22 December 2024, Sunday
KSFE Galaxy Chits Banner 2

സീതയുടെ കുടുംബം അഥവാ ജനകമഹാരാജാവിന്റെ അന്തഃപുരം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍-10
July 25, 2024 4:15 am

സീതയുടെ അച്ഛനോ അമ്മയോ ആരെന്ന് ഒരു രാമായണവും ഖണ്ഡിതമായി പറയുന്നില്ല. സീതം അഥവാ ഉഴവുചാലിൽ നിന്നു കിട്ടിയവളെ ജനകരാജൻ സ്വന്തം മകളായി പോറ്റിവളർത്തി. അങ്ങനെയാണ് സീതയുടെ കുടുംബം ജനകന്റെ കുടുംബവും സീതയുടേത് ജനകന്റെ മേൽവിലാസവുമായി തീർന്നത്. ഭൂമിയിൽ നിന്നു കിട്ടിയവളായ സീത ഭൂമിപുത്രിയായും അറിയപ്പെട്ടു. ഭൂമിയിൽ നിന്ന് ജനകന് കളഞ്ഞുകിട്ടിയ സീത ഒടുവിൽ ഭൂമിയിലേക്കു തന്നെ മടങ്ങി. മണ്ണിൽ നിന്നുയിർത്തവൾ മണ്ണിലേക്ക് മടങ്ങി.
കണ്വ മാമുനിക്ക് കളഞ്ഞുകിട്ടിയ ശകുന്തളയെ അദ്ദേഹം എങ്ങനെ സ്വന്തം മകളായി വളർത്തിയോ, അതുപോലെ തന്നെ ജനകനും സീതയെ സ്വന്തം മകളായി വളർത്തി. കളഞ്ഞുകിട്ടിയ അനാഥപ്പൈതലെ എങ്ങനെ പോറ്റണമെന്നതിനു കണ്വ മാമുനിയും ജനക മഹാരാജാവും മാതൃകയാണെന്നു കണ്ടറിയാനാകാത്തവണ്ണം നമ്മുടെ പുരോഗമനം പുരാണവിരോധം കൊണ്ട് അന്ധമാവാതിരുന്നാൽ നന്ന്. എന്തായാലും ജനക മഹാരാജാവ് സ്വന്തം രക്ത
ത്തിൽ പിറന്ന ശ്രുതകീർത്തി, ഊർമ്മിള, മാണ്ഡവി എന്നീ മൂന്നു പെൺമക്കളോടു കാണിച്ചതിനെക്കാൾ പരിലാളനയും പരിഗണനയും തനിക്ക് വീണുകിട്ടിയ സീതയോട് കാണിച്ചിരുന്നു. സീത ഉൾപ്പെടെയുള്ള ജനകപുത്രിമാർ യഥാക്രമം അയോധ്യാ രാജകുമാരന്മാരായ രാമ‑ഭരത- ലക്ഷ്മണ-ശത്രുഘ്നന്മാരുടെ ഭാര്യമാരായി വിധിയാംവണ്ണമുളള വിവാഹക്രിയയിലൂടെ മാറി. 

അയോധ്യയിലേക്ക് മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനു ശേഷം ജനകമഹാരാജാവ് മക്കളുടെ ജീവിതത്തിന് എന്തുസംഭവിച്ചു എന്ന് ആരായുന്ന നില എപ്പോഴെങ്കിലും ഉണ്ടായി എന്നതിന്റെ യാതൊരു സൂചനയും വാല്മീകി രാമായണമോ അധ്യാത്മരാമായണമോ നൽകുന്നില്ല. ഈ ജനക ശൈലിയിൽ എന്തെങ്കിലും മാതൃകയുണ്ടെന്ന് ഇന്ന് കുടുംബജീവിതം നയിക്കുന്ന ഏതെങ്കിലും രാമായണഭക്തർ അംഗീകരിക്കുമോ ? പെൺമക്കളെ വിവാഹം കഴിച്ചയച്ചാൽ പിന്നെ അവരെ മരിച്ചവരായി കണക്കാക്കി വിട്ടുകളയണം എന്നതാണ് ജനകനയം എന്ന തോന്നലാണ് രാമായണ പാരായണം ഉണ്ടാക്കുന്നത്. വിവാഹാനന്തരം പെൺമക്കൾക്ക് പിതൃഭവനം ഇല്ലാതാവുകയും ഭർതൃഭവനം മാത്രമാവുകയും ചെയ്യണം എന്ന രാമായണനിലപാട് ഇക്കാലത്ത് ഒരു പാരമ്പര്യവാദിയും ഒരു പുരോഗമനവാദിയും ജാതിയും മതവും ഏതായാലും അംഗീകരിക്കും എന്ന് തോന്നുന്നില്ല. വിവാഹം പിതൃബന്ധ വിച്ഛേദമാകുന്ന നില ജൈവമോ സാമൂഹികമോ ആയ നിലകളിൽ യുക്തിസഹവും അല്ല.
വിവാഹം കഴിപ്പിച്ചയച്ച മക്കൾ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിച്ചറിയാനുള്ള ഉൾത്വര ജനകമഹാരാജാവ് കാണിച്ചിരുന്നെങ്കിൽ, സീത, ശ്രുതകീർത്തി, ഊർമ്മിള, മാണ്ഡവി എന്നിവരുടെ ജീവിതം മറ്റൊരു വിധമായിരുന്നേനെ ? അനുസരണ എന്നതൊഴിച്ചൊരു ഗുണവും അന്തഃപുരത്തിലെ രാജകുമാരിമാരായി വാഴുവാൻ ആവശ്യമില്ല എന്ന സന്ദേശമാണ് ഭരതപത്നിയായ ശ്രുതകീർത്തിയും ലക്ഷ്മണപത്നിയായ ഊർമ്മിളയും ശത്രുഘ്നപത്നിയായ മാണ്ഡവിയും അയോധ്യയിൽ ജീവിച്ചു കൊണ്ട് തെളിയിക്കുന്നത്. അനുസരിക്കുന്നവർക്ക് വേറിട്ട ഒച്ചകളില്ല. അതിനാൽത്തന്നെ അവരുടെ ഒച്ച മുഴങ്ങിക്കേൾക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ഇല്ല. 

സീത തറയിൽ നിന്ന് കളഞ്ഞുകിട്ടിയവളാണ്. അതിനാൽ അവളിൽ ചില അനുസരണക്കേടുകൾ കാണുന്നുണ്ട്. സീതയുടെ ശബ്ദം രാമായണത്തിൽ പലേടത്തും വേറിട്ടു കേൾക്കുന്നുമുണ്ട്. കാട്ടിലേക്ക് പോകുന്ന രാമനോട് സീത പറഞ്ഞു; ‘ഞാനും വരും’ എന്ന്. എന്നാൽ കേകയത്തിലേക്ക് പോയ ഭരതനോട് ശ്രുതകീർത്തിയോ ഭരതനോടൊപ്പം പോയ ശത്രുഘ്നനന്റെ ഭാര്യ മാണ്ഡവിയോ ഭർത്താക്കന്മാരോട് ‘ഞാനും വരുന്നു’ എന്നു പറയുന്നതേയില്ല. രാമനോടൊപ്പം കാട്ടിലേക്ക് പുറപ്പെട്ട ലക്ഷ്മണനോട് അയാളുടെ ഭാര്യ ഊർമ്മിളയും പറയുന്നില്ല ‘നിങ്ങൾ ഏട്ടനു കൂട്ടായി കാട്ടിലേക്ക് പോകുമെങ്കിൽ ഞാൻ ഏട്ടത്തിക്കു കൂട്ടായി കാട്ടിലേക്കുണ്ട്’ എന്ന്. അന്തഃപുരം എന്ന തടവറയിലെ ജീവച്ഛവങ്ങളായ അടിമകളായാണ് സീത ഒഴികെയുള്ള അയോധ്യയിലെ രാജകുമാരിമാർ ജീവിച്ചത്. ഇതിലെവിടെയാണ് മാതൃകാ കുടുംബജീവിതം…! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.