8 May 2024, Wednesday

ഓസ്‌കറില്‍ ഇന്ത്യന്‍ തിളക്കം

 നാട്ടു നാട്ടുവിനും ദ എലഫന്റ് വിസ്പറേഴ്സിനും പുരസ്കാരം  മികച്ച നടന്‍ ബ്രെണ്ടന്‍ ഫ്രേസര്‍, നടി മിഷേല്‍ യോ 
Janayugom Webdesk
ലോസ് ആഞ്ചലസ്
March 13, 2023 8:47 am

95-ാമത് ഓസ്കർ പുരസ്കാരവേദിയിൽ ഇന്ത്യന്‍ തിളക്കം. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനല്‍ ഗാന വിഭാഗത്തിലും കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലും പുരസ്കാരം നേടി. നാട്ടു നാട്ടുവിന്റെ ശില്പികളായ സംഗീതസംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ഓസ്കർ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവും കൂടിയായി. മുൻപ് എ ആര്‍ റഹ്മാനും റസൂൽ പൂക്കുട്ടിക്കും പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും അത് ഹോളിവുഡ് ചിത്രങ്ങളിലൂടെയായിരുന്നു. 

ഒറിജിനൽ ഗാന വിഭാഗത്തില്‍ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നാട്ടു നാട്ടു സ്വന്തമാക്കിയിരുന്നു. രണ്ട് ആനക്കുട്ടികളുമായുള്ള ദമ്പതികളുടെ ആത്മബന്ധമാണ് ദ എലഫന്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന്റെ പ്രമേയം. മികച്ച നടനുള്ള പുരസ്‌കാരത്തിന് ബ്രെണ്ടന്‍ ഫ്രേസര്‍ അര്‍ഹനായി. ‘ദ വെയ്ല്‍’ എന്ന സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ‘എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രത്തിലൂടെ മലേഷ്യന്‍ നടിയായ മിഷേല്‍ യോ സ്വന്തമാക്കി. ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ’എവരിതിങ് എവെരിവേര്‍ ഓള്‍ അറ്റ് വണ്‍സ് തന്നെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും നേടി. ഈ സിനിമ സംവിധാനം ചെയ്ത ഡാനിയല്‍ ക്വാനും ഡാനിയല്‍ ഷീനെര്‍ട്ടും മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.
ഏഴ് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ മികച്ച വിഷ്വല്‍ എഫക്ടിനുള്ള ഓസ്കര്‍ സ്വന്തമാക്കി. 

Eng­lish Sum­ma­ry: Keer­a­vani’s Natu Natu won the Oscar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.