19 December 2024, Thursday
KSFE Galaxy Chits Banner 2

യഥാര്‍ത്ഥ ചരിത്രം സമൂഹത്തിലെത്തിക്കുക ലക്ഷ്യം: കാനം

Janayugom Webdesk
തിരുവനന്തപുരം
September 11, 2022 10:26 pm

ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ഈ കാലത്ത് യഥാര്‍ത്ഥ ചരിത്രം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയും പ്രഗത്ഭ പാർലമെന്റേറിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇന്ദ്രജിത് ഗുപ്തയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ‘ഇതിഹാസ നായകനായ ഇന്ദ്രജിത് ഗുപ്ത’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കൗൺസിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലത്ത് യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഐടിയുസിയും പ്രഭാത് ബുക്ക് ഹൗസും ചേര്‍ന്ന് ഈ പുസ്തകം പുറത്തിറക്കുന്നത്. ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രി ആയിരിക്കെ പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കി അംഗീകരിച്ചു എന്നുള്ളത് കേരളത്തിന് മറക്കാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമ്പാനൂർ ടി വി സ്മാരകത്തിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജന്‍ പുസ്തകം ഏറ്റുവാങ്ങി.

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുൽ, പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ് ഹനീഫാ റാവുത്തർ എന്നിവർ സംസാരിച്ചു. എഐടിയുസി ദേശീയ സമ്മേളത്തിന്റെ ഭാഗമായി നാല് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. അതില്‍ ആദ്യത്തേതാണ് ഇതിഹാസ നായകനായ ഇന്ദ്രജിത് ഗുപ്ത. ആഗോളവത്കരണത്തിന്റെ മൂന്ന് പതിറ്റാണ്ട് എന്ന പുസ്തകം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പ്രസിദ്ധീകരിക്കും.

Eng­lish Sum­ma­ry: releas­ing the book ‘Indra­jit Gupta’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.