ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ സൈനിക സംവിധാനത്തിന്റെ ഉള്ളടക്കത്തെയും അതിന്റെ സ്വതന്ത്ര സ്വയംഭരണാധികാര നേതൃത്വത്തിന്റെ സ്വഭാവത്തെയും അപകടകരമാം വിധം മാറ്റിമറിക്കുന്ന പരിഷ്കാര വൈകൃതങ്ങൾക്കാണ് നരേന്ദ്രമോഡി ഭരണകൂടം നേതൃത്വം നല്കുന്നത്. കര, വ്യോമ, നാവിക സേനാവിഭാഗങ്ങളിൽ സൈനിക തിരഞ്ഞെടുപ്പിന് ‘അഗ്നിപഥ്’ എന്നപേരിൽ ഒരു പുതിയ പദ്ധതി ചൊവ്വാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചു. സൈനികരുടെ വർധിച്ചുവരുന്ന വേതന, പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ലക്ഷ്യംവച്ചുള്ള പദ്ധതി ‘സായുധസേനയ്ക്കു യുവ പ്രതിച്ഛായ പകർന്നുനല്കുന്ന പരിവർത്തന മുൻകൈ’ എന്നാണ് സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തെ തുടർന്ന് പ്രതിരോധമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ വിശേഷിപ്പിച്ചത്. സമാനരീതിയിൽ ജൂൺ ഏഴിന് പുറപ്പെടുവിച്ച ഒരു കേന്ദ്ര സർക്കാർ ഉത്തരവ് വഴി ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച പ്രതിരോധ സേനാമേധാവി വിപിൻ റാവത്തിന്റെ ഒഴിവിലേക്ക് പുതിയ സിഡിഎസിനെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ രണ്ടു നീക്കങ്ങളും വിരമിച്ച ഉന്നത സൈനികരടക്കം സേനാവൃത്തങ്ങളിൽ അനല്പമല്ലാത്ത ആശങ്കകൾക്കും അഭിപ്രായഭിന്നതകൾക്കും കാരണമായിട്ടുണ്ട്. രാജ്യത്തെ പ്രതിരോധസേനയിലും രാഷ്ട്രീയവൃത്തങ്ങളിലും യാതൊരു ആലോചനയ്ക്കും മുതിരാതെ പ്രതിരോധസേനാ സംവിധാനങ്ങളിൽ ദൂരവ്യാപകവും മൗലികവുമായ മാറ്റം വരുത്തുന്ന മോഡിസർക്കാർ നടപടികൾ വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന സൂചനകൾ അവഗണിക്കാവുന്നവയല്ല. അത് പ്രതിരോധസേനാ വൃത്തങ്ങളിൽ അപ്രതീക്ഷിതവും അനാരോഗ്യകരവുമായ അസ്വാരസ്യങ്ങൾക്കും പൊട്ടിത്തെറികൾക്കുതന്നെയും കാരണമായേക്കാം.
നിലവിൽ ഇന്ത്യൻ പ്രതിരോധസേനയിൽ ഹ്രസ്വകാല സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പതിനാലുവർഷം വരെ നീട്ടിനൽകാവുന്ന പത്തുവർഷ നിയമനമാണ് നല്കപ്പെടുക. അവർ സൈന്യത്തിൽ നിന്നും വിരമിക്കുമ്പോൾ പെൻഷൻ, പുനരധിവാസ നിയമനങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, ആരക്ഷിത തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി പരിമിതമായ വിരമിക്കൽ ആനുകൂല്യങ്ങൾക്ക് അർഹരാണ്. രാജ്യത്തിന്റെ പ്രതിരോധ ചെലവിന്റെ ഏതാണ്ട് 23 ശതമാനം വിരമിക്കൽ ആനുകൂല്യങ്ങൾക്കായി ചെലവിടേണ്ടിവരുന്നുണ്ട്. നിലവിലുള്ള രീതിയിൽ നിയമനവും, സേവന, വേതന, വിരമിക്കൽ ആനുകൂല്യങ്ങളുംകൂടി കണക്കാക്കിയാൽ സൈനികച്ചെലവുകൾ കുതിച്ചുയരും. ഇപ്പോൾത്തന്നെ രാജ്യത്തിന്റെ പ്രതിരോധച്ചെലവുകൾ താങ്ങാൻ സർക്കാരിന് കഴിയുന്നില്ല. പ്രതിരോധ ആയുധങ്ങൾ, പ്രതിരോധസേനകളുടെ അംഗബലം എന്നിവ ആവശ്യത്തിലും ഏറെ താഴെയാണ്. കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ മൂന്ന് സേനാവിഭാഗങ്ങളിലേക്കും ഓഫീസർ തസ്തികകളിൽ താഴേക്ക് നിയമനം നടന്നിട്ടില്ല. അവിടെയാണ് അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ‘അഗ്നിവീർ’ എന്നപേരിൽ നാലുവർഷത്തെ കരാർവ്യവസ്ഥയിൽ ഹ്രസ്വകാല നിയമനം എന്ന ആശയം അന്തരിച്ച സിഡിഎസ് വിപിൻ റാവത്ത് മുന്നോട്ടുവച്ചത്. അന്നത് സൈനികവൃത്തങ്ങളുടെ ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തി. എന്നാൽ, ഇപ്പോൾ അത് സർക്കാരിന്റെ ഔദ്യോഗിക നയമായി മാറിയിരിക്കുന്നു. കുറഞ്ഞ വേതനവും സേവന, വിരമിക്കൽ വ്യവസ്ഥകളും വാഗ്ദാനംചെയ്ത് കോടാനുകോടിവരുന്ന യുവ തൊഴിൽശക്തിയെ ആകർഷിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞേക്കും. വിരമിച്ചു പുറത്തുവരുന്ന സായുധ സൈനിക പരിശീലനം സിദ്ധിച്ച യുവാക്കളുടെ ഒരു വൻനിര രാജ്യത്തിനും സമൂഹത്തിനും സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിരമിച്ച സമുന്നത സേനാനേതാക്കൾ നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂടാ.
ഇന്ത്യൻ പ്രതിരോധസേനാ ചരിത്രത്തിൽ ബിപിൻ റാവത്ത് മാത്രമെ ഇതുവരെ മൂന്ന് സേനാവിഭാഗങ്ങൾക്കും മുകളിൽ മുഖ്യ പ്രതിരോധമേധാവിയായി പ്രവർത്തിച്ചിട്ടുള്ളു. കരസേനാമേധാവിയായിരുന്ന അദ്ദേഹം മൂന്ന് സേനാമേധാവികൾക്കിടയിൽ തുല്യനും പ്രമുഖനുമായി അംഗീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് അന്നത്തെ കാലാവസ്ഥയിൽ ഭരണകൂട രാഷ്ട്രീയ പിന്തുണയും ഉണ്ടായിരുന്നു. ഇന്ന് സ്ഥിതിഗതി വ്യത്യസ്തമാണ്. ഭരണകൂട താല്പര്യങ്ങളുമായി ഒത്തുപോകുന്ന ഒരാളെ സിഡിഎസ് പദവിയിൽ അവരോധിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു മുൻ കരസേനാമേധാവിതന്നെ അതിനെ ‘വികലവും, ക്രമരഹിതവും, ആശയക്കുഴപ്പം നിറഞ്ഞതും’ എന്നാണ് പരസ്യമായി അപലപിച്ചത്. അത്തരത്തിൽ ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന സിഡിഎസ് നിയമനം സൈന്യത്തിന്റെ സമ്പൂർണതക്കുതന്നെ വെല്ലുവിളിയാവും. എന്തിലും ഏതിലും വിഭാഗീയത സൃഷ്ടിക്കുന്ന ഭരണകൂട രാഷ്ട്രീയം രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ഐക്യവും കാത്തുസൂക്ഷിക്കുന്ന പ്രതിരോധസേനക്കുതന്നെ വിനയായി മാറുന്നത് അപകടകരവും അപലപനീയവുമാണ്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.