അഹിന്ദുവായതിനാൽ നർത്തകി മൻസിയ ശ്യാം കല്യാണിന്റെ നൃത്തം വിലക്കിയിരിക്കുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന മൻസിയയുടെ നൃത്തമാണ് ക്ഷേത്രം ഭാരവാഹികൾ ഒഴിവാക്കിയത്. ഇതേ ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതായി ആരോപിച്ച് സൗമ്യ സുകുമാരൻ എന്നൊരു നർത്തകിയും രംഗത്തെത്തിയിട്ടുണ്ട്. ഈ നർത്തകിമാർ അഹിന്ദുക്കളായതിനാലാണ് ഇവരെ പരിപാടി അവതരിപ്പിക്കാൻ അനുവദിക്കാത്തതെന്നും ഇവരെ പ്രവേശിപ്പിക്കാതിരിക്കുന്നത് കൂടൽമാണിക്യം ക്ഷേത്രത്തിൽ നിലനിൽക്കുന്ന അചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നു. വിപ്ലവ സമരങ്ങളുടെയും പുരോഗമന ആശയങ്ങളുടെയും സ്ഥലമായ കരിവെള്ളൂരിൽ മകൻ മുസ്‌ലിം സമുദായത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ പൂരക്കളി-മറത്തുകളി കലാകാരനായ എൻ വിനോദ് പണിക്കരെ ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്നും വിലക്കിയ സംഭവവും ഉണ്ടായി. ആചാര സംരക്ഷണത്തിന്റെ പേരിലാണ് വിലക്കെന്ന നിർബന്ധ ബുദ്ധിയിലാണ് ഇവിടെയും ക്ഷേത്ര ഭാരവാഹികൾ.
ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത് പണ്ട് പണ്ടൊരു കാലത്തല്ല. മനുഷ്യരും അവരുടെ ഭൂമിയിലെ ജീവിതവും എത്ര ക്ഷണികമാണെന്നും മറ്റ് ജീവജാലങ്ങൾക്കുള്ള അവകാശമേ ഭൂമിയിൽ മനുഷ്യനുമുള്ളൂവെന്ന് പ്രകൃതി വെളിപ്പെടുത്തിതന്ന കോവിഡാനന്തര കാലമായ 2022ലാണ് ഈ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഭേദചിന്തകളുടെ തീക്ഷ്ണമായ വെയിലേറ്റ് ഗായകൻ യേശുദാസ് ഇപ്പോഴും ഗുരുവായൂർ അമ്പലനടയ്ക്ക് വെളിയിൽത്തന്നെ നിൽക്കുകയാണ്. അദ്ദേഹത്തിന്റെ അഭിലാഷം സാർത്ഥകമാക്കിയില്ലെങ്കിൽ നാളത്തെ ചരിത്രവിദ്യാർത്ഥി ചോദിച്ചെന്നിരിക്കും- ശ്രീനാരായണഗുരു സത്യത്തിൽ കേരളത്തിൽ തന്നെയാണൊ പിറന്നതെന്ന്?
“എന്തിനു ഭാരതധരേ കരയുന്നു
പാരതന്ത്ര്യം നിനക്ക്, വിധികല്പിതമാണു തായേ!
ചിന്തിക്ക ജാതി മദിരാന്ധരടിച്ചു
തമ്മിലന്തപ്പെടും തനയൻ. എന്തിനയേ
സ്വരാജ്യം”- (ഒരു തീയകുട്ടിയുടെ വിചാരം)
ജാതിമത ചിന്തകൾ തീവ്രമായിരുന്ന ഒരു കാലഘട്ടത്തിൽ മഹാകവി കുമാരനാശാൻ കോറിയിട്ട വരികൾ ഇപ്പോഴും നമ്മുടെ സാമൂഹിക അവസ്ഥയുടെ പ്രതിഫലനമായി തന്നെ നിലനിൽക്കുന്നുവെന്ന് കാണുമ്പോൾ മാനസികമായി നമ്മൾ എത്രത്തോളം പുരോഗമിച്ചു എന്ന് വെളികുന്നു.
ഭാരത ഉപഭൂഖണ്ഡത്തിൽ പിറവികൊണ്ട ഹെെന്ദവ ദാർശനിക ചിന്തയുടെ ഫലമായി രൂപംകൊണ്ട സാംഖ്യം, യോഗം, ന്യായം, വെെശേഷികം, മീമാംസ, ലോകായതം, വേദാന്തം എന്നീ ദാർശനിക ധാരകൾ പ്രകാരം ഒരു ജീവനും വേറിട്ടതല്ല, ഭിന്നവുമല്ല. നർത്തകികളായ ഈ കലാകാരികളെ ക്ഷേത്ര ഭാരവാഹികൾ വിലക്കുന്നത് ആചാരങ്ങളുടെ പേരിലാണ്. ചാതുർവർണ്യം പോലെ ഭാരതത്തിനുമേൽ വ്യാഖ്യാന പിഴവുകൊണ്ട് അടിഞ്ഞുകൂടിയ ദുരാചാര മാലിന്യങ്ങളെ കഴുകിമാറ്റിയാണ് രാജ്യം ഇത്രയെങ്കിലും പുരോഗമിച്ചത്. ഭാരതീയ സംസ്കാരമനുസരിച്ച് കലാസപര്യയെന്നത് ഈശ്വരോപാസനയും മോക്ഷമാർഗവുമാണ്. അതുകൊണ്ടുതന്നെ കലകൾക്ക് ജാതിയില്ല, മതമില്ല. വിധിനിഷേധങ്ങളുടെ വേലിക്കെട്ടുകളെ തള്ളി കലയ്ക്കും സാഹിത്യത്തിനും എവിടെയും കടന്നുചെല്ലാം.
ലോകത്ത് എവിടെ നോക്കിയാലും കലയെ പരിഗണിക്കുന്നത് ഒരു ജനതയുടെ ആവിഷ്കാരമായാണ്. കല ജനവിഭാഗത്തിന്റെ സംസ്കാരത്തെ മുന്നോട്ട് നടത്തിക്കുന്നു. ചിന്തകളെ ഉണർത്തി പുരോഗതിക്ക് വേഗം കൂട്ടുന്നു. കലകളില്ലാത്ത സമൂഹത്തിൽ ചിന്താപരമായ ജഡത്വം സംഭവിക്കുന്നു. കലകൾ മനുഷ്യനോടൊപ്പം വളരുമ്പോൾ തിരിച്ച് മനുഷ്യനും അവന്റെ ചിന്തകളും കലയ്ക്കൊപ്പം വളരുക കൂടിയാണ്. അങ്ങനെ വരുമ്പോൾ മനുഷ്യജീവിതം തന്നെ അടിമുടി ഒരു കലയാണ്. പ്രകൃതിയെന്ന മാന്ത്രിക കലാരൂപത്തിന്റെ അനുരണനങ്ങളൊ, പ്രതിഫലനങ്ങളൊ ആണ് മനുഷ്യരിലെ കലകളും. അഭൗമതലത്തിലേക്ക് അവതാരകരെയും അനുവാചകനെയും കല സർഗശക്തിയാൽ ഉയർത്തുമ്പോൾ ജാതിമത ചിന്തകൾക്ക് അവിടെ എന്ത് പ്രസക്തി?
കേരളത്തിൽ എല്ലാ മതങ്ങൾക്കുമുണ്ട് അവരുടേതായ കലകൾ. കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ ചവിട്ടുനാടകവും മാർഗംകളിയും സുവിശേഷഗീതങ്ങളും രൂപപ്പെട്ടതുപോലെ മുസ്‌ലിങ്ങൾക്കിടയിലും കോൽക്കളി, അറബനമുട്ട്, ദഫ്, മാപ്പിളപ്പാട്ട്, സൂഫി സംഗീതം തുടങ്ങിയ കലാരൂപങ്ങളും പിറവിയെടുത്തിട്ടുണ്ട്.
കേരളത്തിന്റെ ഹെെന്ദവ സംസ്കൃതിയിൽ നിന്ന് തനത് കലാരൂപങ്ങളായ കൂടിയാട്ടം, ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, തെയ്യം, തിറ, പടയണി, കഥകളി, ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, സോപാന സംഗീതം, നാടൻപാട്ട് തുടങ്ങി വർണാഭമായ കലാരൂപങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഈ കലാരൂപങ്ങൾ ഇവിടെ ജനിച്ചുവളർന്നവർ പഠിക്കാൻ പാടില്ലായെന്ന് ശഠിക്കുന്നത് എന്ത് താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്? കേരളത്തിലെ മുസ്‌ലിം മതവിശ്വാസിയും ക്രിസ്ത്യാനികളുമൊന്നുംതന്നെ മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് കുടിയേറിവന്നവരല്ല. ചരിത്രത്തിന്റെ ചില സന്ദിഗ്ധ ഘട്ടങ്ങളിൽ മതം മാറിയവരുടെ പരമ്പരകൾ മാത്രമാണവർ. അപ്പോൾ അടിസ്ഥാനപരമായി ഇവരൊക്കെ ആരായിരുന്നുവെന്നും എന്തുകൊണ്ട് അവർ മാറിപ്പോയെന്നും കലാനിഷേധം നടത്തുന്നവർ ചിന്തിക്കണം. ഭാരതത്തിൽ ഓരോ കലയും ഈശ്വരാർച്ചനയായും സമർപ്പണവുമായാണ് പൗരാണിക കാലം മുതൽ പരിഗണിച്ചുപോന്നിട്ടുള്ളത്. കത്തിച്ച വിളക്കിനു മുന്നിൽ നടത്തുന്ന അർപ്പണമാണ് ഓരോ കലാവതരണവും. ഏറ്റവും വലിയ കലാകാരനായ പ്രപഞ്ച സ്രഷ്ടാവിന്റെ വാഴ്ത്തുകളാണ് ഓരോ കലാസൃഷ്ടിയും.
“അല്ലാഹുവിന്റെ വർണം നിങ്ങൾ സ്വീകരിക്കുക.
അല്ലാഹുവിനെക്കാൾ നന്നായി വർണം
നൽകുന്നവൻ ആരുണ്ട്. അവനെയാകുന്നു
ഞങ്ങൾ ആരാധിക്കുന്നത്. (ഖുർ ആൻ 2: 138)
എന്നാണ് സെമിറ്റിക് മതങ്ങൾ പോലും ഉദ്ഘോഷിക്കുന്നത്.
“ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും മുൻപിലുള്ള നിർണായക പ്രതിബന്ധം ജാതിവ്യവസ്ഥയാണെന്ന്” കാറൽ മാർക്സ് നിരീക്ഷിച്ചിട്ടുണ്ട്.
“മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തെയും ദ്വേഷിക്കരുത്” എന്നാണ് ശ്രീനാരായണഗുരു പഠിപ്പിക്കുന്നത്.
കോവിഡും ഗുരുക്കൻമാരും ദാർശനികരും നമ്മെ പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. കരിന്തിരി കത്തി ഒടുങ്ങാനുള്ളതാണാേ സമ്പൂർണ സാക്ഷര കേരളത്തിന്റെ നവോത്ഥാനം? കലാകാരികളുടെ വിലക്കിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്, തപസ്യ, കേരള യുക്തിവാദി സംഘം തുടങ്ങിയ സംഘടനകൾ രംഗത്തുവന്നത് ആശാവഹമാണ്.
മാറ്റൊലി
ഉസ്താദ് ബിസ്മില്ലാഖാന്റെ ഷഹനായിയിൽ നിന്നൊഴുകി വരുന്ന സംഗീതം കേട്ടുകൊണ്ടാണ് കാശി വിശ്വനാഥൻ ഉണർന്നിരുന്നത്. യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിമല അയ്യപ്പൻ ഉറങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.