മലയാള കഥാലോകത്ത് നൂതനസങ്കേതങ്ങൾ പരീക്ഷിച്ച മലയാള കഥാകാരനാണ് പി സി കുട്ടിക്കൃഷ്ണൻ എന്ന ഉറൂബ്. പറഞ്ഞുപോകുമ്പോൾ സഹൃദയരെ കൂടെക്കൊണ്ടുപോവുക അതായിരുന്നു ഉറൂബിന്റെ ശൈലി. സുഹൃത്തുക്കളുടെ നടുവിൽ നാലുംകൂട്ടി മുറുക്കി കയ്യും കലാശവും കാട്ടി സംസാരിക്കുന്ന വേളകളിൽ പോലും അദ്ദേഹത്തിൽ കവിതയുണ്ടായിരുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളെയും സ്വാനുഭവങ്ങളാക്കി മാറ്റി കഥയെഴുതാനുള്ള കഴിവാണ് ഉറൂബ്, തകഴി, ബഷീർ, പൊറ്റേക്കാട്ട് തുടങ്ങിയവരെ ജനപ്രിയ കഥാകാരന്മാരാക്കിയത്. ആശാനും വള്ളത്തോളും ഇടശേരിയും പിയുമൊക്കെ ജനപ്രിയ കവികളായി മാറിയത്.
കഥാസാഹിത്യത്തിൽ ഇദംപ്രഥമമായി ശക്തമരായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഉറൂബാണ്. ലളിതാംബികാ അന്തർജനത്തിന്റെയും കടത്തനാട് മാധവിയമ്മയുടെയും കഥാപാത്രങ്ങളെക്കാൾ ശക്തരായ കഥാപാത്രങ്ങളെ ഉറൂബ് സൃഷ്ടിച്ചു. അത് പ്രകടമായി കാണുന്നത് നോവലുകളിൽ ആണെങ്കിലും തുടക്കം ചെറുകഥകളിലാണ്. സർവേക്കല്ല് എന്ന കഥയിലെ കുഞ്ഞിത്തേയി ഒരു ഉദാഹരണം മാത്രം. അമ്മാവനും സ്വന്തം ഭർത്താവും തമ്മിലുള്ള അസംബന്ധ നാടകത്തിൽ അവളൊരു കാഴ്ചക്കാരിയായി നിന്നില്ല. അവൾ ജീവിതം അവസാനിപ്പിക്കാൻ പോകുന്നു എന്ന ഭീഷണിയാണ് ഈ അസംബന്ധ യുദ്ധത്തിന് വിരമമിട്ടത്. വളരെ ശക്തമായ കഥ. ഈ കഥ മലയാളത്തിലെ മികച്ച കഥകളിലൊന്നാണ്.
നീർച്ചാലുകൾ എന്ന ഉറൂബിന്റെ പ്രഥമകഥാസമാഹാരത്തിലെ ‘പൊന്നമ്മ’ എന്ന കഥയും ഹൃദയഹാരിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്നേഹത്തിലൂടെ സമൂഹം കല്പിച്ചുനല്കിയ ഒറ്റപ്പെടലിൽ നിന്നും രക്ഷതേടുന്ന ധാത്രി എന്ന സ്ത്രീയുടെ കഥയാണത്. അതേസമാഹാരത്തിലെ ‘കൊടുങ്കാറ്റ്’ എന്ന കഥയിൽ കടലിലെ പൊഴിമുറിക്കുന്നവരുടെ കഥ പറയുന്നു. അഴിമുഖത്ത് വന്നടിഞ്ഞ തിട്ട മുറിച്ച് പുഴയെ സ്വതന്ത്രയാക്കുക എന്നത് വല്ലാത്തൊരു സാഹസ കൃത്യം തന്നെയാണ്. അങ്ങനെയുണ്ടായ ഒരുതരത്തിൽപ്പെട്ട 25-ഓളം പേരെ രക്ഷിച്ച കഥയാമിത്. രോമാഞ്ചജനകമായ കഥ.
ഉറൂബിന്റെ കഥകൾ വൈവിധ്യം നിറഞ്ഞതാണ്. കഥകൾ പലവിധത്തിൽ പറയുകയല്ല, പറയുന്നതിൽ പുതുമവേണമെന്ന് നിഷ്കർഷിച്ച ആളാണ് അദ്ദേഹം. തന്റെ നീലഗിരി വാസത്തിന്റെ പശ്ചാത്തലത്തിൽ കുറെ കഥകൾ അദ്ദേഹം എഴുതി. അതിലൊന്നാണ് നനഞ്ഞ ഒരു രാത്രി (വെളുത്തകുട്ടി). അടിമത്തത്തിൽ നിന്നും ഓടിപ്പോയി രക്ഷപ്പെടാനുള്ള വാഞ്ഛ ഒരു ചെറുപ്പക്കാരിയെ എത്തിച്ച ദുരന്തമാണ് ഇതിവൃത്തം. നായകകൻ കഥാകൃത്ത് തന്നെയാണ്.
വാടകവീടുകൾ, സ്ത്രീയെ ഭംഗിയായും തീക്ഷ്ണമായും അവതരിപ്പിച്ചിരിക്കുന്നു. വളരെ വ്യത്യസ്തമായ കഥയാണ് സഖറിയാസ് എന്ന പുണ്യവാളന്റെ കഥ. നന്മയും തിന്മയും ഒരേ സമയം കുടികൊള്ളുന്ന എന്ന അറിവാണ് ഈ കഥ. ഉറൂബിന്റെ ഏതാനും കഥകൾ ഒന്നുപറഞ്ഞുപോയി എന്നു മാത്രം. ഉറൂബിന്റെ പല കഥകളും അവയെഴുതിയ കാലത്ത് ജീവിച്ചിരുന്ന കഥാപാത്രത്തെയും സംഭവങ്ങളെയും അവലംബിച്ചായിരുന്നു. അതേറെയും പൊന്നാനിയുടെ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന വ്യക്തികളും. ഇടശേരി, അക്കിത്തം, ടി ഗോപാലക്കുറുപ്പ്, എം ഗോവിന്ദനും എം വി ദേവനുമൊക്കെയുണ്ടവരിൽ. ഉറൂബ് തന്നെ കഥാപാത്രമായ കഥകളുണ്ട്. ‘പതിനാലാമത്തെ മെമ്പർ’ (മൗലവി ചങ്ങാതിമാരും) എന്ന കഥയെടുത്താലും പ്രകാശം പൊഴിക്കുന്ന ഒരു മഹദ് വ്യക്തിയെ കഥയിൽ കാണാം. അതിനാൽ ഓരോ കഥയും മഹത്താകുന്നു.
പൊന്നാനി കളരിയാണ് അദ്ദേഹത്തിന്റെ നിലപാട് തറ. ജോലി അന്വേഷിച്ച് വയനാട് നീലഗിരി തോട്ടങ്ങളിലും ആകാശവാണിയിലും കുങ്കുമത്തിലും മലയാളമനോരമയിലും ഒക്കെ പ്രവത്തിച്ചപ്പോഴും ഉറൂബിന് ആത്മബന്ധം കൂടുതൽ പൊന്നാനിയോടായിരുന്നു. അനുഭവസമ്പത്ത് ആ കഥകൾക്ക് കൂടുതൽ മിഴിവേകുന്നു. ഓരോ കഥകളും ഓരോ കാലഘട്ടത്തിന്റെ സ്മരണ ഉണർത്തുന്നവയാണ്. കഥകൾ ഓരോന്നും വായിച്ചു കഴിയുമ്പോഴും ആ കഥാപാത്രങ്ങൾ നമ്മെ പിന്തുടരുന്നു. വെറുതെ പറഞ്ഞുപോവുകയല്ല അനുഭവിപ്പിക്കുകയാണ് ഉറൂബ് ചെയ്തത്.
ഏറനാട് ഭൂപ്രദേശങ്ങൾ, അസ്തമിച്ചു തുടങ്ങിയ തറവാടുകൾ എന്നുവേണ്ട ഒരു നൂറു വർഷം മുമ്പത്തെ വള്ളവനാടൻ സാമ്പത്തിക സാമൂഹിക ചിത്രം ഉറൂബിന്റെ കൃതികളിൽ നിന്ന് സഹൃദയർക്ക് ലഭിക്കും. വല്ലാത്ത കവിതാഭ്രമവുമായി നടന്ന ഉറൂബിനെ കഥ എഴുത്തിലേക്ക് വഴിതിരിച്ചുവിട്ടത് മഹാകവി ഇടശേരി ഗോവിന്ദൻ നായരാണ്. വിശാലമായ ജീവിതത്തെ ചിത്രീകരിക്കാൻ കവിതയ്ക്ക് ആവില്ലെന്ന് മനസിലാക്കിയ അദ്ദേഹം കവിയുടെ ഉപദേശം സ്വീകരിച്ചു. ഉറൂബിനെ നന്നായി പഠിക്കാൻ ആഗ്രഹിക്കുന്നവർ അദ്ദേഹത്തിന്റെ കഥകൾ ആദ്യം വായിക്കുകയാണ് വേണ്ടത്.
ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ നോവലുകളാണ് ഉറൂബിന്റെ ശ്രേഷ്ഠ കൃതികളായി കരുതപ്പെടുന്നത്. 1958ലെ ആദ്യ കേരള സാഹിത്യ പുരസ്കാരവും (ഉമ്മാച്ചു), 1960ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി.
സ്ത്രീകളുടെ മാനസിക വ്യാപാരങ്ങളെ അഗാധമായ ഉൾക്കാഴ്ചയോടെ ചിത്രീകരിക്കുന്ന ഉറൂബിന്റെ നോവലാണ് ഉമ്മാച്ചു. ഡച്ചുകാർ അടിമയാക്കിപ്പിടിച്ച് അടിമയാക്കി പിടിച്ച ജാതിഭ്രഷ്ട് കല്പിച്ച ഒരു നായർ പെൺകിടാവിനെ വിമോചിപ്പിക്കാനുള്ള ധീരത മാത്രമേ വേണ്ടിവന്നുള്ളു കാട്ടറബിക്ക് തന്റെ നല്ല പകുതിയെ തെരഞ്ഞെടുക്കാൻ. വെള്ളിക്കോൽ ബീരാനാകട്ടെ ചരിത്രകാരനായ അഹമ്മദുണ്ണിയെ തന്ത്രപ്രതിനിധിയായി നിശ്ചയിച്ച് ഉമ്മാച്ചുവിനെ തട്ടിയെടുത്ത്. രണ്ടു മനുഷ്യാത്മാക്കളെ കുരുതിയർപ്പിച്ച് മായൻ ഉമ്മാച്ചുവിനെ വിവാഹം കഴിച്ചു. അച്ഛനെയും അമ്മയെയും വിഗണിച്ച് ഗർഭിണിയായ ചിന്നമ്മ അബ്ദുവിനോടൊപ്പം ഇറങ്ങിപ്പോയി. ഇവരെ ചുറ്റിപ്പറ്റിക്കൊണ്ട് തുടർകഥ വികസിക്കുന്നു. മധ്യമലബാറിലെ മുസ്ലിം സാമൂഹ്യ ജീവിതത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുകയാണ് ഈ തുടർക്കഥകണ്ട് ഉറൂബ് ചെയ്തിരിക്കുന്നത്. ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു ഈ നോവലിലെ കഥാപാത്രങ്ങൾ. ജാളിത്യവും ശക്തിയും പുഞ്ചിരിയും കണ്ണുനീരും അത്ഭുതവും രസികത്വവും ഇവ ഉല്പാദിപ്പിക്കുന്ന സംഭവങ്ങളോട് ഒരു കവിക്കുള്ള വികാരവായ്പുമാണ് ഈ നോവലിന്റെ ജീവൻ.
മനുഷ്യകുലത്തിലെ സർവ സുന്ദരികൾക്കും സുന്ദരന്മാർക്കുമായി സമർപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള കേരള സമൂഹത്തിന്റെ അനുഭവങ്ങളാണ് ഈ നോവലിന് വിഷയീഭവിച്ചിരിക്കുന്നത്. ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യസമരം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ ചരിത്രപ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മലബാർ കേന്ദ്രമാക്കി കേരളത്തിലെ രാഷ്ട്രീയ‑സാമൂഹിക കുടുംബ ജീവിത പരിണാമങ്ങൾ അനവധി വ്യക്തിജീവിത കഥകളിലൂടെ പ്രതിഫലിക്കുന്ന ഒരു ക്രോണിക്കിൾ ആണ് സുന്ദരികളും സുന്ദരന്മാരും എന്നാണ് പ്രൊഫ. എം അച്യുതന്റെ നിരീക്ഷണം. ഏഴ് ഖണ്ഡങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങളുടെയും ജീവിതസന്ദർഭങ്ങളുടെയും ആകെത്തുകയാണ് ഈ നോവൽ. ഇരുമ്പൻ ഗോവിന്ദൻ നായർ / സുലൈമാൻ, വിശ്വം, കാർത്തികേയൻ, കുഞ്ഞിരാമൻ, ഗോപിക്കുറുപ്പ്, വേലുനായർ, ലക്ഷ്മിക്കുട്ടി, ശാന്ത, രാധ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഈ നോവലിലെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന കഥാപാത്രങ്ങളാണ്. ആമിന (1948), കുഞ്ഞമ്മയും കൂട്ടുകാരും (1952), മിണ്ടാപ്പെണ്ണ് (1954), ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958), ചുഴിക്ക് പിന്നിൽ ചുഴി (1967), അണിയറ (1968), അമ്മിണി (1972), കരിവേലക്കുന്ന് ഇടനാഴികൾ (അപൂർണം).
ഉറൂബിന്റെ നാടകങ്ങളും തീക്ഷ്ണാനുഭവങ്ങൾ സഹൃദയർക്ക് പകർന്നവയാണ്. 1962 ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘തീകൊണ്ട് കളിക്കരുത്’ എന്ന നാടകം എം ഗോവിന്ദന്റെ ‘നീ മനുഷ്യനെ കൊല്ലരുത്’ എന്നതിനൊപ്പം മികച്ച യുദ്ധവിരുദ്ധ നാടകമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മറ്റ് നാടകങ്ങളാണ് മണ്ണും പെണ്ണും, മിസ് ചിന്നുവും, ലേഡി ചാനുവും. നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാൾ എന്നിവയാണ് കവിതാസമാഹാരങ്ങള്‍. ഉറൂബിന്റെ ശനിയാഴ്ചകൾ (ഉപന്യാസം) എന്നിവയാണ് ഇതര കൃതികൾ.
മലയാള ചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിലിന്റെ (1954) തിരക്കഥ ഉറൂബിന്റേതാണ്. തുടര്‍ന്ന് രാരിച്ചൻ എന്ന പൗരൻ (1956), നായരുപിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), ഉമ്മാച്ചു (1971), അണിയറ (1978), ത്രിസന്ധ്യ (1970) എന്നീ ചിത്രങ്ങളുടെയും തിരക്കഥയും അദ്ദേഹം നിർവഹിച്ചു. അങ്ങനെ മലയാള സിനിമാലോകത്തും തന്റെ സ്ഥാനം അവിസ്മരണീയമാക്കി മാറ്റി.
“യൗവനം നശിക്കാത്തവൻ എന്നാണ് ഉറൂബ് എന്ന അറബി വാക്കിനർത്ഥം”. ആ പേര് അന്വർത്ഥമാക്കി ഇന്നും മലയാള സാഹിത്യനഭസിൽ ഒരു വെള്ളിനക്ഷത്രമായി ശോഭയോടെ അദ്ദേഹം ഇന്നും ജ്വലിച്ചു നിൽക്കുന്നു. അതുകൊണ്ടുതന്നെ ആണ്ടിലൊരിക്കല്‍ വന്നുചേരുന്നു ഈ ദിവസം മാത്രം ഓര്‍ക്കേണ്ട ഒരാളാവുന്നില്ല മലയാളത്തിന്റെ പ്രിയപ്പെട്ട ഉറൂബ്.
English Sammury: Remembering Urub, Article by Rakesh Nandhanam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.