24 December 2024, Tuesday
KSFE Galaxy Chits Banner 2

ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്കരണ നീക്കങ്ങള്‍

Janayugom Webdesk
June 6, 2022 5:00 am

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കല്പിത സർവകലാശാലകളടക്കം സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നത് സംബന്ധിച്ച വാർത്തകൾ അടുത്തകാലത്തായി മാധ്യമങ്ങളിൽ സജീവമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്ക്കരണം സംബന്ധിച്ചു പഠിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നാലു കോളജുകൾ കല്പിത സർവകലാശാലാ പദവിക്ക് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷനി (യുജിസി)ൽ അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. കല്പിത സർവകലാശാല പദവി ലഭിച്ചാലും അത്തരം സ്ഥാപനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നും ലഭിച്ചുവരുന്ന ധനസഹായം തുടർന്നും ലഭിക്കുമെന്ന ഉറപ്പാണ് ഈ അനുമതികൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തു ഇപ്പോൾത്തന്നെ കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയും സംസ്ഥാന സർക്കാരിന് കീഴിൽ കേരള കലാമണ്ഡലവും ഇത്തരത്തിൽ പ്രവർത്തിക്കുന്ന കല്പിത സർവകലാശാലകളാണ്. യുജിസി നിബന്ധനകൾ അനുസരിച്ച് നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കല്പിത സർവകലാശാല പദവിയിലേക്ക് ഉയർത്തുന്നതിന് കൃത്യമായ യോഗ്യതകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി കല്പിത സർവകലാശാല പദവി കാംക്ഷിക്കുന്ന കേരളത്തിൽനിന്നുള്ള പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമായ യോഗ്യത ഉള്ളവയുമാണ്. എന്നാൽ ഈ പുതിയ പദവി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങിനെ ബാധിക്കും എന്നതാണ് ചിന്താവിഷയമായി മാറുന്നത്. ഐക്യകേരള പിറവിയെത്തുടർന്നു വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ മാറിമാറി അധികാരത്തിൽ വന്നിട്ടുള്ള സർക്കാരുകളും പൊതുസമൂഹവും നടത്തിയിട്ടുള്ള ഇടപെടലുകൾ എല്ലാംതന്നെ വിവേചനരഹിതമായ ഒരു സാമൂഹ്യസൃഷ്ടിയെ ലക്ഷ്യം വച്ചുള്ളവയായിരുന്നു. നവ ഉദാരീകരണ സാമ്പത്തികനയങ്ങളുടെ കടന്നുകയറ്റത്തോടെ ആ സമീപനത്തിൽ കാതലായ അപഭ്രംശം സംഭവിച്ചു എങ്കിലും സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നിർണായകമായ ഇടപെടൽ നടത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രാമാണ്യം പുനഃസ്ഥാപിക്കാനും നിലവാരം ഉയർത്താനും വലിയൊരളവ് നമുക്ക് കഴിഞ്ഞിട്ടുണ്ട്.


ഇതുകൂടി വായിക്കാം; അടച്ചുപൂട്ടലില്‍ നിന്ന് ആഹ്ലാദാരവങ്ങളിലേക്ക്


കഴിഞ്ഞ ആറുവര്‍ഷങ്ങൾക്കുള്ളിൽ സ്വകാര്യ, സ്വാശ്രയ വിദ്യാലയങ്ങളിലേക്ക് പോകുമായിരുന്ന പത്തുലക്ഷം വിദ്യാർത്ഥികളെ പൊതുമേഖലയിൽ ഉറപ്പിച്ചുനിർത്താനായി എന്നത് എൽഡിഎഫ് സർക്കാരിന്റെ തൊപ്പിയിലെ പൊൻ തൂവലാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തു സ്വകാര്യ മേഖലയുടെ പ്രാധാന്യം ഒട്ടും കുറച്ചുകാണാതെതന്നെ പൊതുവിദ്യാഭ്യാസ സംരംഭത്തിന്റെ നിർണായക പ്രധാന്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യനിക്ഷേപം അനിവാര്യമാണെന്ന് ഭരണകൂടത്തിനും പൊതുസമൂഹത്തിനും ഉത്തമ ബോധ്യമുണ്ടെങ്കിൽ അത് ഏതുരംഗത്ത് എങ്ങിനെവേണം എന്നത് സംബന്ധിച്ചു ഒരു സാമൂഹിക സമവായം ഉയർന്നുവരേണ്ടത് അനിവാര്യമാണ്. നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് പങ്കുവച്ചു നൽകുകയോ പൊതുമേഖലയുടെ ഒരുഭാഗത്തെ വരേണ്യമാക്കി മാറ്റുകയോഅല്ല ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയർത്താനുള്ള കുറുക്കുവഴി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ച കുറച്ചുകാലമായി ഭരണവൃത്തങ്ങളിലും പൊതുസമൂഹത്തിലും ചർച്ചാവിഷയമാണ്. സംസ്ഥാനത്തിന്റെ പൊതു പുരോഗതിയിലും സാമ്പത്തിക വളർച്ചയിലും നിർണായകമായ പങ്കുവഹിക്കേണ്ട പുതുതലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുക ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ലോകോത്തരമാക്കാനുള്ള സ്വകാര്യ മൂലധന താല്പര്യങ്ങൾക്ക് അവ വീതിച്ചുനല്കുകയല്ല. നിലവിലുള്ള പൊതു ഉന്നതവിദ്യാഭ്യസ മേഖലയെ നിലനിർത്തി അതിന്റെ നിലവാരം ഉയർത്തുന്നതോടൊപ്പം സ്വകാര്യ മേഖലയെയും അവരുടെ നിക്ഷേപശേഷിയെയും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് വെല്ലുവിളി. മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് നടന്ന സ്വകാര്യനിക്ഷേപവും അതിന്റെ സംഭാവനകളും ഇനിയും സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സംരംഭങ്ങളും അവരുടെ സാമൂഹിക സംഭാവനകളും വിശകലന വിധേയമാക്കാതെയുള്ള ഏതൊരു തുടർനടപടികളും സാമൂഹിക ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് അനുഗുണമാകണമെന്നില്ല.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.