20 May 2024, Monday

കുട്ടനാട്ടുകാർക്ക് ആശ്വാസം: 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ് ആരംഭിച്ചു

കുട്ടനാട്
July 7, 2023 6:41 pm

കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു. ആംബുലൻസിന് പുറമേ മൂന്ന് മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയും പ്രവർത്തനം ആരംഭിച്ചു. ജലഗതാഗത വകുപ്പിൽ നിന്നുള്ള രണ്ട് ജീവനക്കാർ, ആരോഗ്യ വകുപ്പിൽ നിന്നുള്ള ഒരു സ്റ്റാഫ് നഴ്‌സ് എന്നിവരാണ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസിലുള്ളത്.

കുട്ടനാടൻ മേഖലയിലുള്ളവർക്ക് 24 മണിക്കൂറും ഈ ആംബുലൻസിന്റെ സേവനം ലഭ്യമാണ്. ജലനിരപ്പ് ഉയർന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളിൽ നിന്നുൾപ്പടെയുള്ള രോഗികളെ വാട്ടർ ആംബുലൻസിൽ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ സംവിധാനം. ഓക്സിജൻ ഉൾപ്പടെയുള്ള സേവനവും വാട്ടർ ആംബുലൻസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ളോട്ടിംഗ് ഡിസ്പെൻസറികളുടെ സേവനം രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്.

ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിലും ഡോക്ടർ, നഴ്‌സ്, ഫർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിൽ ലഭ്യമാണ്. രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ വഴി നടത്തുന്നു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. വാട്ടർ ആംബുലൻസ് നമ്പർ: 8590602129,ഡി. എം ഒ കൺട്രോൾ റൂം നമ്പർ: 0477 2961652.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.