സംസ്ഥാനത്ത് മഴക്കുറവ് 43 ശതമാനമായി. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 1048.3 മില്ലി മീറ്റർ മഴ ലഭിച്ചു. ശരാശരി 1837.1 മില്ലി മീറ്റർ മഴയായിരുന്നു സാധാരണയായി ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടിയിരുന്നത്.
സംസ്ഥാനത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴയുടെ ലഭ്യത കുറഞ്ഞതാണ് മഴക്കുറവിലേക്ക് നയിച്ചത്. ഇടുക്കി ജില്ലയിലാണ് മഴക്കുറവ് സാരമായി ബാധിച്ചത്. 984.4 മില്ലി മീറ്റർ മഴയാണ് ഇന്നലെ വരെ ലഭിച്ചത്. 2337.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ കുറവ്. അതേസമയം ഇടുക്കി ജില്ലയിൽ മഴക്കുറവ് 58 ശതമാനത്തിലേക്ക് താഴ്‍ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഇടുക്കിയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് (57 ശതമാനം), കോഴിക്കോട് (50) എന്നിവയാണ് ഇത്തവണ മഴക്കുറവ് സാരമായി ബാധിച്ചിട്ടുള്ള മറ്റ് ജില്ലകൾ.
സംസ്ഥാനത്ത് ജലാശയങ്ങളിലെ ആകെ ജലശേഖരം 39 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ മാസം ഒന്നിന് 35 ശതമാനമായിരുന്നു ജലശേഖരം. ഇന്നലെ വരെ സംസ്ഥാനത്തെ ജലാശയങ്ങളിലേക്ക് 272.297 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ നീരൊഴുക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് 243.48 ദശലക്ഷം യൂണിറ്റ് ജലം ഒഴുകിയെത്തിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലശേഖരത്തിൽ 1837.904 ദശലക്ഷം യൂണിറ്റിന്റെ കുറവുള്ളതാണ് പ്രതിസന്ധിയായി നിലനിൽക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ഡാമുകളിലെല്ലാമായി 1632.862 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം അവശേഷിക്കുന്നുണ്ട്.
വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ 10 ദിവസത്തിനിടെയിൽ 158.4 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്തെ മറ്റ് ജലാശയങ്ങളുടെ വൃഷ്ടി പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയോളമായി മഴയുള്ളത് കെഎസ്ഇബിക്കും ആശ്വാസമാണ്. ഇന്നലെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2330.66 അടിയായി ഉയർന്നു. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 30 ശതമാനം വരും. ഇന്നലെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 22.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് പ്രതിദിനം ശരാശരി വൈദ്യുതോപയോഗം 80.3952 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഇന്നലെ ശരാശരി 77.6165 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതോപയോഗം. ആഭ്യന്തര വൈദ്യുതോല്പാദനം 13.2869 ദശലക്ഷം യൂണിറ്റായി കുറച്ചപ്പോൾ പുറമെ നിന്ന് 64.3295 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിക്കേണ്ടതായി വന്നു. വൈകിട്ട് ആറ് മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് അവറിൽ വൈദ്യുതോപയോഗം കുറയ്ക്കാൻ കെഎസ്ഇബി ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിരുന്നു. മഴ ശക്തമാകുകയും ജലശേഖരം വർധിക്കുകയും ചെയ്താൽ മാത്രമെ ആഭ്യന്തര വൈദ്യുതോല്പാദനം ഉയർത്താനും പുറമെ നിന്ന് എത്തിക്കുന്ന വൈദ്യുതിയുടെ അളവ് ക്രമീകരിച്ച് നിർത്താനും കഴിയൂ.
English Summary:Rain deficiency in the state has come down to 43 percent
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.