26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 26, 2025
April 26, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തിലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
April 3, 2025 7:00 am

തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.  മനുഷ്യ ‑വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. വനംവകുപ്പിന്റെ സ്വപ്‌ന പദ്ധതിയാണ് സുവോളജിക്കല്‍ പാര്‍ക്കെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന വിധത്തിലാണ് സുവോളജിക്കല്‍ പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നത്. ഇത് നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ആഗസ്ത് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. 331 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി നല്‍കിയത്. തികച്ചും നൂതനമായ സങ്കല്‍പ്പമാണ് സുവോളജിക്കല്‍ പാര്‍ക്ക്. ഇത് ഒരു മൃഗശാലയല്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും സ്വതന്ത്രമായി വിഹരിക്കാനാവുന്ന വിധത്തിലാണ് ഇത് തയ്യാറാവുന്നതെന്നും മന്ത്രി പറഞ്ഞു.

 

കാലാവസ്ഥാ മാറ്റം വിതയ്ക്കുന്ന മനുഷ്യ‑വന്യമൃഗ സംഘര്‍ഷം തടയുന്നതിന് വനസമിതികള്‍ രൂപീകരിച്ച് പഞ്ചായത്തുകളുടെ സഹായത്തോടെയായിരിക്കും പ്രത്യേക പദ്ധതി നടപ്പാക്കുക. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് കിഫ്ബിയുമായി ധാരണയായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളെയും ജനപ്രതിനിധികെളയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. വനസംരക്ഷണ സമിതികൡലൂടെയായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

കിഫ്ബി സഹായത്തോടെ വനം വകുപ്പില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയത്. മനുഷ്യ- വന്യമൃഗ സംഘര്‍ഷം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വേലിക്കായി 110 കോടി രൂപ കിഫ്ബി നല്‍കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 67 കോടിയുടെ പദ്ധതിയുമുണ്ട്. തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനായി 82 കോടിയുടെ പദ്ധതിക്കും അംഗീകാരമായി. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതെളിയിച്ച കിഫ്ബിക്ക് ഇക്കഴിഞ്ഞ നവംബര്‍ 11‑ന് 25 വയസ്സ് തികഞ്ഞിരിക്കുകയാണ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി എന്ന സ്വപ്നത്തിന് 1999‑ല്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വിത്ത് പാകുന്നത്. 2016‑ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് പ്രാബല്യത്തില്‍ വന്നു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ധനസെക്രട്ടറിയായിരുന്ന കെ എം ഏബ്രഹാമും ചേര്‍ന്നാണ് കിഫ്ബി പുതുക്കിപ്പണിഞ്ഞ് നിയമം പൊളിച്ചെഴുതിയത്. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭയില്‍ കിഫ്ബി നിയമം പാസാക്കുകയായിരുന്നു. ഇതോടെയാണ് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടിയുടെ വികസനം എന്ന ലക്ഷ്യവുമായി കിഫ്ബി ഉയര്‍ന്നുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.