13 April 2024, Saturday

റംസാന്‍ നോമ്പും ഭക്ഷണവും

അനു മാത്യു
March 27, 2024 10:29 am

റംസാന്‍ നോമ്പ് തുടങ്ങി. ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ക്ക് ഇനി പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് നോമ്പുകാലം.
നോമ്പ് ആചരിക്കുന്ന വ്യക്തികള്‍ പ്രത്യേകിച്ച് ഡയബറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം, അമിത രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് മതിയായ ചെക്കപ്പുകള്‍ നടത്തി ആരോഗ്യനിലയെക്കുറിച്ചുള്ള വിദഗ്ധ ഉപദേശം തേടുന്നത് നല്ലതായിരിക്കും.

ഇടയത്താഴത്തിന് നാരുകള്‍ കൂടുതല്‍ അടങ്ങിയ മുഴു ധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, റാഗി, ഓട്‌സ് എന്നിവയാണ് ഉത്തമം. സാവധാനത്തിനുള്ള ദഹനം സാധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാന്‍ ഈ ധാന്യങ്ങള്‍ സഹായിക്കും.

കൂടാതെ പയര്‍, പരിപ്പു വര്‍ഗ്ഗങ്ങള്‍, മുട്ട, കൊഴുപ്പു കുറഞ്ഞ പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മീന്‍, തൊലി മാറ്റിയ ചിക്കന്‍, നട്‌സ്, സ്മൂത്തി, സൂപ്പുകള്‍ എന്നിവ ദിവസം മുഴുവന്‍ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു.

ഫ്രഷ് പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു. കഫീന്‍ കൂടുതല്‍ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലം നഷ്ടപ്പെടുത്തും. ആയതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുക.

പകരമായി ഫ്രഷ് ജ്യൂസുകള്‍, നാരങ്ങാവെള്ളം, ഇളനീര്‍, ഷേക്കുകള്‍, പല നിറങ്ങളിലുള്ള പച്ചക്കറികള്‍ അടങ്ങിയ സാലഡുകള്‍, തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. മധുരം, ഉപ്പ്, എരിവ് എന്നിവ അമിത അളവില്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ ദാഹം അനുഭവപ്പെടാം

നോമ്പു തുറക്കുന്നത് ഇപ്രകാരമായാല്‍ ഉത്തമം. തുടക്കത്തില്‍ 2 — 3 ഈന്തപ്പഴങ്ങള്‍ (ശരീരത്തിലെ താഴ്ന്ന പഞ്ചസാര നില ക്രമീകരിക്കാന്‍), ശേഷം ഒരു ഗ്ലാസ് വെള്ളം (ശരീര ഊഷ്മാവ് ക്രമപ്പെടുത്തി തണുപ്പിക്കാന്‍), തുടര്‍ന്ന് ഇളം ചൂടുള്ള ഒരു ബൗള്‍ സൂപ്പ്, സാലഡ്, ഫ്രൂട്ട്‌സ് (ശരീരത്തിന് ഉണര്‍വ് നല്‍കി ദഹന വ്യവസ്ഥയെ സാധാരണ ഗതിയിലാക്കാന്‍), പിന്നീട് പ്രധാന ഭക്ഷണത്തിലേക്കും കടക്കാം.

ദിനചര്യയും വിശ്രമവും
നോമ്പ് സമയത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മതിയായ വിശ്രമവും ഉറക്കവും ലഭിക്കണം. 6 മണിക്കൂര്‍ എങ്കിലും ഉറക്കം ലഭിക്കുന്ന രീതിയില്‍ ദിനചര്യ ക്രമപ്പെടുത്തുക. കഠിനമായ വെയില്‍, വിയര്‍പ്പൊഴുക്കിയുള്ള അധ്വാനം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. പുറത്തു പോകുന്നവര്‍ കഠിനമായ ചൂടില്‍ നിന്ന് രക്ഷ നേടുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കുക. ദിനവും ഏതെങ്കിലും ലഘുവ്യായാമത്തില്‍ ഏര്‍പ്പെട്ട് കഠിനമായ വ്യായാമ മുറകള്‍ ഒഴിവാക്കുക.

അനു മാത്യു
ഡയറ്റീഷ്യൻ
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.