21 February 2024, Wednesday

പുതുഹര്‍ഷം

Janayugom Webdesk
July 25, 2022 7:12 am

നൂറ് വർഷങ്ങൾക്കപ്പുറമുള്ള ചരിത്രം പുതിയ തലമുറയെ സംബന്ധിച്ച് അത്ഭുതകരമായിരിക്കും. നൂറു വർഷങ്ങൾക്കിപ്പുറം സംഭവിച്ചത് പഴയ തലമുറയിലെ ആൾക്കാരെ സംബന്ധിച്ച് അതിശയകരവുമായിരിക്കും.
സ്വപ്നങ്ങൾക്ക് അതിരുകളില്ല. അങ്ങനെ സ്വപ്നം കണ്ടവയൊക്കെ ഒന്നൊന്നായി സാക്ഷാല്ക്കരിക്കപ്പെട്ടതോടെ പുതിയ കാലം യന്ത്രങ്ങളുടെ കൈപ്പിടിയിലായി. നടന്നു കാര്യങ്ങൾ സാധിച്ചിരുന്നിടത്തു നിന്നും മോട്ടോർ വാഹനങ്ങളിലേക്കുള്ള ചവിട്ടുപടി സമയത്തിന്റെ വേഗതയ്ക്കപ്പുറത്തേക്ക് ഗിയർ ഷിഫ്റ്റ് ചെയ്യുന്നിടത്തേക്ക് നാമെത്തി. കല്ലുകൾ കൂട്ടിവച്ച് അടുപ്പുകൾ തയാറാക്കിയിരുന്നിടത്തു നിന്നും ഗ്യാസടുപ്പുകളിലേക്ക് തീ നാളങ്ങളുയർന്നു.
യാത്രകളുടെ വേഗം കൂടി. സെക്കന്റുകളെ തോല്പിച്ച് നാം മുന്നേറുകയാണ്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ വർഷങ്ങൾ ഒന്നൊന്നായി കടന്നു പോകുന്നു. ഓരോ പുതുവർഷവും പ്രതീക്ഷകളാണ്. നേടിയെടുത്ത പലതും പുതുമകൾക്കിടയിൽ പുരാവസ്തുക്കളായി മാറുന്നത് എത്ര പെട്ടെന്നാണ്. നമ്മുടെ ഭക്ഷണരീതികൾ മാറി. വിശക്കുമ്പോൾ സ്വന്തം പറമ്പിലേക്ക് കപ്പക്കിഴങ്ങിനോടിയ മനുഷ്യൻ ഇന്ന് വീടകങ്ങളിലിരുന്ന് വിരൽ തോണ്ടി വിളിക്കുമ്പോൾ ഭക്ഷണം അരികത്തെത്തുകയായി. ഈ മാറ്റങ്ങൾ മനുഷ്യനെ സഹായിക്കുന്നതാണോ എന്ന് സംശയിച്ചേക്കാം. .
ഉപകാരവും, ഉപദ്രവും ഒരേ പോലെ കടന്നു വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു പക്ഷെ മനുഷ്യൻ അലസനായി മാറിയേക്കാം. അടുക്കള പുകയുന്നത് കഷ്ടപ്പാടുകൾക്കിടയിൽ നിന്നാണ് എന്ന തിരിച്ചറിവ് പുതിയ കാലത്ത് എത്ര പേർക്കറിയാം. .
നാം നോക്കുമ്പോൾ എല്ലാം തൊട്ടു മുമ്പിലുണ്ട്. അത് തന്നെയാണ് പഠനത്തിലും സംഭവിക്കുന്നത്. അന്വേഷണാത്മകത ഗൂഗിൾ എന്നതിൽ മാത്രമൊതുങ്ങുന്നു. .
നാടിനെയറിയാൻ നാം ഇറങ്ങി നടക്കണം. ചുറ്റുപാടുകളുടെ പ്രത്യേകതകൾ കണ്ടറിയണം. .
കാൽനട നമുക്ക് തരുന്ന അനുഭവങ്ങൾ ഏറെ വലുതാണ്.
തെളിഞ്ഞു കത്തുന്ന ഓണക്കാലത്തേക്കാണ് നാം നടന്നടുക്കുന്നത്.
ജീവിത വഴികളിൽ ഓണം നമുക്ക് സമ്മാനിച്ച അനുഭവങ്ങൾ എത്രയേറെയാണ്. ഓണാവധിയും പൂക്കളങ്ങളും, പുത്തനുടുപ്പും ഊഞ്ഞാലും, തുമ്പിതുള്ളലും, ഓണപ്പാട്ടും, ഓണസദ്യയും, ഓണത്തല്ലും, ഓണത്തിൽ മാത്രം കാണപ്പെടുന്നവയാണ്.
ശൈശവ, ബാല്യ, കൗമാര, യൗവനങ്ങളിലൂടെ ഓണം കടന്നെത്തുമ്പോഴേക്കും മടുപ്പ് പ്രകടമാകുന്നു.
നമ്മുടെ നാടിന്റെ കാർഷിക സമൃദ്ധി നഷ്ടമായതോടു കൂടി പഴയവ നാം മറന്നു കഴിഞ്ഞു. സ്നേഹം മറന്നു. ജീവിതസുഖങ്ങളുടെ ആർത്തിയിൽ ഹർഷോന്മത്തരായി മാറിയ ജനതയാണ് എവിടെയും. കനിവ് നഷ്ടപ്പെട്ട് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളിൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന നാടായി മാവേലി നാട്.
സ്വന്തമായി ഭൂമിയും, കിടപ്പാടവുമില്ലാത്തവർ, അടക്കം ചെയ്യാൻ ആറടി മണ്ണ് തേടി നടക്കുന്നവർ, ഇന്നും നമ്മുടെ നാടിന്റെ നേർക്കാഴ്ചകളാണ്.
കൊച്ചുവീടെന്ന സങ്കല്പം പൊളിച്ചുകളഞ്ഞ് ആകാശ ഗോപുരങ്ങളായി മാറുന്ന ഫ്ലാറ്റുകൾ. ഫ്ലാറ്റുകൾക്കിടയിൽ വീർപ്പുമുട്ടുന്ന കുഞ്ഞുജീവനുകൾ. അവർക്കിടയിലേക്ക് വകഞ്ഞെറിഞ്ഞു കൊടുക്കുന്ന ഓൺലൈൻ ഗെയിമുകൾ ജീവിതത്തിന്റെ മൈതാനത്ത് തോൽവി വിളയിക്കുന്നു.
ജീവിത സുഖങ്ങളുടെ ആർത്തി പുതുഹർഷവും, പുളകവും സമ്മാനിക്കും. ഭൗതിക സുഖങ്ങൾ നുകരുന്നതോടൊപ്പം നന്മയുടെ വിത്തുകൾ വിളയിച്ച് പുതുഹർഷാരവം മുഴക്കി നമുക്ക് മെല്ലെ നടക്കാം. ഒരുമിച്ച് കൈകൾ കോർത്ത്, നാം എല്ലാം മനുഷ്യരെന്ന തിരിച്ചറിവോടെ. മൂല്യങ്ങളുടെ ലോകത്തേക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.