21 November 2024, Thursday
KSFE Galaxy Chits Banner 2

ഭരതന്റെ വിലാപവും മാതൃനിന്ദനവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ — 14
July 29, 2024 4:30 am

രാമനെ കാട്ടിലേക്ക് അയക്കേണ്ടി വന്ന വേദനയാൽ ദശരഥൻ മരണപ്പെട്ടതും കുലഗുരു വസിഷ്ഠൻ രാജാവിന്റെ മൃതശരീരം ഔഷധ കൂട്ടുകളോടു കൂടിയ എണ്ണ നിറച്ച തോണിയിൽ കിടത്തി. തുടർന്നു മരണാനന്തര ക്രിയകൾ ചെയ്യാൻ ഭരതനെ വിളിച്ചു വരുത്താൻ കേകയത്തേക്ക് ദൂതരെ വിട്ടു. ദൂതരോടൊപ്പം എന്താണ് അയോധ്യയിൽ സംഭവിച്ചത് എന്ന ഉത്കണ്ഠയുടെ ഭാരവും താങ്ങി കേകയത്തു നിന്ന് ഭരതൻ ശത്രുഘ്ന സമേതനായി അയോധ്യയിലേക്ക് യാത്ര തിരിച്ചു. ‘നഗരം ഭ്രഷ്ട ലക്ഷ്മീകം — ഐശ്വര്യം നഷ്ടപ്പെട്ട നഗരം’ ആയാണ് അയോധ്യയെ ഭരതൻ കാണുന്നത്. മുറപ്രകാരം ഭരതൻ ആദ്യം ചെല്ലുന്നത് തന്റെ പെറ്റമ്മയായ കൈകേയിയുടെ അടുത്തേക്കാണ്. കൈകേയി സസന്തോഷം ഭരതനെ സ്വീകരിച്ചു മടിയിലിരുത്തി. എപ്പോഴും കൈകേയിയോടൊപ്പം കാണാറുണ്ടായിരുന്ന അച്ഛനെ കാണാഞ്ഞ് ഭരതൻ അമ്മയോട് ‘മാതഃ പിതാമേ കുത്രാസ്തേ=അമ്മേ എന്റെ അച്ഛനെവിടെ’ എന്നു ചോദിച്ചു. അതിനു കൈകേയി പറയുന്ന മറുപടി ’ അശ്വമേധാദി യാഗങ്ങൾ ചെയ്യുന്നവരുടെ ഗതി എങ്ങോട്ടോ ആ സ്വർഗത്തിലോട്ട് നിന്റെ പിതാവ് പോയ്പ്പോയി ’ എന്നാണ്. ഇവിടെ യാഗയജ്ഞാദികൾ ചെയ്യുന്നവർക്കു സിദ്ധിക്കാവുന്ന ഫലം സ്വർഗമാണെന്നാണ് പറയുന്നത്; മോക്ഷമാണെന്നല്ല. മതം അനുശാസിക്കുന്ന കർമ്മങ്ങൾ ചെയ്താൽ മരണാനന്തരം സ്വർഗപ്രാപ്തിയുണ്ടാവും എന്ന വിശ്വാസം ജൂതർക്കോ ക്രൈസ്തവർക്കോ മുസ്ലിങ്ങൾക്കോ മാത്രമല്ല ഇന്ത്യയിലെ യാജ്ഞിക വൈദിക മതാവലംബികൾക്കും ഉണ്ടായിരുന്നു എന്നു രാമായണം തെളിയിക്കുന്നു. സ്വർഗമല്ല മോക്ഷമാണ് പരമ പുരുഷാർത്ഥം എന്ന കാഴ്ചപ്പാട് ചില ഉപനിഷത്തുകൾക്കുണ്ട്. അതിന്റെ ചുവടുപിടിച്ചും ബുദ്ധഭിക്ഷുക്കളെ അനുകരിച്ചും ശങ്കരാചാര്യർ സ്ഥാപിച്ച ദശനാമി സന്ന്യാസ ശൈലിയാണ് മോക്ഷമാണ് ഭാരതീയരുടെ പരമപുരുഷാർത്ഥം എന്ന പരികല്പനയ്ക്ക് പ്രചരണത്തിലൂടെ പ്രാമാണ്യം നേടികൊടുത്തത്. ആനുഷംഗികമായി ഇക്കാര്യം സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മൾക്ക് ഭരതനൊപ്പം പോകാം. 

അച്ഛൻ മരിച്ച വിവരം അറിഞ്ഞതും ഭരതൻ വിലപിക്കുന്നത് ‘അസമർപ്പ്യൈവ രാമായ രാജ്ഞേ മാം ക്വഗതോ അസി ഭോഃ= എന്നെ രാജാവായ രാമനെ ഏല്പിച്ചു കൊടുക്കാതെ തന്നെ അങ്ങ് എങ്ങോട്ടു പോയി എന്നച്ഛാ’ എന്നലറികൊണ്ടാണ് [ അദ്ധ്യാത്മ രാമായണം സംസ്കൃതം; അയോധ്യ കാണ്ഡം; സർഗം7; ശ്ലോകം 67]. ഈ നിലവിളി വാക്യങ്ങളിൽ നിന്നു തന്നെ കൈകേയി ഉദ്ദേശിച്ചപോലെ രാമൻ രാജാവ് ആകുന്നതിനു എതിർപ്പോ തനിക്കു രാജാവാകണം എന്ന മോഹമോ ഭരതന് ഉണ്ടായിരുന്നില്ലെന്നു വ്യക്തമാവുന്നു. ഭരതൻ എന്ന മകന്റെ മനസു കാണുന്നതിൽ രാമമമതയാൽ ദശരഥനെന്ന അച്ഛനും ഭരതമമതയാൽ കൈകേയി എന്ന അമ്മയും പരാജയപ്പെട്ടു. മാതാപിതാക്കളുടെ മനസറിയാത്ത മക്കളാൽ മാത്രമല്ല മക്കളുടെ മനസറിയാത്ത മാതാപിതാക്കളാലും കുടുംബം കെട്ടു പോകും എന്ന പാഠവും രാമായണം നൽകുന്നുണ്ട്. കൈകേയി തന്നെ രാജാവാക്കാൻ വരം ചോദിച്ചതു വഴി ഉണ്ടായ സംഭവങ്ങളാണ് ചേട്ടൻ കാട്ടിലേക്കും അച്ഛൻ കാലപുരിയിലേക്കും പോകാൻ കാരണം എന്നറിഞ്ഞ ഭരതൻ കൈകേയിയെ ‘ഭർത്തൃഘാതിനിയും പാപിയും ക്രൂരയും ആയ നീ എന്നോടു സംസാരിക്കാൻ പോലും യോഗ്യയല്ല’ എന്നാണ് പറയുന്നത്. മാതൃഭർത്സനം നിന്ദ്യമാണെങ്കിലും അമിത കാമത്താൽ കുടുംബത്തിന് അനർത്ഥങ്ങൾ വരുത്തുന്ന അമ്മമാരെ ഏതു മക്കളും ഭരതൻ കൈകേയിയെ ഭർത്സനം ചെയ്തപോലെയെങ്കിലും ചീത്തവിളിക്കും. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.