29 December 2024, Sunday
KSFE Galaxy Chits Banner 2

ഒന്നാമന്റെ പ്രശ്നങ്ങള്‍

പി എ വാസുദേവൻ
കാഴ്ച
April 29, 2023 4:45 am

ങ്ങനെ നമ്മള്‍ ഭൂമിയില്‍ ഒന്നാം സ്ഥാനത്തെത്തി. ‘വി ഇന്ത്യന്‍സ്’ ജനസംഖ്യാകാര്യത്തില്‍ ചൈനയെയും മറികടന്ന് ഒന്നാമതായി. ഈ വര്‍ഷം പകുതിയോടെ ഇന്ത്യക്കാര്‍ 142.86 കോടിയാവും. ചീനന്മാര്‍ 142.57 കോടിയും. അതായത് ചൈനക്കാരെക്കാള്‍ 29 ലക്ഷം പേര്‍. അയല്‍ക്കാര്‍ തമ്മിലെ പോരില്‍ ഭാരതത്തിന് ഒന്നാംസ്ഥാനം. ഇതില്‍ അഭിമാനിക്കാനും ആശങ്കപ്പെടാനും ഒന്നുമില്ല. ജനസംഖ്യ കാര്യവിവരത്തോടെ കൈകാര്യം ചെയ്താല്‍ ഗുണകരവും അതല്ലെങ്കില്‍ ദോഷവുമാണ്. പ്രധാനം പ്ലാനിങ്ങാണ്. നിലവിലുള്ള മനുഷ്യരും വിഭവങ്ങളും തമ്മില്‍ എങ്ങനെ ചേര്‍ത്തിണക്കി വര്‍ത്തമാന, ഭാവി, ആവശ്യങ്ങള്‍ നിറവേറ്റാമെന്നതാണ് പ്രശ്നം. അനിയന്ത്രിതമായ ജനസംഖ്യാവര്‍ധന അപകടകരമാണ്. അതിനൊത്ത് ഉല്പാദനവര്‍ധന എളുപ്പമാവില്ല.
ഏറ്റവും പ്രധാനം ജനസംഖ്യാവലിപ്പം, അതിന്റെ പ്രായഘടന എന്നിവയാണ്. തൊഴില്‍ശേഷിയുള്ള ജനസംഖ്യ എത്രയുണ്ട്, അവര്‍ക്ക് തൊഴില്‍ സാധ്യത എത്ര തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. മൊത്തം സാമ്പത്തിക വിഭവങ്ങള്‍, ടെക്നോളജി, ജനസംഖ്യയുടെ പ്രായഘടന, ഭാവി ഉല്പാദന സാധ്യത‍, നിലവിലെ ജനസംഖ്യാവര്‍ധന നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ കൂടി അന്വേഷണത്തിലുണ്ടായാലേ നിലവിലെ ഒന്നാംസ്ഥാനം ദോഷമോ ഗുണമോ എന്നറിയൂ. അത്തരം പരിഗണനകളും കൂടി ഡമോഗ്രഫിക് പഠനത്തിലുണ്ടാവണം. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യ 2063ല്‍ 169.5 കോടിയാവുമെന്നാണ് കണക്ക്. നാം ശ്രദ്ധിക്കേണ്ട കാര്യം വരാന്‍പോകുന്ന പ്രായഘടനയെയാണ്. നിയന്ത്രിത ജനസംഖ്യ ഒരുഘട്ടം കഴിയുമ്പോള്‍ പ്രായഘടനയെ എങ്ങനെ മാറ്റും, അത്തരം ഘട്ടങ്ങളില്‍ നമ്മുടെ സാമ്പത്തിക ബാധ്യത എങ്ങനെയായിരിക്കും ധനകാര്യനയത്തിന്റെ സ്വഭാവമെന്താവും എന്നാണ്.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സിനിമ ലോകത്തിന്റെ നെറുകയില്‍


കേരളം പോലുള്ള സംസ്ഥാനത്ത് വൃദ്ധജനസംഖ്യ അധികമാണ്. വിദ്യാഭ്യാസം, ചികിത്സ, പൗരബോധം, കുടുംബ പശ്ചാത്തലം എന്നിവയൊക്കെ ഇതിനു കാരണമാണ്. അതുകൊണ്ട് “ജീറിയാട്രിക് പ്ലാനിങ്, ധനവിനിയോഗം എന്നീ രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പൊതുവെ വൃദ്ധരായ ജനങ്ങള്‍ ഉല്പാദനക്ഷമം അല്ലെന്ന തോന്നലുണ്ട്. അതുകൊണ്ട് അവര്‍ ബാധ്യതയാണെന്ന ധാരണയുണ്ടാകും. ഇതും ഒരു പൊതു പ്രസ്താവനയാണ്. ഉല്പാദനക്ഷമത എന്നത് കായികശേഷിയുടെ മാത്രം പ്രശ്നമല്ല. വിദ്യാഭ്യാസവും സാങ്കേതിക നൈപുണിയുമുള്ളവര്‍ക്ക് ഏറെ ശാരീരികാധ്വാനമില്ലാതെയും ഉല്പാദനക്ഷമതയുള്ളവരാവാന്‍ കഴിയും. വാര്‍ധക്യകാല പെൻഷന്‍ നല്കി മൂലയ്ക്കിരുത്തുന്നതിനു പകരം അവരുടെ പ്രായഘടന, നെെപുണി‍ എന്നിവ നോക്കി തരംതിരിച്ച് ഉല്പാദനരംഗങ്ങളിലേക്ക് തിരിച്ചുവിടാനാവും. വൃദ്ധരുടെ അനാഥത്വത്തെക്കുറിച്ച് ഏറെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് അവരോട് ഒരു സാമൂഹിക‑സാമ്പത്തിക സമീപനമില്ലാത്തതുകൊണ്ടാണ്. മക്കള്‍ ഉപേക്ഷിച്ചവര്‍, ഒരാശ്രയവുമില്ലാത്തവര്‍ എന്നിവരുടെ വാര്‍ത്തകള്‍ സ്ഥിരം വരുന്നത് അവരൊക്കെ ഒരു സ്റ്റേറ്റ് പോളിസിയുടെ ഭാഗമാവാത്തതുകൊണ്ടാണ്.
അവര്‍ക്കുവേണ്ടിയുള്ള ധനവിനിയോഗം പണം നല്കലില്‍ മാത്രം ഒതുക്കരുത്. വേള്‍ഡ് പോപ്പുലേഷന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് (2019) പ്രകാരം 54 രാജ്യങ്ങള്‍ “ഏയ്ജ്ഡ് സൊസൈറ്റി“കളാണ്. അതില്‍ 72 ശതമാനം വികസിത രാജ്യങ്ങളിലുമാണ്. 2050 ആവുമ്പോഴേക്കും 147 രാജ്യങ്ങള്‍ ഈ തരത്തില്‍പ്പെടും. ഇനിയും വര്‍ധിക്കാനാണ് സാധ്യത. മറ്റാെരു കണക്കു പ്രകാരം 2019ല്‍ 70 കോടി ലോകജനത 65 വയസിലധികമുള്ളവരായിരിക്കും. അടുത്ത മുപ്പതാണ്ടില്‍ ഇത് ഇരട്ടിയിലധികവുമാവും. അതായത് 150 കോടി. 80 വയസിലധികമുള്ള ‘അശീതി’ കഴിഞ്ഞവര്‍ 2050ല്‍ 42 കോടിയാവും. പണ്ടൊക്കെ ഷഷ്ടിപൂര്‍ത്തിക്കാര്‍ വൃദ്ധരാണ്. ഇപ്പോള്‍ ‘അശീതി’ (80 വയസ്) അടിപൊളിയായി ആഘോഷിക്കുന്നു.
ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതാവുന്നു. ആയുര്‍ദൈര്‍ഘ്യം കേരളത്തില്‍ കൂടുന്നു. നേരത്തെ പറഞ്ഞതുപോലെ ഈ അവസ്ഥയെ ജനസംഖ്യാ ഡിവിഡന്റ് ആക്കി മാറ്റുക എന്നതും ഉത്തരവാദിത്തമാണ്. എന്നാലും വൃദ്ധജനസംഖ്യയുടെ സാമ്പത്തിക, സുരക്ഷ, ചികിത്സ, സാമൂഹിക ആവശ്യങ്ങള്‍ മറന്നുകൂട. 1960കാലത്ത് 60 വയസിനു മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായി. ഇത് 2031ല്‍ മൂന്നിരട്ടിയാവും എന്നാണ് കണക്ക്. വാര്‍ധക്യം പ്രകൃതിനിയമമാണെങ്കിലും പരിപാലനം മാനുഷിക ധര്‍മ്മമാണല്ലോ. കേരളത്തിലാണ് മുതിര്‍ന്നവരുടെ പരമാവധി തോത്. വരാന്‍ പോകുന്ന 15 വര്‍ഷത്തിനുള്ളില്‍ മുതിര്‍ന്നവരായിരിക്കും 25 ശതമാനം പേര്‍. വാര്‍ധക്യ ആശ്രിതത്വനിരക്കും വര്‍ധിക്കും. ഇതുകാരണമുള്ള സാമ്പത്തിക ആശ്രിതത്വം ഗ്രാമീണ മേഖലയിലാണ് അധികമായി കാണുന്നത്. കൂടുതല്‍ പേര്‍ ഗ്രാമീണ കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നതുകൊണ്ടും പലവിധ വരുമാന സാധ്യതകള്‍ കുറവായതുകൊണ്ടുമാണിത്. മുതിര്‍ന്നവര്‍, ഗ്രാമീണ മേഖലയില്‍ മിക്കവാറും കുടുംബത്തെ ആശ്രയിച്ചു കഴിയുന്നു. നഗരങ്ങളില്‍ ഇതിന്റെ തോത് ഏറെ കുറവാണ്.


ഇതുകൂടി വായിക്കൂ: ഓസ്‌കറില്‍ ഇന്ത്യന്‍ തിളക്കം


എന്നാല്‍ ഗ്രാമീണ കുടുംബ വ്യവസ്ഥയിലും ഏറെ ഘടനാപരമായ മാറ്റമുണ്ടായിട്ടുണ്ട്. ഒരുപാട് പേര്‍ നഗരങ്ങളിലേക്ക് താമസം മാറ്റി. പുതിയ തൊഴിലും വരുമാന മാര്‍ഗങ്ങളുമായതോടെ അനാഥമായത് മുതിര്‍ന്നപൗരന്മാണ്. അതുകൊണ്ടാണ് അവരെ ഉള്‍ക്കൊള്ളുന്ന ഒരു ധനവിനിയോഗ നയം അത്യാവശ്യമാവുന്നത്. അത്തരം ഒരു ഏകീകൃത പദ്ധതിയോ, സര്‍ക്കാര്‍ നീക്കമോ ഇനിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ നാം പുറന്തള്ളുന്നു. ഒരു കാലത്ത് ഫലപൂര്‍ണമായൊരു ജീവിതം കൊണ്ട് അവരുടെ പിന്‍തലമുറയോട് ഉത്തരവാദിത്തം നിറവേറ്റിയവരാണ്. അവര്‍ക്ക് വേണ്ടത് ഔദാര്യമല്ല, പരിഗണനയും സ്നേഹവുമാണ്. രക്ഷിതാക്കളെ നോക്കാത്ത മക്കളെ ശിക്ഷിക്കാന്‍ വരെ നിയമമുണ്ടാക്കിയിരിക്കുന്നു. ഇത് പരിഹാസ്യമാണ്. താനറിഞ്ഞു ചെയ്യേണ്ടത് ചെയ്യാത്തതിന് നിയമശിക്ഷ എന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ആയുര്‍ദൈര്‍ഘ്യം വികസനത്തിന്റെ ലക്ഷണമായി കാണിക്കുമ്പോള്‍ തന്നെ അതിന്റെ മറ്റു വശങ്ങള്‍ പരിഗണിക്കാതിരുന്നുകൂടാ. മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്ന തരത്തിലുള്ള സാമ്പത്തിക പഠനങ്ങളൊന്നും ഏറെ നടന്നിട്ടില്ല. അവരുടെ ആശ്രിതത്വനിരക്കും ആസൂത്രണത്തില്‍ ഭാഗമാവണം. ഇന്ന് മുതിര്‍ന്നവര്‍ക്കായി ധാരാളം ക്ഷേമപദ്ധതികളും പെന്‍ഷനുകളും ഉണ്ട്. സാമ്പത്തികം മാത്രമല്ല, അവര്‍ക്ക് മാനസികാസ്വാസ്ഥ്യം, ക്ഷേമം, ജീവിതസുഖം എന്നിവ നല്കാനുതകുന്ന ഒരു സമഗ്ര സാമൂഹിക‑സാമ്പത്തിക പദ്ധതിയാണാവശ്യം. മാനസികവും സാമൂഹികവുമായ സുരക്ഷാബോധം കൂടി ലഭിക്കുന്ന സ്ഥാപന, നിയമ സംവിധാനവും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.