വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 2021 ‑22 സാമ്പത്തികവർഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 2020 — 21 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വർധനവാണ് വിറ്റുവരവിൽ ഉണ്ടായത്. (16.94 ശതമാനം). സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തനലാഭം 384.60 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിൽ 273.38 കോടി രൂപയുടെ വർധനവുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വർധനവാണിത്. വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 41 പൊതുമേഖലാ സ്ഥാപനങ്ങളിൽ 20 കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തന ലാഭത്തിൽ ആയി. അതിനു തൊട്ടുമുൻപുള്ള വർഷം 16 കമ്പനികളായിരുന്നു ലാഭം രേഖപ്പെടുത്തിയത്. പുതുതായി നാല് കമ്പനികൾ കൂടി ലാഭത്തിൽ എത്തി. വിറ്റുവരവ്, പ്രവർത്തനലാഭം എന്നീ മേഖലകളിൽ അഞ്ച് കമ്പനികളുടേത് സർവ്വകാല റെക്കോർഡ് ആണ്.
ചവറ കെഎംഎംഎൽ ആണ് വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും ഏറ്റവും മുന്നിൽ. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും കെഎംഎംഎൽ നേടി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സംസ്ഥാന ചരിത്രത്തിൽ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവുമാണിത്. 11 കമ്പനികൾ 10 വർഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം, കെൽട്രോൺ കംപോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. മലപ്പുറം സ്പിന്നിംഗ് മിൽ, സ്റ്റീൽ ഇഡസ്ട്രീസ് കേരള, കാഡ്കോ, പ്രിയദർശിനി സ്പിന്നിംഗ് മിൽ, കേരളാ സിറാമിക്സ്, ക്ലേയ്സ് ആന്റ് സിറാമിക്സ്, കെ.കരുണാകരൻ സ്മാരക സ്പിന്നിംഗ് മിൽ, മലബാർ ടെക്സ്റ്റൈൽസ്, മെറ്റൽ ഇൻഡസ്ട്രീസ്, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, ടെക്സ്റ്റൈൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവച്ചു.
പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുകയും പ്രൊഫഷണലായി നടത്തുകയും ചെയ്യുന്നതിൽ കേരളം ഒരു മാതൃക സൃഷ്ടിക്കുകയാണെന്ന് വ്യവസായ മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ ചരിത്രത്തിലാദ്യമായി മാസ്റ്റർ പ്ളാൻ തയ്യാറാക്കി. സ്വകാര്യവൽക്കരണത്തിന് തുടക്കമിട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കേരളം ഏറ്റെടുത്ത് പുന:സംഘടിപ്പിച്ചത് മറ്റൊരു സുപ്രധാന നേട്ടമാണ്. കാസർകോട് കെൽഇഎം എൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളൂർ എച്ച്എൻഎൽ കേരളം ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് കെപിപിഎൽ, കേരളാ റബ്ബർ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് രൂപം നൽകുകയും ചെയ്തു. പൊതു മേഖലയെ സംരക്ഷിക്കാനുള്ള കേരളത്തിന്റെ നടപടികൾക്ക് കരുത്ത് പകരുന്നതാണ് സ്ഥാപനങ്ങളുടെ പ്രവർത്തന നേട്ടമെന്നും പി രാജീവ് പറഞ്ഞു.
English summary;Public Sector Undertakings with Historic Achievement
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.