16 June 2024, Sunday

ഓണത്തിന്റെ മനഃശാസ്ത്ര പ്രാധാന്യം

നിതിന്‍ എ എഫ്
September 8, 2022 2:43 pm

മിക്കവാറും എല്ലാ സംസ്കാരത്തിലും പ്രധാനപ്പെട്ട എല്ലാ ആഘോഷങ്ങളുടെയും പിന്നിൽ ചില മനഃശാസ്ത്രപരമായ സ്വാധീനവും സന്ദേശവും മനുഷ്യരാശിക്ക് ലഭിക്കുന്നതായി കാണാം. മലയാളികളുടെ ഓണത്തിനും അത്തരത്തിൽ വലിയ സ്വാധീനം നമ്മിൽ അറിഞ്ഞും അറിയാതെയും ഉണ്ടാക്കുന്നുണ്ട്. പരമ്പരാഗതമായി നാം ചെയ്തു വരുന്ന പല കാര്യങ്ങളുടെയും കാരണവും ഉദ്ദേശവും പലപ്പോഴും ഓർക്കാറില്ല. അതിൽ ചിലതിന്റെ കാരണം എന്താണെന്ന് നമുക്ക് ഇപ്പോൾ അറിവും ഇല്ല. എന്നാലും നാം ഇന്നും എല്ലാ ആചാര അനുഷ്ടാനങ്ങളും പിന്തുടരുന്നു. എല്ലാ ആചാര അനുഷ്ടാനങ്ങളുടെയും പിന്നിൽ ഒരു സത്യവും കാരണവും ഉണ്ടെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. ഐതിഹ്യ (mytho­log­i­cal) കഥകളുടെ മനഃശാസ്ത്ര പ്രാധാന്യം എന്തെന്നാൽ; ഈ കഥകൾ ഓരോ മനുഷ്യനെയും അവരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താൻ സഹയായിക്കുന്നു എന്ന് വിലയിരുത്തുമ്പോഴാണ്. ജീവിതത്തെ ഗൗരവമായി കാണുന്ന ഓരോരുത്തർക്കും അവരുടെ പെരുമാറ്റം, വ്യക്തിത്വം എന്നിവ കൂടുതൽ ഫലപ്രദമാക്കാൻ ഇതുവഴി സാധിക്കും.

അതിഭൗതികശാസ്ത്ര (meta­phys­i­cal­ly) പരമായി ഒരു സമ്പൂർണ്ണ ലോകമുണ്ടെന്നും (per­fect world) അവിടെ കള്ളവും ചതിയും അനീതിയും അഴിമതിയും ഇല്ല എന്നുള്ള മഹത്തായ സന്ദേശം നമ്മുടെ ജീവിതത്തിന് അത്യന്തികമായ പ്രതീക്ഷ നൽകുന്നു. ആ സമ്പൂർണ്ണതയിലേക്ക് ഓരോരുത്തരും വ്യക്തിപരമായി ശ്രമിക്കേണ്ടതാണ്. ആയതിലേക്കായി മറ്റുള്ളവരുമായുള്ള ആശയവിനിമയവും ഇടപെടലുകളും എല്ലാം സത്യസന്ധമാകേണ്ടതുണ്ട്. ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന പ്രശ്നം ഒരു കൂസലും ഇല്ലാതെ കള്ളം പറയുന്നതും മനസ്സിൽ ഒന്നു വച്ചിട്ട് മറ്റുള്ളവരോട് വേറെ രീതിയിൽ ഇടപെടുന്നതുമാണ് (hypocritic-ആത്മവഞ്ചന). ഈ കള്ളവും ആത്മവഞ്ചനയും നമ്മുടെ വ്യക്തി ജീവിതത്തിലോ കുടുംബ ജീവിതത്തിലോ സാമൂഹിക ജീവിതത്തിലോ മാത്രമല്ല സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും.

തന്ത്രപരമായി സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഈ വളഞ്ഞ വഴി നമ്മുടെ സമൂഹത്തിലെ പരസ്പര വിശ്വാസത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഇത് ഓണം പ്രതിനിധാനം ചെയ്യുന്ന ലോക വ്യവസ്ഥയിൽ നിന്നുള്ള അകന്നു പോക്കാണ്. ഈ അവസ്ഥ നമുക്ക് ചുറ്റുമുള്ള എല്ലാ മേഖലകളിലും കാണാൻ സാധിക്കും. ഈ അവസ്ഥ തുടർന്നു പോയാൽ പരസ്പര വിശ്വാസം ഒട്ടും ഇല്ലാത്ത ഭയാനകമായ അവസ്ഥയിൽ നമ്മുടെ സമൂഹം എത്തിപ്പെടും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാമ്പത്തിക മേഖലയിൽ ആണ്. ഇടപാടുകളിൽ പരസ്പര വിശ്വാസം ഇല്ലാത്തതുകൊണ്ട് വലിയ നഷ്ടവും വളർച്ചയിൽ കുറവും നമുക്കിപ്പോൾ തന്നെ കാണുവാൻ സാധിക്കുന്നുണ്ട്. പിന്നെ ബാധിക്കുന്ന മറ്റൊരു മേഖലയാണ് രാഷ്ട്രീയം, പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള അന്തരവും അപ്രയോഗ്യമായ കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസം നഷ്ടപ്പെട്ട് വരുന്നു. ഇത് അതീവ ഗുരുതരവും നിശബ്ദ കൊലയാളിയുമാണ്. വിപ്ലവകരമായ ഒരു സാമൂഹിക മാറ്റം ഒന്നും ഇക്കാര്യത്തിൽ പ്രായോഗികമല്ല. മറിച്ച് നാം ഓരോരുത്തരും നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ മാറ്റം കൊണ്ടു വരേണ്ടതുണ്ട്. അങ്ങനെ നമുക്ക് ഒരു സമ്പൂർണ്ണ ലോകം കെട്ടിപ്പടുക്കാൻ ഭാഗവാക്കാകാം.

ഓണം ബന്ധങ്ങളുടെ ഒരു കൂടിച്ചേരലുകൾ കൂടിയാണ്. ബന്ധുക്കളുടെ വീടുകളിൽ പോകാനും സഹോദര സ്നേഹം നിലനിർത്താനും അവരോടൊത്ത് സമയം ചെലവഴിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകുന്നത്. കോവിഡിന് ശേഷം ലഭിക്കുന്ന ആദ്യ സമ്പൂർണ്ണ ഓണം ആണ് ഇത്. ആയതിനാൽ പരമാവധി നേരിട്ടുള്ള സാമൂഹ്യ പരസ്പര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നമ്മുടെ യാന്ത്രിക ജീവിതത്തെ കുറെ കൂടി ലക്ഷ്യബോധമുള്ളതാക്കി മാറ്റും. ഈ ആഘോഷങ്ങൾ നമ്മളിൽ മാത്രം ചുരുങ്ങാതെ മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിക്കണം. അല്ലാതെ ഓണം ആഘോഷിക്കുന്നതിന്റെ ഒരു ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ യഥാർത്ഥ ഓണം ആകില്ല. നമ്മുടെ ഓൺലൈൻ ജീവിതം ഓഫ്ലൈൻ ജീവിതമാക്കാൻ സാധിക്കണം. അങ്ങനെ ജീവിതം എന്നത് നൈമിഷിക ആനന്ദവും സന്തോഷവും അല്ല എന്നതും ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും ഉമ്ടെന്നും നമുക്ക് ഈ ഓണാഘോഷ വേളയിൽ മനസ്സിലാക്കാൻ സാധിക്കണം. അത് തുടങ്ങേണ്ടത് നമ്മുടെ കുടുംബങ്ങളിൽ നിന്നും സഹോദര ബന്ധങ്ങളിൽ നിന്നുമാണ്. ജീവിതത്തിന് അർത്ഥം ഉണ്ടാകണം എങ്കിൽ കുടുംബവും സഹോദര ബന്ധങ്ങളും കൂടുതൽ പ്രവർത്തന നിരതമാവണം. ഓണാഘോഷങ്ങൾ അതിന് വലിയ ഒരു അവസരം ആണ്.
അങ്ങനെ ഈ ഓണം കൂടുതൽ അർത്ഥവത്തും ലക്ഷ്യബോധവും ഉള്ളതാക്കി മാറ്റാം. അതുവഴി നമ്മുക്കോരോരുത്തർക്കും നല്ല മാനസിക ആരോഗ്യം ഉണ്ടാക്കി എടുക്കാൻ ഈ ഓണാഘോഷം ഇടയാകട്ടെ. നിങ്ങൾക്ക് ഏവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ.

 

നിതിന്‍ എ എഫ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
എസ്‌യുടി ഹോസ്പിറ്റല്‍, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.