27 July 2024, Saturday
KSFE Galaxy Chits Banner 2

പി വി അൻവറിന്റെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
July 11, 2023 10:31 pm

ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി വി അൻവർ എംഎൽ എയും കുടുബവും കൈവശംവച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദേശം നൽകി.

മലപ്പുറത്തെ വിവരാവകാശപ്രവർത്തകനായ കെ വി ഷാജി സമർപ്പിച്ച ഹ‍ർജിയിലാണ് നടപടി. 2017ലാണ് സംസ്ഥാന ലാന്റ്ബോ‍ർഡിനും താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനും പി വി അൻവറും കുടുംബവും കൈവശംവച്ച മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. എന്നാൽ സർക്കാർ നടപടികൾ വൈകിയതോടെ 2022 ജനുവരി 13ന് വീണ്ടും അഞ്ച് മാസം സാവകാശം നൽകി.

കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാരിന് നിർദേശം നൽകി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ പിന്നീട് തിരുത്തി. പരിശോധനയിൽ അധികഭൂമി അൻവറിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽ കൂടി ഭൂമി ഉണ്ടെന്നും ഇതുകൂടി പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: PV Anwar’s sur­plus land should be recov­ered imme­di­ate­ly: High Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.