June 5, 2023 Monday

Related news

May 30, 2023
May 29, 2023
May 26, 2023
May 25, 2023
May 25, 2023
May 24, 2023
May 19, 2023
May 18, 2023
May 17, 2023
May 16, 2023

അവസാനദിനവും രാജ്യസഭ പ്രതിഷേധത്തില്‍ മുങ്ങി

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 13, 2023 11:23 pm

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിപ്പിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും മാര്‍ച്ച് 13 വരെ പിരിഞ്ഞു.
പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായിരുന്നു അവസാനദിവസവും രാജ്യസഭ. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ ആറു വരെ നടക്കും.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അഡാനി ഓഹരികളുടെ വിലത്തകര്‍ച്ചയും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കിയത്. തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാ സ്തംഭനം സമ്മേളനത്തിന്റെ ആദ്യപാദത്തിലെ തുടര്‍ക്കാഴ്ചയായിരുന്നു.
രാജ്യസഭ സമ്മേളിച്ചയുടന്‍ അഡാനി വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റൂള്‍ 267 പ്രകാരമുള്ള നോട്ടീസുകള്‍ക്ക് അനുമതി നിഷേധിച്ചതായി ചെയര്‍മാന്‍ അറിയിച്ചതോടെ പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമായി. 

വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സഭയിലെ പരാമര്‍ശം ഉടന്‍ തന്നെ രേഖകളില്‍ നിന്നും നീക്കം ചെയ്തതോടെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സഭ നിര്‍ത്തിവച്ചു.

സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് ചെയര്‍ പ്രവര്‍ത്തിക്കുന്നതെന്ന ഖാര്‍ഗെയുടെ പരാമര്‍ശമാണ് രേഖകളില്‍ നിന്നും നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിഷേധമുയര്‍ത്തിയ അംഗങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി ബിജെപി നേതാവ് പിയൂഷ് ഗോയല്‍ രംഗത്തെത്തി. ഇതോടെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിങ്, ഇമ്രാന്‍ പ്രതാപ് ഗാര്‍ഹി, ശക്തി സിങ് ഗോഹില്‍, സന്ദീപ് പതക്, കുമാര്‍ കേത്കര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ച ചെയര്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിക്കാതെയാണ് ഒരു മാസത്തെ ഇടവേളയ്ക്ക് സഭ പിരിഞ്ഞത്.

ബിനോയ് വിശ്വത്തിന്റെ കത്തിന് മറുപടി ചെയര്‍മാനെ നേരില്‍ കാണണം

ചട്ടം 267 പ്രകാരമുള്ള പ്രതിപക്ഷ നോട്ടീസുകള്‍ ചട്ടങ്ങള്‍ പ്രകാരം അനുവദിക്കാനാകില്ലെന്ന തീരുമാനം ചോദ്യം ചെയ്ത് കത്ത് നല്കിയ സിപിഐ രാജ്യസഭാ കക്ഷി നേതാവ് ബിനോയ് വിശ്വത്തിന് തന്നെ നേരിട്ടു കാണണമെന്ന് രാജ്യസഭാ ചെയര്‍മാന്റെ നിര്‍ദേശം. അഡാനി വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നോട്ടീസുകള്‍ അനുവദിക്കാനാകില്ലെന്ന തീരുമാനം ചോദ്യം ചെയ്തായിരുന്നു ബിനോയ് വിശ്വം സഭാ അധ്യക്ഷന്‍ ധന്‍ഖറിന് കത്തു നല്‍കിയത്. രാജ്യസഭാ സെക്രട്ടേറിയറ്റിലെ സെക്രട്ടറി രജിത് പുന്‍ഹാനിയാണ് മറുപടിക്കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Rajya Sab­ha was engulfed in protests on the last day as well

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.