മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കുശേഷം രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിക്കും ഹരിയാനയിൽ കോൺഗ്രസിനും തിരിച്ചടി. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്രയിൽ ബിജെപി മത്സരിപ്പിച്ച മൂന്നു സ്ഥാനാർത്ഥികളും വിജയിച്ചു. ഹരിയാനയിൽ കോൺഗ്രസ് നേതാവ് അജയ് മാക്കനെ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മ തോൽപ്പിച്ചു. മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോന്ദെ, ധനഞ്ജയ് മഹാധിക് എന്നിവരാണ് ബിജെപി ടിക്കറ്റിൽ വിജയിച്ചത്. ശിവസേനയുടെ സഞ്ജയ് പവാർ പരാജയപ്പെട്ടു.
മഹാവികാസ് അഘാഡിയുടെ മൂന്നു എംഎൽഎമാരുടെ വോട്ട് ചട്ടലംഘനമെന്ന ബിജെപി ആരോപണം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. തന്റെ വോട്ട് അസാധുവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് എംഎല്‍എമാരിലൊരാളായ ശിവസേനയുടെ സുഹാസ് കാണ്ടെ പറയുന്നു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വോട്ട് ചെയ്തതെന്നും ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും സുഹാസ് കാണ്ടെ പറഞ്ഞു. നവാബ് മാലിക്, അനില്‍ ദേശ്‌മുഖ് എന്നിവര്‍ക്ക് ജയിലിലായതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതും എംവിഎ സഖ്യത്തിന് തിരിച്ചടിയായി മാറി.
കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി കൂറുമാറി വോട്ടു ചെയ്തതാണ് ഹരിയാനയില്‍ തിരിച്ചടിയായത്. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ 29 ഒന്നാം വോട്ടുകള്‍ നേടിയ അജയ് മാക്കനെ മറികടന്ന് രണ്ടാം വോട്ടുകളുടെ പിന്‍ബലത്തില്‍ കാര്‍ത്തികേയ ശര്‍മ്മ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 23 ഒന്നാം വോട്ടുകള്‍ മാത്രമാണ് ശര്‍മ്മയ്ക്ക് ലഭിച്ചിരുന്നത്. രണ്ടാം വോട്ടുകളുടെ മൂല്യത്തോടെ 29.6 എന്ന ഫോട്ടോഫിനിഷില്‍ ശര്‍മ്മ മാക്കനെ പിന്നിലാക്കി. കുല്‍ദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ട്.
രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടന്ന 16 സീറ്റില്‍ എട്ടെണ്ണം ബിജെപി കരസ്ഥമാക്കി. കർണാടകയിൽ ബിജെപി മൂന്നു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, നടൻ ജഗ്ഗേഷ് ലെഹാർ സിങ് എന്നിവർ വിജയിച്ചു. കോൺഗ്രസിലെ ജയറാം രമേശും വിജയിച്ചു. ജെഡിഎസ് സ്ഥാനാർത്ഥി തോറ്റു. രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചിരുന്നു. രാജ്യസഭയിലേക്ക് ഒഴിവുവന്ന 57 സീറ്റുകളിൽ 41 സീറ്റുകളിലേക്ക് എതിരില്ലാതെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
English Summary:rajyasabha election conflict
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.