14 October 2024, Monday
KSFE Galaxy Chits Banner 2

ശലഭമായി പറന്നുയർന്ന് രാജലക്ഷ്മി

ഡാലിയ ജേക്കബ്
October 14, 2024 9:34 pm

മൊബൈൽ ഫോട്ടോഗ്രാഫിക്കൊപ്പം തന്നെ സമൂഹമാധ്യമത്തിലൂടെ സിനിമാ ഗാനങ്ങൾക്ക് ലിപ്പും ചെയ്ത് വയറലാകുകയാണ് തകഴി സ്വദേശിനി രാജലക്ഷ്മി. ചിത്രശലഭങ്ങളെ പ്രണയിക്കുന്ന രാജലക്ഷ്മിയുടെ ചിത്രങ്ങൾ വയറലായത് തികച്ചും യാദൃച്ഛികമായാണ്. ആദ്യമായി 7000 രൂപ കൊടുത്തുവാങ്ങിയ റെഡ്‌മി ഫോണിൽ എടുത്ത ഫോട്ടോയായിരുന്നു അത്. വീട്ടുമുറ്റത്തെ ചെടിയിൽനിന്ന് മഞ്ഞപപ്പാത്തി ശലഭത്തിന്റെ പ്യൂപ്പവിരിയുന്ന ഓരോഘട്ടവും ഫോണിൽ പകർത്തി. അത് ഫേസ്ബുക്കിൽ ഇട്ടു. അത് കണ്ട വൈൾഡ് ഫോട്ടോ ഗ്രാഫേഴ്സിന്റെ ഗൈഡായ റെജീവ് തട്ടേക്കാട് ഫോട്ടോ ഗ്രാഫേഴ്സിന്റെ ഗ്രൂപ്പിൽ ഇട്ടു. അതോടുകൂടി ചിത്രം വയറലാവുകയായിരുന്നു.
മലയാളത്തിലെ പ്രശസ്ത സിനിമാ താരങ്ങൾ ഉൾപ്പെടെ ആ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തപ്പോൾ രാജലക്ഷ്മിയുടെ ചിത്രം നവമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. സാധാരണ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയ ചിത്രമാണ് അതെന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്ന് രാജലക്ഷമി പറയുന്നു. രാജലക്ഷ്മിയുടെ ചിത്രങ്ങൾ ഭൂരിഭാഗവും ശലഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. വൈവിധ്യമാർന്ന 150 ശലഭങ്ങളുടെ ചിത്രങ്ങൾ രാജലക്ഷ്മി മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. അവയുടെ വിവരശേഖരങ്ങളും കണ്ടെത്തിവച്ചിട്ടുണ്ട്. 

മോഹൻലാലിന്റെ സിനിമയായ നിർണയം എന്ന സിനിമയിലെ നായികകഥാപാത്രം ഡോ. ആനിയുടെ സീനുകൾ എടുത്ത് രാജലക്ഷ്മി പെർഫോം ചെയ്ത വീഡിയോ ഫേസ്ബുക്കിൽ ഇട്ടപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിനന്ദനം അറിയിച്ച് കമന്റ് ഇട്ടിരുന്നു. സിനിമാവീഡിയോകളും പാട്ടുകളും അഭിനയിച്ച് ലിപ്ചെയ്യുമ്പോൾ സിനിമാമേഖലയിൽ ഉൾപ്പെടെയുള്ളവരുടെ നല്ല പ്രോത്സാഹനമാണ് സമൂഹമാധ്യമത്തിലൂടെ ലഭിക്കുന്നതെന്ന് രാജലക്ഷ്മി പറയുന്നു. ഇതുവരെ 555 ഗാനങ്ങൾ രാജലക്ഷ്മി ലിപ്പ് ചെയ്തു. ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതിനോടൊപ്പം അറിയപ്പെടുന്ന നർത്തകിയായി പേരെടുക്കണമെന്നാണ് രാജലക്ഷ്മിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം. സരോജിനി തായങ്കരിയാണ് ആദ്യകാലത്ത് നൃത്തം പഠിപ്പിച്ചത്. പിന്നീട് നൃത്താധ്യാപിക കൂടിയായ ചേച്ചിയുടെ കീഴിലായിരുന്നു പഠനം. 

ചേച്ചിയുടെ മരണശേഷം സിനിമാതാരം ശരണ്യാമോഹന്റെ മാതാപിതാക്കൾ നടത്തുന്ന വൈകെബി അക്കാദമിയിൽ പോയി നൃത്ത പഠനം തുടർന്നു. ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ സ്കൂൾ കോളജ് തലങ്ങളിൽ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ഇപ്പോൾ സിനിമാതാരം വിനീതിന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വരികയാണ്. ഇതിനിടയിൽ രാജലക്ഷ്മി വയലിൻ പഠനവും പൂർത്തിയാക്കി. ഇതുകൂടാതെ മ്യൂറൽപെയിന്റിങ്, വോൾ പെയിന്റിങ് എന്നിവയും തനിക്ക് വഴങ്ങുമെന്ന് രാജലക്ഷ്മി തെളിയിക്കുകയും ചെയ്തു. വനം വകുപ്പിന്റെ മാസികയായ അരണ്യത്തിൽ രാജലക്ഷ്മി വരച്ച ചിത്രം കവർപേജ് ആയി വന്നിട്ടുണ്ട്. പരേതനായ കെഎസ്ആർടിസി ജീവനക്കാരൻ രാജപ്പനാണ് പിതാവ്. അമ്മ രാജമ്മ. 

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.