുകള്‍ ദേശസാൽക്കരിക്കുകയും ചെയ്തു. പൊതുസമ്പത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഉല്പാദന മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയായിരുന്നു ഈ നടപടി. 1969ലായിരുന്നു ഏറ്റവും പ്രധാനപ്പെട്ട മാറ്റം വന്നത്.

കുത്തകകളുടെ ഉടമസ്ഥതയിലുള്ള 14 വലിയ വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു. അപ്പോഴും സ്വകാര്യ വ്യവസായത്തിനും വ്യാപാരത്തിനുമുള്ള വായ്പാ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്ന് സർക്കാർ ഉറപ്പ് നല്‍കി. ദേശസാല്‍ക്കരണത്തിലെ അടിസ്ഥാനതത്വം ഉല്പാദന മേഖലയുടെ, പ്രത്യേകിച്ച് കാർഷിക, ചെറുകിട വ്യവസായ മേഖലകളിലെയും സ്വയംതൊഴിൽ ചെയ്യുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്നതായിരുന്നു. ദേശസാല്‍കൃത ബാങ്കുകൾ പുതിയതും വളർന്നുവരുന്നതുമായ സംരംഭങ്ങളെ നിലനിർത്താനും രാജ്യത്തെ പിന്നാക്കം നിൽക്കുന്നതും അവഗണിക്കപ്പെട്ടതുമായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കാനും ശ്രമിച്ചു. ഊഹക്കച്ചവടം, ഉല്പാദനക്ഷമമല്ലാത്ത മേഖലകളിലെ നിക്ഷേപം എന്നിവ നിരസിക്കാൻ പൊതു ഉടമസ്ഥാവകാശം സഹായിച്ചു. ഏതാനും പേരുടെ കയ്യിലായിരുന്ന നിയന്ത്രണാധികാരം മാറ്റുക, മുൻഗണനാ മേഖലകളിലേക്ക് വായ്പകളെത്തിക്കുക, ബാങ്ക് മാനേജ്മെന്റിന് പ്രൊഫഷണൽ വ്യവസ്ഥ രൂപീകരിക്കല്‍, പുതിയ ഉല്പാദകരുടെയും വ്യാപാരികളുടെയും പുതിയ സംരംഭങ്ങൾക്ക് പിന്തുണ നൽകല്‍ എന്നിവയും ലക്ഷ്യമായിരുന്നു. ജനങ്ങളുടെ സമ്പാദ്യം ശേഖരിക്കാനും പിന്തുണ ആവശ്യമുള്ള വിഭാഗങ്ങൾക്കൊപ്പം കാർഷികമേഖലയിൽ നിക്ഷേപിക്കാനുമാണ് ദേശസാൽക്കരണം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസ് കൃഷ്ണയ്യർ പറഞ്ഞിരുന്നു. എല്ലാവരെയും ഒരുമിപ്പിച്ച് അവരുടെ കഴിവും മൂലധനവും സമാഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു ലക്ഷ്യം. വികസന പദ്ധതികളെ സഹായിക്കുന്നതിന്, ഉയർന്ന വളർച്ചാ നിരക്കും ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കലും ബാങ്കുകൾ ലക്ഷ്യമിടുന്നു. ശാഖകളുടെ വിപുലീകരണത്തോടെ നിക്ഷേപങ്ങളുടെ അളവ് വർധിച്ചു. രണ്ട് വർഷത്തിനുള്ളിൽ, മുന്‍ഗണനാമേഖലകളിലെ വായ്പ 14 ശതമാനത്തിൽ നിന്ന് 41 ശതമാനമായി.


ഇതുകൂടി വായിക്കൂ: അവിശ്വാസപ്രമേയം മോഡി ഭരണം പ്രതിരോധത്തില്‍


സാമ്പത്തിക അസമത്വങ്ങളിൽ പുരോഗമനപരമായ മാറ്റത്തിനായി ബാങ്കിങ് നയം നവീകരിച്ചു. ഈ നയങ്ങള്‍ പിന്നീട് ദേശസാൽകൃത ബാങ്കുകളെ മാത്രമല്ല, മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും മാന്ദ്യകാലത്ത് സംരക്ഷിച്ചു. ഈ നേട്ടങ്ങൾ ഉണ്ടാകുമ്പോഴും, വെല്ലുവിളികൾ വാതിൽപ്പടിയിൽ കാത്തുനിന്നു. മുതലാളിത്ത വ്യവസ്ഥ ശക്തമാവുകയും ധനമൂലധനത്തിന് വഴിമാറുകയും ചെയ്തു. പുതിയ ഭരണസംവിധാനങ്ങള്‍ കോർപറേറ്റ് മേഖലയെ പ്രോത്സാഹിപ്പിച്ചു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അധികാരത്തിൽ വന്ന കേന്ദ്രഭരണകൂടങ്ങൾ സേവനം സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന നയം പിന്തുടര്‍ന്നു. എന്നാൽ 2014ൽ സംഘ്പരിവാര്‍ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അത് പ്രധാനനയമായി പ്രഖ്യാപിച്ചത്. നിക്ഷേപം വിറ്റഴിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെയും തന്ത്രപരമായ വില്പനയിലൂടെയും കേന്ദ്രം 4.04 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം തന്നെ അറിയിച്ചു. എയർ ഇന്ത്യയുൾപ്പെടെ 10 കമ്പനികളുടെ വില്പനയിലൂടെ കഴിഞ്ഞ എട്ട് വർഷത്തിനിടെ 69,412 കോടി രൂപ ഖജനാവിലേക്ക് ലഭിച്ചു. ഓഹരി തിരിച്ചുവാങ്ങൽ വഴി 45,104 കോടി രൂപ നേടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശിഥിലീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചയെക്കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍, രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ തകർച്ചയും വ്യക്തമാക്കുന്നു. കാരണം സ്വകാര്യവൽക്കരണമെന്നത് കേന്ദ്ര സർക്കാർ ഏറ്റെടുത്ത ദൗത്യമാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പൊതുമേഖല വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു. ഉല്പാദനോപാധികളെ സാമൂഹ്യവൽക്കരിക്കുക എന്നതാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. സാമൂഹിക‑സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന പൊതുമേഖലയുടെ പ്രഥമപരിഗണന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കപ്പെടുന്നതുമായ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ്. പൗരന്മാർക്ക് അടിസ്ഥാന ചരക്കു-സേവനങ്ങള്‍ നൽകാനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ദുർബല വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും ശ്രമിക്കുന്നു. ദേശസാൽക്കരണം തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിച്ചു. കൂടുതല്‍ തൊഴിലവസരങ്ങൾ കൊണ്ടുവന്നു. അങ്ങനെ ഘടനാപരമായി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ. പൊതുമേഖലയ്ക്കൊപ്പം, നമ്മുടെ വെെവിധ്യമാര്‍ന്ന സംസ്കാരവും ഭരണഘടനയും ജനാധിപത്യമൂല്യവും ഭീഷണിയിലാണ്. മണിപ്പൂർ ഒരുദാഹരണമാണ്. അവിടെ മാനവികത തന്നെ കത്തിജ്വലിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് രാജ്യം ഒരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ല. ഇത് പട്ടികജാതി പദവിയുടെ പ്രശ്നമല്ല, ആദിവാസി സംഘർഷവുമല്ല. പ്രധാന പ്രശ്നങ്ങളായ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വിഭവങ്ങൾ എന്നിവ വശത്താക്കാനുള്ള ശ്രമമാണ്. അസംതൃപ്തി നിലനിർത്താനായി അവരെ ശിഥിലമാക്കാനുള്ള ശ്രമവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.