16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

December 14, 2023
August 14, 2023
May 11, 2023
March 18, 2023
January 30, 2023
December 27, 2022
December 20, 2022
December 9, 2022
November 15, 2022
November 13, 2022

പ്രൊഫ. കെ രാമൻപിള്ള — ഒരോർമ്മക്കുറിപ്പ്

കാനം രാജേന്ദ്രന്‍
പ്രസിഡന്റ്, അച്യുതമേനോൻ ഫൗണ്ടേഷൻ
April 10, 2022 5:43 am

കേരളത്തിന്റെ അക്കാദമിക — സാംസ്കാരിക മണ്ഡലങ്ങളിൽ കനത്ത സംഭാവനകൾ നൽകിയിട്ടാണ് പ്രൊഫ. കെ രാമൻപിള്ള സാർ നമ്മെവിട്ട് യാത്രയാകുന്നത്. സമഗ്രതയും ആർജ്ജവവും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളായിരുന്നു. സമാനതകളില്ലാത്ത ഗരിമയും ആദർശ ശുദ്ധിയും ഉയർന്ന സാമൂഹ്യാവബോധവും ശ്രേഷ്ഠമായ അധ്യാപക പാരമ്പര്യവും അദ്ദേഹത്തിന്റെ പ്രവൃത്തികളെ മികവുറ്റതാക്കി. മാനവികതയിലൂന്നിയ ഈ ഗുണങ്ങളാണ് അദ്ദേഹത്തെ ‘സി അച്യുതമേനോൻ’, ‘കെ വി സുരേന്ദ്രനാഥ്’ എന്നീ മാതൃകാജീവിതങ്ങളോട് അടുപ്പിച്ചത്. കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായി വന്ന നാൾ മുതൽ തന്നെ സഖാവ് കെ വി സുരേന്ദ്രനാഥിന്റെ (ആശാൻ) കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസ്റ്റ് സ്റ്റഡീസ് നടത്തുന്ന സെമിനാറുകളിലും ഇതര ബൗദ്ധികപ്രവർത്തന മേഖലകളിലും എല്ലാം നിറഞ്ഞുനിന്നിരുന്ന പ്രൊഫ. രാമൻപിള്ള പിൽക്കാലത്ത് അച്യുതമേനോൻ ഫൗണ്ടേഷന്റെ പ്രസിഡന്റായും സെക്രട്ടറിയായും ഒക്കെ ദീർഘകാലം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. സാമൂഹ്യ ശാസ്ത്ര വൈജ്ഞാനിക മേഖലയിൽ അച്യുതമേനോൻ ഫൗണ്ടേഷൻ നടത്തിയിട്ടുള്ള ധീരമായ ഇടപെടലുകളും അതിന് ലഭിച്ചിട്ടുളള ദേശീയ അംഗീകാരവും അദ്ദേഹത്തിന്റെ അനിതരസാധാരണമായ സംഘാടക പാടവത്തിന്റെ മകുടോദാഹരണമാണ്.


ഇതുകൂടി വായിക്കൂ: കര്‍മ്മധീരയായ കമ്മ്യൂണിസ്റ്റ് വനിത


ഡല്‍ഹിയിലെ ഇന്ത്യൻ സ്കൂൾ ഓഫ് ഇന്റർ നാഷണൽ സ്റ്റഡീസിൽ നിന്നും ഇന്ത്യയുടെ വിദേശനയത്തിൽ പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ബിരുദവും എടുത്ത അദ്ദേഹത്തിന്റെ ശ്രദ്ധ പിൽക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ‑സാമൂഹ്യ‑സാമ്പത്തിക വിഷയങ്ങളിലേക്ക് കടന്നു എന്നത് സ്വാഭാവികം മാത്രം. കേരള സർവകലാശാലയിൽ വി കെ കൃഷ്ണമേനോൻ ചെയർ സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. അതിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം ദേശീയ ശ്രദ്ധ ആകർഷിച്ച നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയുണ്ടായി. കേരളത്തിലെ രാഷ്ട്രമീമാംസാ വിദ്യാർത്ഥികളിൽ വിദേശനയത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു. സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുന്നതിന് അക്കാദമിക രംഗത്ത് അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഇനിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, സ്വിറ്റ്സർലന്റ്, ബെൽജിയം, നെതർലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് കർമ്മയോഗി


അച്യുതമേനോൻ ഫൗണ്ടേഷനിലെ നേതൃത്വപരമായ പ്രവർത്തനത്തിലൂടെ അച്യുതമേനോൻ എന്ന കമ്മ്യൂണിസ്റ്റിന്റേയും രാജ്യതന്ത്രജ്ഞന്റേയും മൂല്യാധിഷ്ഠിത നിലപാടുകൾക്കുള്ള എക്കാലത്തേയും പ്രസക്തി കേരളീയ സമൂഹത്തെ അദ്ദേഹം ബോധ്യപ്പെടുത്തുകയായിരുന്നു.
അക്കാദമിക രാഷ്ട്രീയ നയരൂപീകരണ മേഖലകളിലുള്ള പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ അസംഖ്യം സെമിനാറുകൾ ഇതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്കരണം, ഭൂപരിഷ്കരണം, പഞ്ചായത്ത് രാജ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ഫൗണ്ടേഷൻ സെമിനാറുകൾ ദേശീയ ശ്രദ്ധ ആകർഷിച്ചവയാണ്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി അച്യുതമേനോൻ ഫൗണ്ടേഷൻ “ഇന്ത്യ ടുഡേ: ഇഷ്യൂസ് ബിഫോര്‍ ദി നേഷന്‍” എന്ന പേരിൽ ഒരു ആദരസമാഹാരം 2014‑ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അക്കാദമിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (ന്യൂഡൽഹി) 2021‑ൽ അതിന്റെ പരമോന്നത ബഹുമതിയായ പോൾ എച്ച് ആപ്പിൾബി അവാർഡ് അദ്ദേഹത്തിന് നൽകുകയുണ്ടായി.
അധ്യാപക-അക്കാദമിക‑സാമൂഹ്യരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാമന്‍പിള്ളയുടെ നിര്യാണത്തിലൂടെ വലിയ നഷ്ടമാണ് സൃഷ്ടിക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.