24 December 2024, Tuesday
KSFE Galaxy Chits Banner 2

റയില്‍ വികസനം പാതയിരട്ടിപ്പിക്കലില്‍ അവസാനിക്കുന്നില്ല

Janayugom Webdesk
May 31, 2022 5:00 am

റയിൽ വികസനരംഗത്ത് നിരന്തരമായ അവഗണന നേരിട്ടുപോരുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരവും പ്രതീക്ഷാനിര്‍ഭരവുമാണ് എറണാകുളം-കോട്ടയം-കായംകുളം റയിൽപാതയുടെ ഇരട്ടിപ്പിക്കൽപണി പൂർത്തിയാക്കി യാത്രയ്ക്കായി തുറന്നുകൊടുത്തത്. ഇതോടെ 632 കിലോമീറ്റർ ദൈർഘ്യം വരുന്ന തിരുവനന്തപുരം മംഗലാപുരം പാത പൂർണമായും വൈദ്യുതീകൃത ഇരട്ടപ്പാതയായി മാറിക്കഴിഞ്ഞു. ഷൊർണൂർ യാർഡിനും ഭാരതപ്പുഴക്കുമിടയിൽ 1200 മീറ്റർ ദൂരം മാത്രമായിരിക്കും ചൂണ്ടിക്കാട്ടാവുന്ന അപാകത. അത് ഗതാഗതത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് റയിൽവേ വൃത്തങ്ങൾ പറയുന്നത്. പൂർത്തിയായ പാതയിലൂടെ ഞായറാഴ്ച രാത്രി പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് കടന്നുപോയതോടെ കേരളത്തിന്റെ റയിൽ ഗതാഗതരംഗം ഒരു പുത്തൻ കാൽവയ്പ്പാ‌‌ണ് നടത്തിയതെന്ന് നിസംശയം പറയാം. എന്നാൽ, കേരളത്തിന്റെ വർധിച്ചുവരുന്ന റയിൽവികസന ആവശ്യങ്ങളുമായി തുലനംചെയ്യുമ്പോൾ ഇനിയും എത്രയോ കാതം അതിവേഗം മുന്നേറേണ്ടതുണ്ട് എന്നത് നമ്മെ സ്വാഭാവികമായും അസ്വസ്ഥരാക്കുന്നു. ഇപ്പോഴത്തെ മാറ്റംതന്നെ യാത്രയുടെയും ചരക്കുനീക്കത്തിന്റെയും വേഗത വർധിപ്പിക്കാൻ മാത്രമല്ല പുതിയ ട്രെയിനുകൾ ആരംഭിക്കാനും അവസരം നൽകും.

ലക്ഷക്കണക്കിന് മലയാളികളും അവരുടെ കുടുംബങ്ങളും രാജ്യത്തെ മഹാനഗരങ്ങളിൽ മാത്രമല്ല വിദൂര അഗമ്യ പ്രദേശങ്ങളിൽപോലും പണിയെടുക്കുന്നുണ്ട്. അവർ കേരളത്തിന്റെ സമ്പദ്ഘടനയിലേക്കു നൽകുന്ന സംഭാവനകൾ പലപ്പോഴും അർഹിക്കുന്ന തോതിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. അവരുടെ ആവലാതികൾക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ ശ്രമിക്കാനും സംസ്ഥാനത്തെ തെക്കുവടക്ക് റയിൽയാത്ര കുറേക്കൂടി സുഗമമാക്കാനുമുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കേരളത്തിന്റെ റയിൽപ്പാത ഇരട്ടിപ്പിക്കൽ ആവശ്യങ്ങൾക്ക് ഇതോടെ അവസാനമായിട്ടില്ല. എറണാകുളം-കായംകുളം പാതയുടെ ഇരട്ടിപ്പിക്കൽ പണികൾ പ്രഖ്യാപിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇതിനകം പൂർത്തിയായതാവട്ടെ 31 കിലോമീറ്റർ കായംകുളം-അമ്പലപ്പുഴ പാതയുടെ ഇരട്ടിപ്പിക്കൽ മാത്രം. 69 കിലോമീറ്റർ ദൈർഘ്യമുള്ള അമ്പലപ്പുഴ‑എറണാകുളം പാതയുടെ പണികൾ ഇപ്പോഴും കടലാസിൽ ഒതുങ്ങിനില്‍ക്കുന്നു. കായംകുളം-എറണാകുളം പാതഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഈ നൂറ് കിലോമീറ്റർ പിന്നിടാൻ ഒരുമണിക്കൂർ മതിയാവും.


 ഇതുകൂടി വായിക്കാം; കേരളവികസനവും കേന്ദ്ര സമീപനവും


എന്നാൽ, 2700 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പാതയിരട്ടിപ്പിക്കലിന് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് കേവലം ഇരുപത്തിയൊന്ന് കോടി മാത്രം. 2019ൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആവശ്യപ്പെട്ട അമ്പതുശതമാനം വിഹിതം നൽകാൻ കേരളത്തിന് കഴിയില്ലെന്നതിന്റെ പേരിൽ പദ്ധതി അപ്പാടെ മരവിപ്പിച്ച കേന്ദ്രസമീപനത്തിൽ കാതലായ മാറ്റം എന്തെങ്കിലും ഉണ്ടായതായി പ്രത്യക്ഷലക്ഷ്യങ്ങൾ ഒന്നും കാണുന്നില്ല. സംസ്ഥാനത്തിന്റെ റയിൽ ഗതാഗതത്തിൽ വലിയ കുതിപ്പിന് വഴിതുറക്കുന്ന ഈ പദ്ധതിയുടെ സമയബന്ധിത പൂർത്തീകരണത്തിന് കേന്ദ്രത്തിനുമേൽ കടുത്ത സമ്മർദം കൂടിയേതീരൂ. കൂടുതൽ ദൂരവും സമയവും വേണ്ട കോട്ടയം പാത ഒഴിവാക്കി ദീർഘദൂര ട്രെയ്‌നുകൾക്കും തെക്കുവടക്ക് ഗതാഗതത്തിനുമുള്ള സുഗമപാതയായി ആലപ്പുഴ പാതയെ അടിയന്തരമായി സജ്ജമാക്കേണ്ടതുണ്ട്. റയിൽവേയുടെ ‘വിഷൻ 2024’ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് എറണാകുളം-അമ്പലപ്പുഴ പാതയിരട്ടിപ്പിക്കൽ എന്നത് ബന്ധപ്പെട്ടവർ വിസ്മരിച്ചുകൂട.

ഏറ്റവും സാധാരണക്കാർ നിത്യയാത്രയ്ക്ക് ഉപയോഗിക്കുന്ന ചെലവുകുറഞ്ഞ യാത്രോപാധിയും ലക്ഷക്കണക്കിന് മലയാളികളെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളുമായും ബന്ധിപ്പിക്കുന്നതുമായ റയിൽവേയുടെ വികസനം പാതയിരട്ടിപ്പിക്കൽ കൊണ്ടുമാത്രം അവസാനിക്കുന്നില്ല. പാതയിരട്ടിപ്പിക്കലിന്റെ പ്രയോജനം പൂർണമായും അതിന്റെ ഉപയോക്താക്കൾക്ക് ലഭിക്കണമെങ്കിൽ സിഗ്നലിങ് സംവിധാനം കാലോചിതമായി പരിഷ്കരിക്കപ്പെടണം. എന്നാൽ മാത്രമേ ഇതിനകം സാധ്യമായ വൈദ്യുതീകരണം, പാതയിരട്ടിപ്പിക്കൽ എന്നിവയുടെ പ്രയോജനം പൂർണമായും ജനങ്ങൾക്ക് ലഭ്യമാവൂ. ഇന്ത്യൻ റയിൽവേ ശൃംഖലയുടെ ഭാഗമായി കേരളത്തിന്റെ റയിൽപാതയും സിഗ്നലിങ് സംവിധാനവും റയിൽ ഗതാഗതവ്യാപ്തിയും ഗണ്യമായി ഉയർത്താതെ സാധാരണക്കാരുടെ സംസ്ഥാന, സംസ്ഥാനാന്തര യാത്ര, ചരക്കുനീക്കം എന്നിവ വേഗവും സുഗമവുമാക്കാൻ കഴിയില്ല. പതിറ്റാണ്ടുകൾ വൈകിയ ഈ വികസന പ്രക്രിയ വേഗത കൈവരിക്കാൻ സംസ്ഥാനസർക്കാരും പാർലമെന്റിലെ കേരളത്തിന്റെ പ്രതിനിധികളും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ കൂടിയേതീരൂ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.