10 January 2026, Saturday

Related news

December 24, 2025
November 7, 2025
August 25, 2025
May 14, 2025
December 10, 2024
November 19, 2024
September 3, 2024
October 29, 2023
September 1, 2023
May 16, 2023

ടിക്കറ്റ് നിരക്ക് വർധിപ്പിച്ച റെയിൽവേയുടെ നടപടി യാത്രക്കാരോടുള്ള വെല്ലുവിളി: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
December 24, 2025 8:52 pm

ഓർഡിനറി മുതൽ എസി വരെയുള്ള എല്ലാ ക്ലാസുകളിലെയും റെയിൽവേ നിരക്ക് വർധിപ്പിച്ച റെയിൽവേയുടെ നടപടി യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. കഴിഞ്ഞ ജൂലൈയിൽ കിലോമീറ്റർ ഒന്നിന് ജനറൽ ടിക്കറ്റിൽ ഒരുപൈസയും മെയിൽ‑എക്സ്പ്രസുകളിലെ നോൺ എസി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എസി കോച്ചുകളിലും രണ്ടു പൈസയും വർധിപ്പിച്ചതിന് ശേഷം രണ്ടാം തവണയാണ് ഈ സാമ്പത്തിക വർഷം തന്നെ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇത് പ്രകാരം ഓർഡിനറി ക്ലാസിന് കിലോമീറ്റർ ഒന്നിന് ഒരു പൈസയും മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ നോൺ എസി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എസി കോച്ചുകളിലും രണ്ടു പൈസയുമാണ് വർധിക്കുന്നത്.

2019 മുതൽ ഇത് വരെയുള്ള കാലയളവിൽ 160 ൽ പരം ട്രെയിനപകടങ്ങൾ രാജ്യത്ത് ഉണ്ടായതായാണ് കണക്ക്.
മെക്കാനിക്കൽ, എഞ്ചിനിയറിംഗ് വിഭാഗത്തിലടക്കമുള്ള ജീവനക്കാരുടെ കുറവ് മൂലം ലോക്കോ പൈലറ്റുമാരുൾപെടെയുള്ളവർക്ക് കൃത്യമായ വിശ്രമസമയം ലഭിക്കാത്തതാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നത്. അത് പോലെ രാജ്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ കേന്ദ്രസർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽപേർ ജോലിചെയ്യുന്ന റെയിൽവേയിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകൾ പറയുന്നു.

ആറ് വർഷത്തിനിടെ 72,000ലധികം തസ്തികകളാണ് നിർത്തലാക്കിയത്. എന്‍ജിനീയർമാർ, ടെക്‌നീഷ്യന്മാർ, സ്റ്റേഷൻ മാസ്റ്റർമാർ തുടങ്ങി അതി പ്രധാന തസ്തികകൾ പോലും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ സ്ഥിരം തൊഴിലുകളുടെ കരാർവൽക്കരണത്തിലൂടെ ലക്ഷക്കണക്കിന് യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്യുന്ന സമീപനവും റെയിൽവെ സ്വീകരിക്കുന്നുണ്ട്.

കൂടാതെ യാത്രക്കാർ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് നിലവിൽ ട്രെയിൻ യാത്ര ചെയ്യുന്നത്.
ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നിരക്ക് വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയം അടിയന്തരമായി തിരുത്തണമെന്നും റെയിൽവേ നിരക്ക് വര്‍ധനവിന്നെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.