11 September 2024, Wednesday
KSFE Galaxy Chits Banner 2

ചരിത്രസത്യം മറച്ചുവയ്ക്കാനാവില്ല

കാനം രാജേന്ദ്രൻ
October 27, 2022 4:45 am

തിഹാസികമായ പുന്നപ്ര‑വയലാർ സമരം, തീർത്തും തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിന്റെ, ദിവാൻ ഭരണത്തോടൊപ്പം രാജവാഴ്ചയും അവസാനിപ്പിച്ച് ഉത്തരവാദഭരണം സ്ഥാപിക്കുന്നതിനുള്ള സമരത്തിന്റെ, അവിഭക്തഭാഗമായിരുന്നു. പുന്നപ്ര‑വയലാർ സമരത്തെ ഒഴിച്ചു നിർത്തിക്കൊണ്ട് തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രം’ പൂർണമാവില്ല. പുന്നപ്ര‑വയലാർ സമരം നടന്നിട്ട് 76 വർഷം പൂർത്തിയാകുകയാണ്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലൊട്ടാകെത്തന്നെയുള്ള സ്വാതന്ത്ര്യ സമരത്തിലെ ഒരു അനശ്വര അധ്യായമാണ് പുന്നപ്ര‑വയലാര്‍. തൊഴിലാളികളും കൃഷിക്കാരും സ്വാതന്ത്ര്യസമരത്തിൽ എത്രത്തോളം ത്യാഗോജ്ജ്വലമായി പങ്കെടുത്തുവെന്നതിന്റെ അവിസ്മരണീയമായ ഒരു ദൃഷ്ടാന്തം കൂടിയാണത്.
പുന്നപ്ര‑വയലാർ! ആ സപ്താക്ഷരങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന തീനാളമായി ഇന്നും നിലനിൽക്കുന്നു. 76 വർഷം മുമ്പ് പുന്നപ്രയിലെയും വയലാറിലെയും ധീരദേശാഭിമാനികൾ കൊളുത്തിയ തീനാളം അണഞ്ഞില്ല; അണയുകയുമില്ല. മുക്കാല്‍ നൂറ്റാണ്ട് മുമ്പ് പുന്നപ്രയിലും വയലാറിലും ഒഴുകിയ രക്തപ്രവാഹത്തിൽ ആ തീനാളം അണഞ്ഞുപോയെന്ന് അന്നത്തെ ഭരണാധികാരികളും സ്ഥാപിതതാല്പര്യക്കാരും കൊട്ടിഘോഷിച്ചു. കള്ളപ്രചരണങ്ങൾ നടത്തി. പ്രചണ്ഡമായ ആ കുപ്രചരണത്തിന്റെ ധൂമപടലത്തിൽ പുന്നപ്ര‑വയലാർ ജനദൃഷ്ടിയിൽ നിന്നും മാഞ്ഞുപോകുമെന്നവർ കരുതി. പക്ഷേ, ചരിത്ര സത്യത്തെ മറച്ചുവയ്ക്കാൻ ആർക്കു കഴിയും?


ഇതുകൂടി വായിക്കൂ:  അണയാത്ത തീനാളം


പുന്നപ്ര‑വയലാർ സമരത്തെപ്പറ്റി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന പി സി ജോഷി എഴുതിയത് ഇങ്ങനെ: ”പുന്നപ്രയും വയലാറും തിരുവിതാംകൂറിലെ രണ്ട് അനശ്വര ഗ്രാമങ്ങളായിത്തീരും. രണ്ട് പുണ്യസ്ഥലങ്ങളായിത്തീരും. കാരണം സ്വേച്ഛാ പ്രമത്തതയുടെ മുമ്പിൽ തിരുവിതാംകൂർ ജനത മുട്ടുകുത്താൻ ഭാവമില്ലെന്ന് കാണിച്ചു കൊടുത്തത് ഈ സ്ഥലങ്ങളാണ്; ഇന്ത്യൻ സ്വേച്ഛാധിപതികൾ അവരുടെ ബ്രിട്ടീഷ് മേലാളന്മാരെപ്പോലെതന്നെ സംഘടിത തൊഴിലാളി വർഗത്തെയും കർഷക പ്രസ്ഥാനത്തെയും ഒന്നാമത്തെ ശത്രുവായെണ്ണുന്നതെന്തുകൊണ്ടാണെന്ന് കാണിച്ചു തരുന്നതും ഈ സ്ഥലങ്ങളാണ്.”
”വീരമൃത്യുവിന്റെ അന്യാദൃശമായ കീർത്തിമുദ്രകൾ ചൂടിക്കൊണ്ട് തിരുവിതാംകൂറിലെ തെമ്മാടി ഭരണത്തോട് പടവെട്ടാൻ ചുവപ്പുകൊടിക്കാർക്ക് നന്നായറിയാമെന്ന് സ്വന്തം ജീവരക്തത്താൽ പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് അവർ മുക്തിയടഞ്ഞു. ജനകീയ താല്പര്യങ്ങൾ എത്രയെത്ര പാവനമാണെന്ന് ബോധമുണ്ടായ ബഹുജനങ്ങൾ പ്രദർശിപ്പിച്ച വിശിഷ്ട വീരത്വമാണത്.”
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നീണ്ട ചരിത്രത്തിൽ ഒരു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ സംഘടിതരും രാഷ്ട്രീയ ബോധമുള്ളവരുമായ തൊഴിലാളിവർഗം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഏറ്റവും ഉജ്ജ്വലമായ ഒരധ്യായം എഴുതിച്ചേർത്തു; ഇന്ത്യയിലെ സാമ്രാജ്യത്വ ഭരണത്തിന്റെയും നാട്ടു രാജ്യങ്ങളിലെ രാജവാഴ്ചയുടെയും അടിത്തറയിളക്കിക്കൊണ്ട്. അതാണ് പുന്നപ്ര‑വയലാർ സമരത്തിന്റെ അർത്ഥം. അതിന്റെ പാവനത്വവും അതുതന്നെയാണ്.


ഇതുകൂടി വായിക്കൂ: വിജയവാഡയിലെ സിപിഐ ഭരണവും കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ പ്രതിമകളും


പുന്നപ്ര‑വയലാർ സമരം കമ്മ്യൂണിസ്റ്റുകാർ അനവസരത്തിൽ നടത്തിയ ഒരു ‘മുറി വിപ്ലവം’ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്നവർ ഇന്നും ഇല്ലാതില്ല. ആ സമരത്തിന്റെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലവും അന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയും മനസിലാക്കാതെ അതിനെ ഒറ്റപ്പെട്ട സംഭവമായി കാണുന്നവർ അങ്ങനെ ധരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. മാത്രമല്ല, ആ സമരത്തെ പരാജയപ്പെടുത്തുന്നതിനും ഒറ്റപ്പെടുത്തി അടിച്ചമർത്തുന്നതിനും വേണ്ടി തിരുവിതാംകൂർ സര്‍ക്കാരിന്റെ പ്രചരണ തന്ത്രങ്ങളും സ്ഥാപിത താല്പര്യക്കാരുടെ പത്രങ്ങളും ഇടതടവില്ലാതെ തട്ടിവിട്ട കള്ളങ്ങളും കെട്ടുകഥകളും സാധാരണക്കാരുടെ ഇടയിൽ അങ്ങനെയുള്ള തെറ്റായ ധാരണകൾ ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു.
തിരുവിതാംകൂറിലെ സംഘടിത തൊഴിലാളി വർഗവും അവരുടെ രാഷ്ട്രീയ പാർട്ടിയും, തൊഴിലാളികൾക്ക് ഏതാനും സാമ്പത്തിക നേട്ടങ്ങൾ സമ്പാദിക്കുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭമായിരുന്നില്ല പുന്നപ്ര‑വയലാർ സമരം. ആ സമരം അതിന്റെ എല്ലാ അർത്ഥത്തിലും വ്യാപ്തിയിലും സ്വാതന്ത്ര്യത്തിനുവേണ്ടി, ദിവാൻ ഭരണത്തെ എന്നെന്നേക്കും അവസാനിപ്പിക്കുന്നതിനുവേണ്ടി, പ്രായപൂർത്തി വോട്ടവകാശത്തോടുകൂടി പരിപൂർണ ഉത്തരവാദഭരണം നേടിയെടുക്കുന്നതിനു വേണ്ടി നടത്തിയ സമരമായിരുന്നു എന്ന് കമ്മ്യൂണിസ്റ്റ് വിരോധ തിമിരം ബാധിച്ചിട്ടില്ലാത്ത ചരിത്ര വിദ്യാർത്ഥികൾക്ക് കാണുവാൻ കഴിയും.


ഇതുകൂടി വായിക്കൂ: ഇതിഹാസപൂർണ്ണിമ


ഇന്ത്യൻ സ്വാതന്ത്ര്യത്തെ തുരങ്കംവയ്ക്കുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്വം നിർമ്മിച്ച കെണിയെ തകർത്ത സമരമാണ് പുന്നപ്ര‑വയലാർ. ബ്രിട്ടന്റെ പിണിയാളുകളായ നാട്ടുരാജാക്കന്മാരുടെ അവകാശക്കോട്ട തകർത്ത് തരിപ്പണമാക്കിയ ആ സമരം തിരുവിതാംകൂറിന്റെ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ ഒരധ്യായമായി എന്നും നിലനിൽക്കും.
തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ മാത്രമേ ദേശീയ സ്വാതന്ത്ര്യം പൂർത്തിയാക്കി ദേശീയ ജനാധിപത്യം സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് ഇന്നത്തെ തലമുറയ്ക്ക് കാണിച്ചു കൊടുത്തുകൊണ്ട് ഉറപ്പ് നൽകുന്ന ഒരു വാഗ്ദത്ത പത്രികയും അതിന്റെ വഴികാട്ടിയായ ചൂണ്ടുപലകയുമാണ് പുന്നപ്ര‑വയലാർ. ദിവാന്റെ ദുർഭരണത്തിനും ജന്മി ഗുണ്ടാവിളയാട്ടത്തിനുമെതിരെയാണ് പുന്നപ്രയിലെയും വയലാറിലെയും ധീര സഖാക്കൾ പോരാടിയത്. ഇന്നത്തെ ഇന്ത്യയിൽ ഹൈന്ദവ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരായ പോരാട്ടത്തിൽ വിശാലമായ ഒരു പൊതുവേദി ഉയർന്നുവരേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതര-ജനാധിപത്യ പാരമ്പര്യങ്ങൾ നിലനിർത്തുന്നതിനായുള്ള വരുംകാല പോരാട്ടങ്ങൾക്ക് പുന്നപ്ര‑വയലാറിന്റെ വീരസ്മരണ കരുത്തു പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.