21 December 2024, Saturday
KSFE Galaxy Chits Banner 2

ഉപഭോക്തൃ കമ്മിഷനുകളുടെ അധികാര പരിധി കുറയ്ക്കല്‍

Janayugom Webdesk
January 3, 2022 4:53 am

ഉപഭോക്താവിന്റെ അവകാശ സംരക്ഷണത്തിനും ചൂഷണം ഇല്ലാതാക്കുന്നതിനുമായി രൂപം നല്കപ്പെട്ടതാണ് വിവിധ തലങ്ങളിലുള്ള ഉപഭോക്തൃ കമ്മിഷനുകള്‍. 1986ല്‍ പ്രാബല്യത്തില്‍ വന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളും ദേശീയ കമ്മിഷനുമാണ് ഉണ്ടായിരുന്നത്. 2019ല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സമിതികളുടെ പേര് ജില്ലാ — സംസ്ഥാന — ദേശീയ ഉപഭോക്തൃ കമ്മിഷനുകള്‍ എന്നാക്കി . 1986 ലെ ഉപഭോഗത്തിന്റെയും വില്പനയുടെയും സാഹചര്യത്തില്‍ നിന്ന് വളരെയധികം മുന്നോട്ടുപോയി എന്നതുകൊണ്ട് പേരിലുള്ള മാറ്റത്തിനപ്പുറം വിവിധ തലത്തിലുള്ള കമ്മിഷനുകള്‍ക്ക് പരിഗണിക്കാവുന്ന കേസുകളുടെ സാമ്പത്തിക പരിധി ഉയര്‍ത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്. അതിന്റെ കൂടി ഫലമായി 2019ലെ നിയമത്തില്‍ ജില്ലാ, സംസ്ഥാന കമ്മിഷനുകള്‍ക്ക് പരിഗണിക്കാവുന്ന കേസുകളുടെ സാമ്പത്തിക പരിധി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ചട്ടങ്ങള്‍ക്ക് രൂപം നല്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത നിയമപ്രകാരം ഉയര്‍ത്തിയ സാമ്പത്തിക പരിധി കുറച്ചുകൊണ്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബര്‍ 28 ന് വിജ്ഞാപനം ചെയ്യപ്പെട്ട ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ സംസ്ഥാന കമ്മിഷനുകളുടെ സാമ്പത്തിക അധികാര പരിധി കുറയ്ക്കുകയും ദേശീയ കമ്മിഷന്റേത് ഉയര്‍ത്തുകയുമാണ് ചെയ്തത്.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ കമ്മിഷന് പരിഗണിക്കാവുന്ന കേസുകളുടെ സാമ്പത്തിക പരിധി പത്തു കോടി രൂപയ്ക്കു മുകളിലുള്ളതു മാത്രമായിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ക്ക് രൂപം നല്കിയപ്പോള്‍ അത് രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള കേസുകള്‍ എന്നാക്കി മാറ്റി. സംസ്ഥാന കമ്മിഷനുകള്‍ക്ക് അമ്പതു ലക്ഷം രൂപ മുതല്‍ ര ണ്ടു കോടി രൂപവരെയും ജില്ലാ കമ്മിഷനുകളുടേത് അമ്പതു ലക്ഷം രൂപ വരെയുമായി കുറയ്ക്കുകയും ചെയ്തു. നിയമപ്രകാരം സംസ്ഥാന കമ്മിഷനുകള്‍ക്ക് ഒരു കോടി മുതല്‍ പത്തു കോടി രൂപ വരെയും ജില്ലാതല കമ്മിഷനുകള്‍ക്ക് ഒരു കോടി രൂപ വരെയുമുള്ള കേസുകള്‍ പരിഗണിക്കാമായിരുന്നു. ചട്ടരൂപീകരണത്തിലൂടെ രണ്ടു കമ്മിഷനുകള്‍ക്കുമുളള സാമ്പത്തിക പരിധി കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ — സംസ്ഥാനതല കമ്മിഷനുകള്‍ക്ക് സാമ്പത്തിക അധികാര പരിധി ഉയര്‍ത്തിയത് നേരത്തെയുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, അത് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിരുന്നതുമാണ്. കൂടാതെ 2019ലെ നിയമം ജനപ്രതിനിധി സഭകള്‍ അംഗീകരിച്ചവയാണ്. ഇരുസഭകളും പാസാക്കിയ നിയമത്തിന് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ നിയമത്തിന്റെ അന്തഃസത്ത തന്നെ ഇല്ലാതാക്കുന്ന സമീപനം ജനാധിപത്യ വിരുദ്ധവും നിയമസംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്.

ജില്ലാ, സംസ്ഥാന കമ്മിഷനുകളുടെ സാമ്പത്തിക അധികാരം ഉയര്‍ത്തിയത് അവരുടെ ജോലിഭാരം വര്‍ധിപ്പിച്ചുവെന്നും കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് പരിധി കുറയ്ക്കുന്നതിന് കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ കണക്കുകള്‍ മറ്റൊരു ചിത്രമാണ് നല്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ദേശീയ കമ്മിഷന്‍ സ്ഥാപിതമായതിന് ശേഷം തീര്‍പ്പാക്കിയ കേസുകളുടെ ശരാശരി 84 ശതമാനമാണ്. അതേസമയം 35 സംസ്ഥാന — കേന്ദ്രഭരണപ്രദേശ കമ്മിഷനുകള്‍ 86.43 ശതമാനവും 610 ജില്ലാകമ്മിഷനുകള്‍ 90.74 ശതമാനവും കേസുകള്‍ തീര്‍പ്പ് കല്പിച്ചിട്ടുണ്ട്. ദേശീയ കമ്മിഷന് 1,38,676 പരാതികള്‍ ലഭിച്ചതില്‍ 1,16,508 എണ്ണം തീര്‍പ്പാക്കുകയും 22,168 കേസുകള്‍ അവശേഷിക്കുകയുമാണ്. ഇതില്‍ ജൂലൈ മാസം രാജ്യസഭയില്‍ നല്കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കാത്ത 11,702 പരാതികള്‍ വന്‍കിട ഭവന നിര്‍മ്മാതാക്കള്‍ക്കെതിരായവയാണ്.

35 സംസ്ഥാന — കേന്ദ്രഭരണ പ്രദേശ കമ്മിഷനുകളുടെ മുന്നിലെത്തിയ 8,74,562 കേസുകളില്‍ 7,55,863 എണ്ണം തീര്‍പ്പാക്കി. അവശേഷിക്കുന്നത് 1,18,699 കേസുകള്‍. 610 ജില്ലാകമ്മിഷനുകള്‍ക്ക് ലഭിച്ച 44,72,029 കേസുകളില്‍ 40,57,971 എണ്ണം പരിഹരിച്ചു. ബാക്കി 4,14,058 കേസുകള്‍. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ കുറഞ്ഞ ഗതിവേഗം ദേശീയ കമ്മിഷന്റേതാണെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ജില്ലാ — സംസ്ഥാന കമ്മിഷനുകളുടെ സാമ്പത്തിക പരിധി കുറച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളാണെന്ന് ഊഹിക്കാവുന്നതാണ്. ദേശീയ കമ്മിഷന്‍ നിയമനം കേന്ദ്രത്തിന്റെയും ജില്ലാ സംസ്ഥാന കമ്മിഷനുകളുടേത് സംസ്ഥാനങ്ങളുടെയും അധികാരപരിധിയിലാണ്. അതുകൊണ്ടുതന്നെ പത്തു കോടി വരെയുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള അധികാരം സംസ്ഥാന കമ്മിഷനുകള്‍ക്ക് നല്കുന്നത് വന്‍കിടക്കാര്‍ക്ക് ഗുണകരമാവില്ലെന്ന തിരിച്ചറിവാണ് പരിധി കുറച്ചതിന് പിന്നിലെന്ന ആരോപണം കഴമ്പുള്ളതാണ്. എന്നുമാത്രമല്ല രണ്ടു കോടിക്കു മുകളിലുള്ള പരാതികള്‍ ദേശീയ കമ്മിഷന് നല്കണമെന്ന പുതിയ നിര്‍ദേശം സാധാരണക്കാരന്റെ ഉപഭോക്തൃ സംരക്ഷണ പോരാട്ടത്തെ തടയുന്നതിനാണ് ഇടയാക്കുക. അതും കോര്‍പറേറ്റുകളുടെയും വന്‍കിടക്കാരുടെയും ഉപഭോക്തൃ ചൂഷണത്തെ സംരക്ഷിക്കുന്നതിന് തുല്യമാകും.

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.