27 May 2024, Monday

സമവായത്തിലൂടെയുള്ള വിജയം ശക്തമായ പ്രതിരോധമാണ്

Janayugom Webdesk
June 13, 2022 5:00 am

പതിനാറാമത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്നതിനെ തുടർന്ന് പുതിയ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷൻ ജൂൺ ഒമ്പതിന് പ്രഖ്യാപിച്ചു. അതനുസരിച്ചു 776 പാർലമെന്റ് അംഗങ്ങളും 4120 സംസ്ഥാന, കേന്ദ്രഭരണപ്രദേശ നിയമസഭാംഗങ്ങളും ഉൾപ്പെട്ട ഇലക്ടറൽ കൊളീജിയം ജൂലൈ 18നു തങ്ങളുടെ വോട്ട് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ പതിനഞ്ചിന് പുറത്തുവരും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 നാണ്. രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന ശക്തികളും ജനസാമാന്യവും ഏറെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. രാജ്യത്തെ കലുഷിതമായ രാഷ്ട്രീയ, സാമൂഹിക, സാമുദായിക അന്തരീക്ഷവും അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളുമാണ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറെ പ്രതീക്ഷ അർപ്പിക്കാൻ മുഖ്യകാരണം. 2017ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന രാഷ്ട്രീയ സമവാക്യങ്ങളിൽ ഉണ്ടായ ഗണ്യമായ മാറ്റങ്ങളാണ് അത്തരം ഒരു പ്രതീക്ഷയ്ക്കു ഇടനൽകുന്നത്. അന്ന് എൻഡിഎ സഖ്യത്തിൽ പങ്കാളികളായിരുന്ന ശിവസേന, അകാലിദൾ, തെലുഗുദേശം പാർട്ടി (ടിഡിപി) തുടങ്ങിയവ ഇപ്പോൾ ആ മുന്നണിക്ക് പുറത്താണ്. കഴിഞ്ഞ തവണ രാംനാഥ് കോവിന്ദിന് പിന്തുണ നൽകിയിരുന്ന തെലുഗു രാഷ്ട്രസമിതി (ടിആർഎസ്) പ്രതിപക്ഷത്താണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി അധികാരത്തിനു പുറത്താണ്. ഇപ്പോൾ എൻഡിഎ സഖ്യത്തിലെ മുഖ്യപങ്കാളിയായ നിതീഷ്‌കുമാറിന്റെ ജനതാദളും ബിജെപിയും തമ്മിലുള്ള സഖ്യം കടുത്ത അകൽച്ചയിലാണ്. ഒരുപക്ഷെ ബിജെപിക്ക് പ്രതീക്ഷ അർപ്പിക്കാവുന്ന രണ്ട് പാർട്ടികൾ ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും മാത്രമാണെന്ന് വന്നിരിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് മോഡി ഭരണകൂടത്തിന്റെ മൗലിക സ്വഭാവത്തിലോ അതിന്റെ നയപരിപാടികളിലോ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമെന്ന് ആരും കരുതുന്നില്ല. എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കരുതലോടെയും യോജിപ്പോടെയും നീങ്ങാൻ പ്രതിപക്ഷത്തിന് കഴിഞ്ഞാൽ വിജയം സാധ്യമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അത്തരം ഒരു വിജയം പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ധാർമിക വിജയം മാത്രമല്ല, നരേന്ദ്രമോഡിയുടെ ജനവിരുദ്ധ ഭരണനയങ്ങൾക്ക് ശക്തമായ ഒരു പ്രതിരോധം കൂടിയാവും. അത് 2024ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഡ്രസ്റിഹേഴ്സൽ കൂടിയാക്കി മാറ്റാനാവും.


ഇതുകൂടി വായിക്കാം; വെറുപ്പിന്റെ പ്രത്യയശാസ്ത്രം


വ്യത്യസ്ത ആശയ, രാഷ്ട്രീയ, സാമ്പത്തിക കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഒരു തെരഞ്ഞെടുപ്പിൽ യോജിപ്പിച്ച് അണിനിരത്തുക എന്നത് തീർത്തും ശ്രമകരമായ രാഷ്ട്രീയ പരീക്ഷണമാണ്. ഈ പാർട്ടികൾ പലതും തികച്ചും പ്രതികൂല നിലപാടുകൾ അവലംബിച്ചു പോരുന്നവയാണെന്നതും അവഗണിക്കാവുന്ന വസ്തുതയല്ല. എന്നാൽ ഇന്ത്യ ഇന്നുനേരിടുന്ന മൗലിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് മറ്റു കുറുക്കുവഴികൾ ഒന്നുംതന്നെ ഇല്ലെന്നത് ആർക്കും അവഗണിക്കാവുന്നതല്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണനയത്തെ സംബന്ധിക്കുന്ന ഒന്നല്ല എന്ന വസ്തുത വിശാലമായ ഒരു സമവായത്തിനുള്ള അവസരം നൽകുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടന, അത് ഉറപ്പുനൽകുന്ന പാർലമെന്ററി ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പുനൽകുന്ന ഒരു സംവിധാനത്തിന് വേണ്ടിയുള്ള വിശാല ഐക്യം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് ആവുമോ എന്നതാണ് വെല്ലുവിളി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനുവേണ്ടി വിവിധ കേന്ദ്രങ്ങൾ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതുവരെ നടന്ന അത്തരത്തിലുള്ള പല ശ്രമങ്ങളുടെയും മുഖ്യപ്രശ്‍നം അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്പര്യത്തിലുപരി വ്യക്തി മാഹാത്മ്യത്തിനാണ് ഊന്നൽ നൽകുന്നത് എന്നതാണ്. വളരെ വ്യത്യസ്തവും വിഭിന്നവുമായ ആശയങ്ങളും കാഴ്ചപ്പാടുകളും ചരിത്രവുമുള്ള പ്രതിപക്ഷപാർട്ടികളെ ഒരു അഭിപ്രായ സമന്വയത്തിലേക്ക് ആനയിക്കാൻ ദീർഘമായ കൂടിയാലോചനകളും വിലപേശലുകളും അനിവാര്യമാണ്. അത്തരം സമാന്തരവും, സംയുക്തവും, വേറിട്ടുള്ളതുമായ കൂടിയാലോചനയിലൂടെ മാത്രമേ ലക്ഷ്യപ്രാപ്തി സാധ്യമാകു. ഏതെങ്കിലും ഒരു നേതാവിന്റെ, അവർ അവരുടെ തട്ടകത്ത് എത്രതന്നെ കരുത്തരാണെങ്കിലും, അപ്രമാദിത്വം മറ്റുള്ളവർ അംഗീകരിക്കണമെന്നില്ല. തൻപോരിമയെക്കാൾ രാഷ്ട്രതന്ത്രജ്ഞതയും ലക്ഷ്യത്തോടുള്ള യോജിപ്പിനും പ്രമുഖ്യം നല്കാൻ ബന്ധപ്പെട്ട എല്ലാവരും തയാറായെങ്കിൽ മാത്രമേ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് അനിവാര്യമായ രാഷ്ട്രീയ സമവായത്തിന് കളം ഒരുങ്ങു. ഒരു പൊതുതെരഞ്ഞെടുപ്പിന് അനിവാര്യമായി വേണ്ട പൊതു മിനിമം പരിപാടിക്ക് രൂപം നൽകുന്നതിനെക്കാൾ സമവായ സാധ്യത രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടെന്നുള്ളത് ബന്ധപ്പെട്ടവർ വിസ്മരിക്കരുത്. ജനങ്ങൾ ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങളെ ഉറ്റുനോക്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.