തിരുവിതാംകൂറിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന് ദിശാബോധം നൽകാന് ജീവൻ ബലിയർപ്പിച്ച വയലാറിലെ രക്തനക്ഷത്രങ്ങൾക്ക് പതിനായിരങ്ങളുടെ പ്രണാമം. 76 ആണ്ടുകൾക്ക് മുൻപ് അമരത്വം നേടിയ ധീരയോദ്ധാക്കളുടെ സ്മരണ പുതുക്കുവാൻ ഇന്നലെ പുലർച്ചെ മുതൽ നാടും നഗരവും വയലാറിലെ ബലിത്തറയിലേക്ക് ഒഴുകിയെത്തി. വാരിക്കുന്തമേന്തിയ പോരാളിയുടെ പ്രതിമയ്ക്ക് മുന്നിൽ ഇൻക്വിലാബ് മുഴക്കിയും പുഷ്പങ്ങൾ അർപ്പിച്ചും അവർ പ്രതിജ്ഞ പുതുക്കി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രണശോഭ പകർന്ന വീരന്മാരെ സ്മരിക്കാനായി കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമെല്ലാം കുടുംബസമേതമാണ് എത്തിയത്. വാർധക്യത്തിന്റെ അവശതകളെ മാറ്റിനിർത്തി സമരാനുഭവങ്ങൾ പങ്കുവച്ചെത്തിയ സേനാനികളും പുതുതലമുറയ്ക്ക് ആവേശം പകർന്നു. ജന്മിത്വത്തിന്റെ കരാളതയ്ക്കും ദിവാൻഭരണത്തിന്റെ കെടുതികൾക്കുമെതിരെ ജീവൻകൊടുത്തും പോരാടിയ രക്തസാക്ഷികൾക്ക് മരണമില്ലെന്ന് ജനസഞ്ചയം പ്രഖ്യാപിച്ചപ്പോൾ വീരവയലാർ വീണ്ടും ഗർജ്ജിച്ചു. ഇതോടെ പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങി.
പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽനിന്ന് മുൻ മന്ത്രി ജി സുധാകരനും മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മുതിർന്ന സിപിഐ(എം) നേതാവ് എസ് ബാഹുലേയനും പകർന്ന് നൽകിയ ദീപശിഖകൾ അത്ലറ്റുകൾ വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അത്ലറ്റുകളിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.
പുഷ്പാർച്ചനയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കൃഷി മന്ത്രി പി പ്രസാദ്, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, ടി ടി ജിസ്മോൻ, ഡി സുരേഷ് ബാബു, കെ ചന്ദ്രനുണ്ണിത്താൻ, സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്, നേതാക്കളായ സജി ചെറിയാൻ എംഎൽഎ, സി എസ് സുജാത, ആർ നാസർ, സി ബി ചന്ദ്രബാബു, ജി സുധാകരൻ, എ എം ആരിഫ് എംപി, സ്വാതന്ത്ര്യസമര സേനാനി പി കെ മേദിനി തുടങ്ങിയവർ നേതൃത്വം നൽകി.
പൊതു സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഡോ. ടി എം തോമസ് ഐസക്, പന്ന്യൻ രവീന്ദ്രൻ, പി പ്രസാദ്, ടി ജെ ആഞ്ചലോസ്, ആർ നാസർ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. പി കെ സാബു സ്വാഗതം പറഞ്ഞു. വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനത്തിൽ വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷനായി. എം കെ ഉത്തമൻ സ്വാഗതം പറഞ്ഞു. ആലങ്കോട് ലീലാ കൃഷ്ണൻ, ഇ എം സതീശൻ, ജി എസ് പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
English Summary:Punnapra-Vayalar samaram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.