23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 19, 2024
December 19, 2024
December 15, 2024
December 12, 2024
December 11, 2024
December 9, 2024
December 8, 2024
December 2, 2024

പുള്ളാവൂർ കട്ടൗട്ട് വിവാദം; പരാതിയിൽ നടപടിയെടുക്കണമെന്ന് നഗരസഭയോട് ജില്ലാകലക്ടർ

Janayugom Webdesk
കോഴിക്കോട്
November 14, 2022 6:26 pm

പുള്ളാവൂർ പുഴയിൽ ഫുട്ബോൾ താരങ്ങളായ റൊണാൾഡോ, മെസി, നെയ്മർ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കലക്ടർ. കട്ടൗട്ട് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് കലക്ടർ എന്‍ തേജ് ലോഹിത് റെഡ്ഡി കൊടുവള്ളി നഗരസഭയ്ക്ക് കത്തയച്ചു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി. പരാതി സംബന്ധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും കലക്ടറേറ്റിലേക്ക് റിപ്പോർട്ട് അയക്കണമെന്നുമാണ് നിർദ്ദേശം. 

ലോകകപ്പിന് മുന്നോടിയായി പുള്ളാവൂർ ചെറുപുഴയിൽ ആരാധകര്‍ സ്ഥാപിച്ച മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ പടുകൂറ്റന്‍ കട്ടൗട്ടുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് കട്ടൗട്ടുകളെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നൽകിയിരുന്നത്. ഇതിനുപിന്നാലെ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകിയതായി വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ കട്ടൗട്ടുകൾ മാറ്റാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടില്ലെന്നും ലഭിച്ച പരാതി പരിശോധിക്കുകയും അന്വേഷിക്കുകയും മാത്രമാണ് ചെയ്തതെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓലിക്കൽ വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിന് ജനങ്ങളുടെ പക്ഷത്തേ നിൽക്കാൻ കഴിയൂ എന്നും കട്ടൗട്ടുകൾ നിലനിർത്തണമെന്നുള്ളത് പഞ്ചായത്തിന്റെ തന്നെ വികാരമാണെന്നുമായിരുന്നു പ്രസിഡന്റ് പറഞ്ഞത്. 

അതിനിടെ പുഴയുടെ ഉടമസ്ഥതയും അധികാരപരിധിയും സംബന്ധിച്ച് കൊടുവള്ളി നഗരസഭയും ചാത്തമംഗലം പഞ്ചായത്തും തമ്മിലും തർക്കം ഉടലെടുത്തു. പുള്ളാവൂർ പുഴ തങ്ങളുടെ അധികാര പരിധിയിലാണെന്നും കട്ടൗട്ടുകളിന്മേൽ നടപടിയെടുക്കാൻ ചാത്തമംഗലം പഞ്ചായത്തിന് കഴിയില്ലെന്നും പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ തീരുമാനമെടുക്കുകയുള്ളുവെന്നും കൊടുവള്ളി നഗരസഭാ ചെയർമാൻ വി അബ്ദുറഹിമാനും വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് നഗരസഭയ്ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു. ഫുട്ബോൾ ആരാധകരെ പിന്തുണച്ചുകൊണ്ട് പി ടി എ റഹീം എംഎല്‍എയും രംഗത്തെത്തിയിരുന്നു. കട്ടൗട്ടുകൾ മാറ്റേണ്ടതില്ലെന്നും കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ അധികാരപരിധിയിൽ വരുന്നതല്ലെന്നും കുടിവെള്ള സംവിധാനത്തിന് വേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണെന്നുമായിരുന്നു എംഎൽഎയുടെ വാദം. ഇതിനിടെയാണ് വിഷയത്തില്‍ ഇടെപെട്ടുകൊണ്ട് ജില്ലാകലക്ടറും രംഗത്തെത്തിയിരിക്കുന്നത്. 

Eng­lish Summary:Pullavur Cutout Con­tro­ver­sy; The dis­trict col­lec­tor asked the munic­i­pal­i­ty to take action on the complaint
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.