27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 19, 2024
July 19, 2024
July 18, 2024
July 17, 2024
July 16, 2024
July 14, 2024
July 13, 2024
July 4, 2024
June 20, 2024

മോഡി സര്‍ക്കാരിനെതിരെ രഘുറാം രാജന്‍; ജിഡിപി അവകാശവാദം അസംബന്ധം

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2024 9:49 pm

ഇന്ത്യയെ സമീപഭാവിയില്‍ തന്നെ വികസിത രാജ്യമാക്കുമെന്ന അവകാശവാദം വെറും അസംബന്ധമാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ പ്രശ്‌നങ്ങളുണ്ടെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സമ്പദ് വ്യവസ്ഥയില്‍ വന്‍ വളര്‍ച്ചയുണ്ടെന്ന അമിതമായ പ്രചാരത്തില്‍ വീണിരിക്കുകയാണ് രാജ്യം. അത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. ഇന്ത്യയില്‍ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. അതെല്ലാം നല്ല നിലയിലേക്ക് നയിക്കപ്പെട്ടാല്‍ മാത്രമേ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പൂര്‍ണമായ കരുത്തിലേക്ക് എത്താന്‍ സാധിക്കൂ എന്നും രഘുറാം രാജന്‍ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും, രാജ്യത്തെ തൊഴില്‍ മേഖലയുടെ നൈപുണി മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതാണ് പ്രധാന വെല്ലുവിളി. അതില്‍ മുന്നേറ്റമുണ്ടാക്കിയില്ലെങ്കില്‍, രാജ്യത്തെ യുവതലമുറയുടെ നേട്ടം ഇന്ത്യക്ക് ലഭിക്കില്ലെന്നും രാജന്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ ഏറ്റവും വലിയ അബദ്ധം വഴിതെറ്റിപ്പിക്കുന്ന പ്രചാരണത്തില്‍ വീണുവെന്നതാണ്. ആ പ്രചാരണം അസത്യമാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണ്. ഇത്തരം പ്രചാരണങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. ഞങ്ങളിവിടെ എത്തിക്കഴിഞ്ഞു എന്ന് കാണിക്കാനാണിത്. എന്നാല്‍ നമ്മള്‍ ആ പ്രചാരണം പൂര്‍ണമായും വിശ്വസിച്ചാല്‍ ഗുരുതരമായ അബദ്ധമായിരിക്കുമെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. 2047ഓടെ വികസിത രാജ്യമാക്കാമെന്ന മോഡിയുടെ അവകാശവാദത്തെയും രാജന്‍ തള്ളി. നമ്മുടെ നിരവധി കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് തന്നെ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് പകരം ചിപ്പ് നിർമ്മാണം പോലുള്ള ഉയർന്ന പ്രോജക്ടുകളിലാണ് മോഡി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഇന്ത്യയില്‍ സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി. നമുക്ക് വലിയൊരു തൊഴില്‍ മേഖലയും അതുപോലെ തന്നെ തൊഴിലാളികളുമുണ്ട്. പക്ഷേ ഇവര്‍ നല്ല ജോലികള്‍ ചെയ്താല്‍ മാത്രമേ അതിന്റെ ഗുണം നമുക്ക് ലഭിക്കൂ. അതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തം. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് രാജ്യമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും രാജന്‍ പറഞ്ഞു.
കോവിഡിന് ശേഷം ഇന്ത്യയിലെ സ്കൂള്‍ കുട്ടികളുടെ പഠന മികവ് പിന്നോട്ട് പോയിരിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വെറും 20.5 ശതമാനം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് രണ്ടാം ക്ലാസിലെ പുസ്തകങ്ങള്‍ വായിക്കാന്‍ പറ്റുന്നത്. ഇന്ത്യയിലെ സാക്ഷരത നിരക്ക് വിയറ്റ്‌നാം അടക്കം ഏഷ്യന്‍ രാജ്യങ്ങള്‍ക്കും പിന്നിലാണെന്ന് രഘുറാം രാജന്‍ പറഞ്ഞു. 

Eng­lish Summary:Raghuram Rajan against Modi gov­ern­ment; The GDP claim is nonsense
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.