യുദ്ധമുഖത്ത് ആരും കുതിരകളെ മാറ്റാറില്ല, മെരുക്കിയെടുത്ത കുതിരകളുമായി യുദ്ധത്തിനിറങ്ങുകയാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് നടത്തിയ നേതൃമാറ്റമാണ് പഞ്ചാബിലെ പരാജയത്തിന് മുഖ്യകാരണമെന്ന് ഡല്‍ഹി സ്വദേശിയും തൊഴിലാളിയുമായ അമ്രിക് സിങ് വിലയിരുത്തുന്നു.
രൂക്ഷമായ നേതൃതര്‍ക്കത്തിനിടെയാണ് പഞ്ചാബില്‍ ചരണ്‍ജിത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദർ സിങ് പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയിരുന്നു. അമരീന്ദറിന്റെ രാജിക്ക് പിന്നാലെയാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ നവ്ജോത് സിങ് സിദ്ദുവും ചരടുവലികൾ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാൻഡ് പിന്തുണയോടെ ഛന്നി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് നടത്തിയ നേതൃമാറ്റം പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടുവെന്നാണ് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.
കൂടാതെ, വലിയൊരു വിഭാഗം സിഖുമതവിശ്വാസികളടക്കം ലക്ഷക്കണക്കിന് പഞ്ചാബികളാണ് ഡല്‍ഹിയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികള്‍ പഞ്ചാബിലും ആവിഷ്കരിക്കുമെന്നാണ് ആം ആദ്മിയുടെ വാഗ്ദാനം. ഡല്‍ഹിയില്‍ പൊതുഗതാഗത സംവിധാനത്തിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, കുടിവെള്ളം, വൈദ്യുതിനിരക്കിലുള്ള കുറവ് , ആരോഗ്യമേഖല, പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി, റേഷന്‍ കൃത്യമായി ജനങ്ങള്‍ക്ക് എത്തിച്ചു, കോവിഡ് കാലത്തെ സൗജന്യങ്ങള്‍, തുടങ്ങി ആം ആദ്മി നടപ്പാക്കി വിജയിച്ച പദ്ധതികള്‍ പഞ്ചാബിലും ആവിഷ്കരിക്കുമെന്ന ഉറപ്പാണ് ആം ആദ്മിക്ക് വിജയം സമ്മാനിച്ചത്. ഡല്‍ഹിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പഞ്ചാബിന് ആം ആദ്മിയുടെ ആശയങ്ങളെ രാഷ്ട്രീയപരമായി സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നും അമ്രിക് സിങ് പറഞ്ഞു.
പഞ്ചാബില്‍ അഴിമതി ഭരണപ്രതിപക്ഷങ്ങളുടെ മുഖമുദ്രയാണ്. ഡല്‍ഹി സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളില്ലെന്നതും പഞ്ചാബിലെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആം ആദ്മിയിലേക്ക് ആകര്‍ഷിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കുമപ്പുറം മൂന്നാമത്തെ പ്രായോഗിക ബദലായി ആംആദ്മിക്ക് മാറാന്‍ കഴിയുമെന്ന് പഞ്ചാബിലെ ജനങ്ങള്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്തു.
ഡല്‍ഹിയിലെ അനധികൃത കോളനികളെ ആംആദ്മി സര്‍ക്കാര്‍ നിയമവിധേയമാക്കിയിരുന്നു. ഇതോടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ കോളനിവാസികള്‍ക്ക് സ്വന്തമായി ലഭിച്ചു. പഞ്ചാബിലെ ഇത്തരം അനധികൃത കോളനികള്‍ നിയമവിധേയമാക്കാമെന്ന ആം ആദ്മിയുടെ വാഗ്ദാനം ഇവിടുത്തെ സാധാരണക്കാരെ ഏറെ സ്വാധീനിച്ചു. ജനക്ഷേമ പദ്ധതികള്‍ വാഗ്ദാനങ്ങള്‍ മാത്രമാക്കിയൊതുക്കാതെ ആംആദ്മി ഡല്‍ഹിയില്‍ വിജയകരമായി നടപ്പാക്കി. ഇത് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ നടപ്പാക്കിയ പ്രചാരണം ജനങ്ങളെ ആംആദ്മിക്ക് അനുകൂലമാക്കിയെന്നും അമ്രിക് സിങ് ജനയുഗത്തോട് പറഞ്ഞു.
English Summary: Congress loses Punjab to change of leadership and infighting: Amrik Singh reveals to the Janayugom
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.